
സീമ ജി. നായർ, കലാഭവൻ നവാസ് | ഫോട്ടോ: സിദ്ദിഖുൽ അക്ബർ, വി.പി. പ്രവീൺകുമാർ| മാതൃഭൂമി
നടൻ കലാഭവൻ നവാസിന്റെ അപ്രതീക്ഷിത വിയോഗത്തിൽ വൈകാരികമായ പ്രതികരണവുമായി നടി സീമ ജി. നായർ. നവാസിന്റെ മരണം അദ്ദേഹത്തിന്റെ ഭാര്യ രഹ്ന എങ്ങനെ സഹിക്കുമെന്ന് അറിയില്ലെന്ന് അവർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ പറഞ്ഞു. അപ്രതീക്ഷിതമായ വിടവാങ്ങലുകൾ ജീവിതത്തിൽ നികത്താനാവാത്ത നഷ്ടങ്ങൾ ഉണ്ടാക്കുമ്പോൾ, ആ നഷ്ടത്തെ നികത്താൻ ഈശ്വരൻമാർക്കു പോലും സാധിക്കില്ലല്ലോ എന്നും അവർ അഭിപ്രായപ്പെട്ടു.
സീമ ജി. നായരുടെ കുറിപ്പ് ഇങ്ങനെ:
എന്റെ പേജിൽ ഒരു പോസ്റ്റിടുമ്പോൾ എന്റെ ഫോട്ടോ ആണല്ലോ ഇടേണ്ടത്.. അതുകൊണ്ടു മാത്രം ഈ ഫോട്ടോ ഇട്ട് എഴുതുന്നതെന്നു മാത്രം. രണ്ട് ദിവസങ്ങളായി മരണങ്ങളുടെ ഘോഷയാത്ര.. നവാസിൽ അത് തുടങ്ങി, നവാസിന്റെ മരണം അറിയുന്നത് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ.. അവസാനമായി ഒരു നോക്ക് കാണാൻ പറ്റില്ലല്ലോയെന്ന ദുഃഖം, മനസ്സിൽ മാറി മാറി വരുന്നത് രഹ്നയുടെയും നവാസിന്റെയും മുഖം.. രഹ്ന എങ്ങനെ ഇതിനെ അതിജീവിക്കും എന്നറിയില്ല..അത്രയ്ക്കും പാവം ഒരു കുട്ടി.
ഈ കഴിഞ്ഞ അമ്മയുടെ ജനറൽ ബോഡിയിലും, ഞാൻ അതുവഴി നടക്കുമ്പോൾ എന്റെ സ്വരത്തിൽ വിളിച്ചു കളിയാക്കും.. രണ്ട് ദിവസമായി ഉറങ്ങാനേ കഴിഞ്ഞിരുന്നില്ല.. അതുകഴിഞ്ഞപ്പോൾ മകൻ വിളിക്കുന്നു അവന്റെ ഒരു ഫ്രണ്ട് ആക്‌സിഡന്റായി മരണപ്പെട്ടു എന്ന്. അപ്പോൾ തന്നെ അറിയുന്നു കലാഭവൻ മണിച്ചേട്ടന്റെ സന്തത സഹചാരിയായിരുന്ന പ്രദീപ് മരിച്ചുന്നു.. ഇന്നലെ വൈകിട്ട് അറിയുന്നു സാനു മാഷ് അന്തരിച്ചു എന്ന്.. എല്ലാവരും അറിയുന്നവർ.. നമ്മുടെ കൂടെ എപ്പോളും യാത്ര ചെയ്യുന്ന ഒന്നേ ഉള്ളൂ. അത് ഓർക്കാപ്പുറത്തെത്തുന്ന, ഒരുപാട് ജീവിതങ്ങളെ ഉലയ്ക്കുന്ന, മനസ്സാക്ഷിയുടെ കണികപോലും ഇല്ലാത്ത, ദയാ ദാക്ഷിണ്യങ്ങൾ ഇല്ലാത്ത "മരണം "എന്ന് പേരിട്ടു വിളിക്കുന്ന രംഗബോധം ഇല്ലാത്ത കോമാളി..
ഇന്നലെ ഫിലിം കോൺക്ലേവ് തിരുവനന്തപുരത്ത് നടക്കുമ്പോഴും, കാണുന്നവർ എല്ലാം നവാസിനെ കുറിച്ചാണ് പറഞ്ഞത്.. അപ്രതീക്ഷിതമായ വിടവാങ്ങലുകൾ ജീവിതത്തിൽ നികത്താനാവാത്ത നഷ്ടങ്ങൾ ഉണ്ടാക്കുമ്പോൾ.. ആ നഷ്ടത്തെ നികത്താൻ ഈശ്വരൻമാർക്കു പോലും സാധിക്കില്ലല്ലോ.. ഒരു മുഖവും മനസ്സിൽ നിന്നും മായുന്നില്ല.
Content Highlights: Actress Seema G Nair expresses grief implicit Kalabhavan Navas`s untimely demise
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·