രണ്ട് ഇന്നിങ്സിലും കേരളത്തെ തകർത്തത് കരുൺ എന്ന വൻമതിൽ; ക്യാച്ച് വിട്ടുകളഞ്ഞത് വിനയായി

10 months ago 8

രഞ്ജി ട്രോഫി നാലാംദിനത്തിൽ കേരളത്തിന്റെ പ്രതീക്ഷകളെ തടഞ്ഞുനിർത്തിയത് മലയാളിയായ കരുൺ നായരുടെ ബാറ്റിങ്. നാലാമനായിറങ്ങിയ കരുൺ കേരള ബൗളർമാരെ തീർത്തും നിരാശരാക്കി പുറത്താകാതെ 372 മിനിറ്റാണ് ക്രീസിൽനിന്നത്. 280 പന്ത് നേരിട്ട് 10 ഫോറും രണ്ട് സിക്സുമുൾപ്പെടെയാണ് 132 റൺസ് നേടിയത്. രഞ്ജി ട്രോഫി ഫൈനലിലെ കരുണിന്റെ രണ്ടാം സെഞ്ചുറിയാണിത്. ആറുബൗളർമാരെ മാറിമാറി പരീക്ഷിച്ചിട്ടും കരുണിനെ പുറത്താക്കാൻ കേരളത്തിനായില്ല.

ഫൈനലിൽ രണ്ടിന്നിങ്സിലും വിദർഭയുടെ രക്ഷകനായതും ഈ മലയാളി താരമാണ്. ആദ്യ ഇന്നിങ്സിൽ 86 റൺസ് നേടിയ കരുൺ റൺ ഔട്ട് ആവുകയായിരുന്നു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 8000 റൺസെന്ന നാഴികക്കല്ലും ഇതിനിടെ പിന്നിട്ടു. കഴിഞ്ഞ സീസൺവരെ കർണാടകയ്ക്ക് കളിച്ചിരുന്ന കരുൺ, ഈ വർഷമാണ് വിദർഭാ ടീമിലെത്തിയത്. കർണാടകവിട്ട കരുൺ, കേരളത്തിനായി കളിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാൽ, കേരള ക്രിക്കറ്റ് അസോസിയേഷൻ ഇക്കാര്യത്തിൽ താത്‌പര്യം കാണിച്ചില്ല. തുടർന്നാണ് വിദർഭയിലേക്കുമാറിയത്.

ഒൻപത് എണ്ണി ആഘോഷം

ഗാലറിക്കുനേരേ വിരലുകളുയർത്തി ഒൻപത് എന്ന സംഖ്യ കാണിച്ചാണ് കേരളത്തിനെതിരായ സെഞ്ചുറിനേട്ടം മലയാളിയായ കരുൺ നായർ ആഘോഷിച്ചത്. ഈ സീസണിൽ ആഭ്യന്തര ക്രിക്കറ്റിൽ ഒൻപത് സെഞ്ചുറി നേടിയത് സെലക്ടർമാർ തിരിച്ചറിയണമെന്ന സൂചനയാണ് ഇതിലൂടെ നൽകിയത്.

രഞ്ജി ട്രോഫിയിൽ നാലും വിജയ് ഹസാരെയിൽ അഞ്ചും തവണയാണ് കരുൺ 100 കടന്നത്. രഞ്ജിയിൽമാത്രം ഈ സീസണിൽ 860 റൺസാണ് അടിച്ചെടുത്തത്.

‘‘മുഴുവൻദിവസവും ബാറ്റുചെയ്യണമെന്ന ലക്ഷ്യത്തിലാണ് ക്രീസിലെത്തിയത്. ഡാനിഷുമായുള്ള സഖ്യം ടീമിന് ഗുണംചെയ്തു.’’ -കരുൺ നായർ.

അതിനിടെ കരുൺനായരെ പുറത്താക്കി മത്സരത്തിന്റെ ഗതിതന്നെ മാറ്റിമറിക്കാവുന്ന മികച്ച അവസരമാണ് 19-ാം ഓവറിൽ അക്ഷയ് ചന്ദ്രൻ വിട്ടുകളഞ്ഞത്. ഏദൻ ആപ്പിൾ ടോം എറിഞ്ഞ ഓഫ് സ്റ്റമ്പിന് പുറത്തുപോയ ഷോർട്ട് ലെങ്ത് ബോൾ കരുണിന്റെ ബാറ്റിൽ തട്ടി ഉയർന്ന് ഫസ്റ്റ് സ്ളിപ്പിൽ അക്ഷയ് ചന്ദ്രന് നേർക്ക്. എന്നാൽ, രണ്ടു കൈകളും മുഖത്തിന് എതിരെ പിടിച്ച് ‘ഓസീ സ്‌റ്റൈൽ’ ക്യാച്ച് എടുക്കാനുള്ള അക്ഷയ് ചന്ദ്രന്റെ ശ്രമം പാളി. പന്ത് കൈയിൽനിന്ന് വഴുതി. അപ്പോൾ വിദർഭയുടെ സ്കോർ 2-ന് 55. കരുൺനായരുടെ വ്യക്തിഗത സ്കോർ 31. ആദ്യ ഓവറുകളിൽ രണ്ടു വിക്കറ്റ് നഷ്ടമായി പ്രതിരോധത്തിലായ വിദർഭയെ മത്സരത്തിലേക്ക്‌ തിരിച്ചുകൊണ്ടുവന്ന കരുൺ നായർ - ഡാനിഷ് മലേവാർ സഖ്യത്തെ തകർക്കാനുള്ള സുവർണാവസരംകൂടിയായിരുന്നു അക്ഷയ് ചന്ദ്രൻ നഷ്ടപ്പെടുത്തിയത്. പിന്നീട് 38-ാം ഓവറിൽ എൽ.ബി.ഡബ്ള്യു. അപ്പീലിനെയും ഡി.ആർ.എസി.നെയും കരുൺ നായർ അതിജീവിച്ചു.

Content Highlights: ranji trophy cricket karun nair

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article