05 July 2025, 11:50 PM IST

ബയേൺ പിഎസ്ജി മത്സരത്തിനിടെ | AP
ഫിലാഡൽഫിയ: ക്ലബ് ലോകകപ്പിൽ പിഎസ്ജി സെമിയിൽ. ക്വാർട്ടറിൽ കരുത്തരായ ബയേൺ മ്യൂണിക്കിനെ തോൽപിച്ചാണ് പിഎസ്ജി സെമിയിലെത്തിയത്. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്കാണ് ഫ്രഞ്ച് വമ്പന്മാരുടെ ജയം. മത്സരത്തിൻ്റെ അവസാനം രണ്ട് പിഎസ്ജി താരങ്ങൾ ചുവപ്പ് കാർഡ് കിട്ടി പുറത്തുപോയെങ്കിലും ബയേണിന് തിരിച്ചടിക്കാനായില്ല.
ആക്രമണ പ്രത്യാക്രമണങ്ങൾ നിറഞ്ഞതായിരുന്നു മത്സരം. തുടക്കം മുതൽ ഇരുടീമുകളും മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യപകുതിയിൽ ലക്ഷ്യം കാണാനായില്ല. അതോടെ ഗോൾ രഹിതമായിരുന്നു ആദ്യ പകുതി. ബയേൺ മുന്നേറ്റ താരം ജമാൽ മുസിയാല ഗുരുതരമായി പരുക്കേറ്റ് പുറത്തായത് ജർമൻ വമ്പൻമാർക്ക് തിരിച്ചടിയായി.
രണ്ടാം പകുതിയിൽ 78-ാം മിനിറ്റിലാണ് പിഎസ്ജി ആദ്യ ഗോൾ കണ്ടെത്തുന്നത്. ദെസിരെ ദൗവെ ആണ് വലകുലുക്കിയത്. പിന്നാലെ 82 -ാം മിനിറ്റിൽ പിഎസ്ജി താരം വില്യം പാച്ചോ ചുവപ്പ് കാർഡ് കിട്ടി പുറത്തായി. ഇഞ്ചുറി ടൈമിൽ ലൂക്കാസ് ഹെർണാണ്ടസും ചുവപ്പ് കിട്ടിയതോടെ പിഎസ്ജി പ്രതിരോധത്തിലായി. ബയേൺ തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും പിഎസ്ജി പ്രതിരോധം ഉറച്ചുനിന്നു. പിന്നാലെ ഉസ്മാൻ ഡെമ്പലെയും വലകുലുക്കിയതോടെ പിഎസ്ജി സെമി ടിക്കറ്റെടുത്തു.
അതേസമയം ക്ലബ്ബ് ലോകകപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയും ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സും നേരത്തേ സെമിയിലെത്തിയിരുന്നു .ബ്രസീലിയന്‍ ക്ലബ്ബ് പാല്‍മിറാസിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് ചെല്‍സി സെമിയിലെത്തിയത്. സൗദി ക്ലബ്ബ് അല്‍ ഹിലാലിനെ കീഴടക്കിയാണ് ബ്രസീലിയന്‍ ക്ലബ്ബ് ഫ്‌ളുമിനെന്‍സ് സെമിയിലെത്തിയത്. ഫ്‌ളോറിഡയിലെ ഓര്‍ലാന്‍ഡോയില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കായിരുന്നു ഫ്‌ളുമിനെന്‍സിന്റെ ജയം.
Content Highlights: fifa nine satellite cupful bayern vs psg








English (US) ·