Published: April 30 , 2025 10:26 AM IST
2 minute Read
ന്യൂഡൽഹി ∙ ഇന്ത്യൻ പ്രിമിയർ ലീഗിൽ (ഐപിഎൽ) ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ അജിൻക്യ രഹാനെയ്ക്ക് പരുക്കേറ്റതോടെ നായകസ്ഥാനം ഏറ്റെടുത്ത സുനിൽ നരെയ്ൻ, ഡൽഹി ക്യാപിറ്റൽസിനെതിരായ ആവേശപ്പോരാട്ടത്തിൽ ഒറ്റയാൾ പോരാട്ടത്തിലൂടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് സമ്മാനിച്ചത് ആവേശ ജയം. മത്സരത്തിൽ കൊൽക്കത്ത ഉയർത്തിയ വിജയലക്ഷ്യത്തിലേക്ക് ഡൽഹി വിജയകരമായി മുന്നേറുന്നതിനിടെയാണ് ഫീൽഡിങ്ങിനിടെ പരുക്കേറ്റ് രഹാനെ കളം വിട്ടത്. തുടർന്ന് ടീമിനെ നയിച്ച നരെയ്ൻ, ഇനിയും കൈമോശം വരാത്ത തന്റെ സ്പിൻ മാജിക്കിലൂടെ ടീമിന് അപ്രതീക്ഷിത വിജയം സമ്മാനിച്ചു. വരുൺ ചക്രവർത്തിയുടെ പിന്തുണ കൂടിയായതോടെ എല്ലാം ശുഭം.
ബാറ്റർമാരിൽ ഒരാൾ പോലും അർധ സെഞ്ചറി നേടാതിരുന്നിട്ടും 204 റൺസുയർത്തിയ കൊൽക്കത്തയ്ക്കെതിരെ ഡൽഹി ക്യാപിറ്റൽസിന്റെ മറുപടി 190 റൺസിൽ അവസാനിക്കുകയായിരുന്നു. ഇതോടെ ഹോം ഗ്രൗണ്ടായിട്ടും കൊൽക്കത്തയ്‍ക്കെതിരെ ഡൽഹിക്ക് 14 റൺസ് തോൽവി. ഓപ്പണർ ഫാഫ് ഡുപ്ലെസിയുടെയും (45 പന്തിൽ 62) അക്ഷർ പട്ടേലിന്റെയും (23 പന്തിൽ 43) പോരാട്ട മികവിൽ ചേസിങ് തുടർന്ന ഡൽഹിക്ക് ഡെത്ത് ഓവറിൽ ആളിക്കത്തിയ വിപ്രജ് നിഗവും (19 പന്തിൽ 38) നേരിയ പ്രതീക്ഷ നൽകിയിരുന്നു. എന്നാൽ അവസാന ഓവറിൽ 25 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം എത്തിപ്പിടിക്കാൻ ഡൽഹി വാലറ്റത്തിനായില്ല. ഓൾറൗണ്ട് മികവോടെ തിളങ്ങിയ (3 വിക്കറ്റ്, 27 റൺസ്) സുനിൽ നരെയ്ൻ പ്ലെയർ ഓഫ് ദ് മാച്ചുമായി.
ഡൽഹിയുടെ റൺചേസിങ്ങിനിടെ 12–ാം ഓവറിലാണ് രഹാനെ പരുക്കേറ്റ് തിരികെ കയറിയത്. ഫാഫ് ഡുപ്ലേസിയുടെ ഷോട്ട് തടുക്കാനുള്ള ശ്രമത്തിനിടെയാണ് രഹാനെയ്ക്ക് പരുക്കേറ്റത്. രഹാനെ മടങ്ങിയ ശേഷം നായകസ്ഥാനം ഏറ്റെടുത്ത നരെയ്ന്റെ പ്രധാന തീരുമാനം വരുൺ ചക്രവർത്തിയെ ബോളിങ്ങിലേക്ക് തിരികെ കൊണ്ടുവരിക എന്നതായിരുന്നു. ആദ്യ രണ്ട് ഓവറിൽ 22 റൺസ് വഴങ്ങി വിക്കറ്റൊന്നും ലഭിക്കാതെ ഉഴറിയ വരുൺ, 13–ാം ഓവറിൽ വഴങ്ങിയത് ഒൻപത് റണ‍്സ് മാത്രം. ഇതോടെ ഡൽഹി 13 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് എന്ന നിലയിലായി. ഏഴു വിക്കറ്റ് കയ്യിലിരിക്കെ ശേഷിക്കുന്ന 42 പന്തിൽനിന്ന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 75 റൺസ് മാത്രം. ക്രീസിൽ അക്ഷറും (37), ഡുപ്ലേസിയും (59).
തുടർന്ന് 14–ാം ഓവറിൽ നരെയ്ൻ തന്നെ പന്ത് കയ്യിലെടുത്തു. ആദ്യ പന്തിൽത്തന്നെ സിക്സറുമായാണ് അക്ഷർ വരവേറ്റതെങ്കിലും, കളി തിരിച്ച ഇരട്ട വിക്കറ്റ് നേട്ടവുമായിട്ടായിരുന്നു നരെയ്ന്റെ മറുപടി. രണ്ടാം പന്തിൽ അക്ഷറിനെ ഹർഷിത് റാണയുടെ കൈകളിലെത്തിച്ചായിരുന്നു ആദ്യ തിരിച്ചടി. 23 പന്തിൽ നാലു ഫോറും മൂന്നു സിക്സും സഹിതം 43 റൺസുമായി അക്ഷർ മടങ്ങി. അവസാന പന്തിൽ ട്രിസ്റ്റൻ സ്റ്റബ്സിനെയും (മൂന്നു പന്തിൽ ഒന്ന്) പുറത്താക്കി നരെയ്ൻ കൊൽക്കത്തയുടെ തിരിച്ചുവരവിന് കളമൊരുക്കി. പിന്നീട് 16–ാം ഓവറിലും പന്തെടുത്ത നരെയ്ൻ, രണ്ടാം പന്തിൽത്തന്നെ ഡുപ്ലേസിയെയും (45പന്തിൽ 62) പുറത്താക്കി കളി ഏറെക്കുറെ പൂർണമായിത്തന്നെ കൊൽക്കത്തയുടെ വരുതിയിലാക്കി. ഡെത്ത് ഓവറിൽ വിപ്‌രാജ് നിഗം (38) ഒറ്റയ്ക്കു പൊരുതിയപ്പോൾ മറ്റെല്ലാവരും സിംഗിൾ ഡിജിറ്റ് സ്കോറിൽ ഒതുങ്ങി.
നേരത്തേ ആംഗ്‌ക്രിഷ് രഘുവംശി (32 പന്തിൽ 44) ടോപ് സ്കോററായ കൊൽക്കത്ത ബാറ്റിങ്ങിൽ റിങ്കു സിങ് (25 പന്തിൽ 36), അജിൻക്യ രഹാനെ (14 പന്തിൽ 26), സുനിൽ നരെയ്ൻ (16 പന്തിൽ 27), റഹ്മാനുല്ല ഗുർബാസ് (12 പന്തിൽ 26) എന്നിവരും അവസരത്തിനൊത്തുയർന്നു. കൊൽക്കത്തയുടെ ടോപ് 4 ബാറ്റർമാരും ഒരു മത്സരത്തിൽ 25 റൺസിലധികം നേടുന്നത് ഈ സീസണിൽ ആദ്യമായാണ്.
English Summary:








English (US) ·