Published: April 26 , 2025 01:26 PM IST
1 minute Read
ജയ്പൂർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനോടും തോറ്റതോടെ രാജസ്ഥാൻ റോയൽസ് പ്ലേ ഓഫ് കാണാതെ പുറത്താകലിന്റെ വക്കിലാണ്. സീസണിലെ ഏഴാം തോൽവി വഴങ്ങിയ രാജസ്ഥാൻ, ഒൻപതു മത്സരങ്ങളിൽനിന്ന് നാലു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്. ഇതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകളും ഏറക്കുറെ അവസാനിച്ചു. പക്ഷേ രാജസ്ഥാൻ ടൂർണമെന്റിൽനിന്നു പൂർണമായും പുറത്തായിട്ടില്ല. പ്ലേ ഓഫിൽ കടക്കാൻ ഇനിയും ചെറിയ സാധ്യത ബാക്കിയുണ്ട്.
പക്ഷേ അതിനായി അദ്ഭുതങ്ങൾ സംഭവിക്കേണ്ടിവരും. ഇനിയുള്ള അഞ്ചു മത്സരങ്ങളും രാജസ്ഥാൻ റോയൽസ് വലിയ മാര്‍ജിനിൽ വിജയിക്കണമെന്നതാണ് ആദ്യത്തെ കാര്യം. പക്ഷേ നിലവിലെ ടീമിന്റെ പ്രകടനം വിലയിരുത്തിയാൽ അത്ര എളുപ്പമല്ല കാര്യങ്ങൾ. അവസാന മൂന്നു പോരാട്ടങ്ങളിലും കയ്യിൽ കിട്ടിയ മത്സരങ്ങളാണ് രാജസ്ഥാൻ താരങ്ങൾ കൊണ്ടുപോയി കളഞ്ഞത്. ഇനി അഞ്ചു മത്സരങ്ങൾ ജയിച്ചാലും, 14 പോയിന്റ് നേടുന്ന മറ്റു ടീമുകളുടെ എണ്ണം മൂന്നിൽ കൂടരുത് എന്നതും സംഭവിക്കണം.
അങ്ങനെയെങ്കിൽ 14 പോയിന്റും മികച്ച നെറ്റ് റൺറേറ്റുമായി രാജസ്ഥാന് പ്ലേഓഫിലെത്താം. ഗുജറാത്ത് ടൈറ്റൻസ്, ഡൽഹി ക്യാപിറ്റൽസ്, റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ടീമുകൾക്ക് ഇപ്പോൾ തന്നെ 12 പോയിന്റുണ്ട്. ഈ ടീമുകൾക്ക് ഇനിയും അഞ്ച് മത്സരങ്ങൾ ബാക്കിയുണ്ട്. രണ്ടോ, അതിലധികമോ മത്സരങ്ങൾ ഈ ടീമുകൾ ജയിച്ചാലും രാജസ്ഥാൻ ടൂര്‍ണമെന്റിൽനിന്നു പുറത്താകും.
തിങ്കളാഴ്ച ഒന്നാം സ്ഥാനക്കാരായ ഗുജറാത്ത് ടൈറ്റൻസിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത പോരാട്ടം. ജയ്പൂരിലെ ഹോം ഗ്രൗണ്ടിലാണു മത്സരമെങ്കിലും ക്യാപ്റ്റൻ സഞ്ജു സാംസൺ കളിച്ചില്ലെങ്കിൽ ടീം കൂടുതൽ പ്രതിരോധത്തിലാകും. മേയ് ഒന്നിന് മുംബൈ ഇന്ത്യൻസിനെതിരെയും രാജസ്ഥാനു മത്സരമുണ്ട്. കൊൽക്കത്ത, ചെന്നൈ, പഞ്ചാബ് ടീമുകൾക്കെതിരെയാണ് അവസാന മൂന്നു പോരാട്ടങ്ങൾ.
English Summary:








English (US) ·