19 June 2025, 03:52 PM IST

ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ മോഹൻലാൽ | സ്ക്രീൻഗ്രാബ്
ശ്രീലങ്കയിൽ സിനിമാ ചിത്രീകരണത്തിനെത്തിയ മോഹൻലാലിന് വമ്പിച്ച സ്വീകരണംനൽകി അധികൃതർ. താരത്തിന്റെ സുഹൃത്തും വ്യവസായിയുമായ ഇഷാന്ത രത്നായകെയാണ് വീഡിയോ പങ്കുവെച്ചത്. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് മോഹൻലാലെത്തിയത്.
മമ്മൂട്ടിയും മുഖ്യവേഷത്തിലെത്തുന്ന സിനിമയുടെ എട്ടാമത്തെ ഷെഡ്യൂളിനുവേണ്ടിയാണ് മോഹൻലാൽ ശ്രീലങ്കയിലെത്തിയത്. മോഹൻലാലിനൊപ്പം കുഞ്ചാക്കോ ബോബനുമുണ്ടായിരുന്നു. ശ്രീലങ്കയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ മോഹൻലാലിന്റെ ആരാധകരുടെ യൂട്യൂബ് ചാനലും പുറത്തുവിട്ടിട്ടുണ്ട്.
പത്തുദിവസത്തെ ചിത്രീകരണമായിരിക്കും ഈ ഷെഡ്യൂളിലുണ്ടാവുകയെന്ന് മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. കഥ ആവശ്യപ്പെടുന്ന പശ്ചാത്തലമായതിനാലും ഷൂട്ടിങ് സൗഹൃദമായതിനാലുമാണ് ശ്രീലങ്ക തിരഞ്ഞെടുത്തത്. ഇത് അഭിനേതാക്കളായ തങ്ങൾക്കും പുതിയൊരനുഭവമാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാൽ, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ ദർശന രാജേന്ദ്രൻ തുടങ്ങിയവർ ഒരുമിക്കുന്ന രംഗങ്ങളാണ് എട്ടാമത്തെ ഷെഡ്യൂളിൽ ചിത്രീകരിക്കുക. നയൻതാര, സെറിൻ ഷിഹാബ്, രേവതി എന്നിവരും സിനിമയുടെ ഭാഗമായുണ്ട്.
മനുഷ് നന്ദനാണ് ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ ഛായാഗ്രാഹകന്‍. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറിൽ ആന്റോ ജോസഫ് ആണ് നിർമാണം. സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് കോ പ്രൊഡ്യൂസർമാർ. രാജേഷ് കൃഷ്ണയും സി.വി.സാരഥിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.
Content Highlights: Mohanlal receives a expansive invited successful Sri Lanka for his movie shoot





English (US) ·