രസികന്‍ സൗഹൃദക്കഥ, ഇമ്പമുള്ള പ്രണയചിത്രം; സസ്‌പെന്‍സും ആക്ഷനും വേറെ | Maine Pyar Kiya review

4 months ago 6

maine-pyar-kiya

'മേനേ പ്യാർ കിയ'യുടെ പോസ്റ്റർ

ഓണക്കാലത്ത് പ്രിയപ്പെട്ടവരുമൊന്നിച്ചിരുന്ന് കാണാന്‍ പറ്റിയ സിനിമയാണ് 'മേനേ പ്യാര്‍ കിയ'. സിനിമയുടെ പേര് പോലെ പ്രണയമാണ് ഈ ചിത്രം പ്രതിപാദിച്ചു തുടങ്ങുന്നത്. ഏറ്റവുമടുത്ത സുഹൃത്തുക്കളായ ഉണ്ണിക്കുളമെന്ന ഗ്രാമത്തിലെ ചില ചെറുപ്പക്കാരും അവരുടെ ജീവിതത്തിലെ വഴിത്തിരിവുകളും പോരാട്ടവുമാണ് സിനിമയില്‍. സമാന്തരമായി കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗുണ്ടാസംഘങ്ങളേയും അവര്‍ക്കിടയിലെ പോരും പകയും കടന്നുവരുന്നു.

ഉണ്ണിക്കുളത്തെ ഫുട്‌ബോളിനെ സ്‌നേഹിക്കുന്ന ഒരുകൂട്ടം ചെറുപ്പക്കാരില്‍ ഒരാളാണ് ആര്യന്‍. ചിത്രത്തിലെ നായകകഥാപാത്രമെന്ന് പറയാം. ഹൃദു ഹാറൂണ്‍ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. കോളേജ് പഠനംമുടങ്ങിയതില്‍ വിഷണ്ണനായി ഭാവിയെ കുറിച്ച് അൽപമൊക്കെ ആശങ്കയുള്ള ആര്യന് സുഹൃത്തുക്കളാണ് എല്ലാം. അവരുടെ രസകരമായ ഒരുപാട് മുഹൂര്‍ത്തങ്ങള്‍ ചിത്രത്തിലുണ്ട്. കൂട്ടുകാര്‍ക്കൊപ്പമുള്ള നല്ല ദിവസങ്ങള്‍ കടന്നുപോകവെയാണ് കോളേജ് വിദ്യാര്‍ഥിനിയായ നിധിയുമായി അയാള്‍ പ്രണയത്തിലാകുന്നത്. നിധിയായി വേഷമിട്ട പ്രീതി മുകുന്ദനും ഹൃദു ഹാറൂണും സിനിമയൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്.

തമിഴ്‌നാട്ടുകാരിയായ നിധിയെ സ്‌നേഹിക്കുന്ന ആര്യന് ഒരു പ്രണയിയാവാനുള്ള ധൈര്യം പകരുന്നത് സുഹൃത്തുക്കളാണ്. അവരില്‍ ചിലരുടെ പ്രണയവും കഥയില്‍ കടന്നുവരുന്നുണ്ട്. പ്രണയത്തിനായി പൊരുതുന്നവരേയും പ്രണയം പാതിവഴിയില്‍ ഉപേക്ഷിക്കുന്നവരെയും മാത്രമല്ല ഒരിക്കലും സ്വന്തമായില്ലെങ്കിലും അകമഴിഞ്ഞ് പരസ്പരം സ്‌നേഹിക്കുകയും പരസ്പര ബഹുമാനത്തോടെ വിട്ടുപിരിയുകയും ചെയ്യുന്ന കഥാപാത്രങ്ങളേയും ഈ ചിത്രത്തില്‍ കാണാം.

ആര്യന്റെ സ്‌നേഹബന്ധത്തെ ചിത്രീകരിക്കുന്നതോടൊപ്പം അയാളുടെ ആരോഗ്യകരമായ കുടുംബാന്തരീക്ഷത്തെ പ്രാധാന്യത്തോടെ സിനിമ പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്നു. പ്രണയത്തെ സമൂഹം എങ്ങനെ നോക്കിക്കാണുന്നുവെന്നും സദാചാര ഗുണ്ടായിസം ഉയര്‍ത്തുന്ന ഭീഷണിയും ഈ ചിത്രം ചൂണ്ടിക്കാണിക്കുന്നുണ്ട്. കുടുംബജീവിതത്തെ കുറിച്ചും പാരന്റിങ്ങിനെ കുറിച്ചും ഗൗരവമേറിയ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ചിത്രംകൂടിയാണ്.

സ്പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു ഉണ്ണിത്താന്‍ നിര്‍മിച്ച് നവാഗതനായ ഫൈസല്‍ ഫസലുദ്ദീന്‍ എഴുതി സംവിധാനം ചെയ്ത 'മേനേ പ്യാര്‍ കിയ'യിലെ ഗാനങ്ങള്‍ പലതും നേരത്തേ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇലക്ട്രോണിക് കിളിയുടെ മനോഹരമായ ഈണങ്ങള്‍ ചിത്രത്തിന്റെ കഥാസന്ദര്‍ഭങ്ങളെ പ്രത്യേകിച്ചും പ്രണയം, സൗഹൃദം എന്നിവയടങ്ങിയ ഭാഗങ്ങളെ മികവുറ്റതാക്കിയിട്ടുണ്ട്. കഥതുടരുമ്പോള്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് കാമിയോ റോളും പ്രത്യക്ഷപ്പെടുന്നുണ്ട്.

അസ്‌കര്‍ അലി, മിദൂട്ടി, അര്‍ജുന്‍, ശ്രീകാന്ത് വെട്ടിയാര്‍, റെഡിന്‍ കിംഗ്സ്ലി, തൃക്കണ്ണൻ, ജിയോ ബേബി, മൈം ഗോപി, ബോക്സര്‍ ദീന, ജീവിന്‍ റെക്സ, ബിബിന്‍ പെരുമ്പിള്ളി, ജെറോം, മുസ്തഫ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ഫൈസല്‍ ഫസലുദ്ദീന്‍, ബില്‍കെഫ്സല്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ തിരക്കഥ റൊമാന്റിക്-കോമഡി ട്രാക്കിലൂടെ സഞ്ചരിക്കുകയും പിന്നീട് ത്രില്ലറിലേക്ക് വഴിമാറുകയും ചെയ്യുന്നു. ഡോണ്‍പോള്‍ പി.യുടെ ക്യാമറാ ചലനങ്ങളിലൂടെ ആക്ഷന്‍സീനുകളെയടക്കം കൈയൊതുക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട്.

കണ്ണന്‍ മോഹന്റെ എഡിങ്ങും രംഗനാഥ് രവിയുടെ സൗണ്ട് ഡിസൈനും മിഹ്റാജ് ഖാലിദിന്റെ പശ്ചാത്തലസംഗീതവുമെല്ലാം എടുത്തുപറയേണ്ടതാണ്. സിനിമ ത്രില്ലര്‍ ട്രാക്കിലേക്ക് മാറുമ്പോള്‍ ആവേശഭരിതമായ ആക്ഷന്‍ രംഗങ്ങളാണ് കാണാനാവുക. കലൈ കിങ്സണാണ് സംഘട്ടനം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlights: Movie reappraisal of 'Maine pyar kiya'

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article