രാജസ്ഥാന്റെ ആദ്യ ജയത്തിനു പിന്നാലെ പരാഗിന് 12 ലക്ഷം രൂപ പിഴ ചുമത്തി ബിസിസിഐ; സഞ്ജു നായകസ്ഥാനത്തേക്ക് തിരിച്ചെത്തിയേക്കും

9 months ago 7

ഓൺലൈൻ ഡെസ്‌ക്

Published: March 31 , 2025 05:00 PM IST

1 minute Read

റിയാൻ പരാഗ് (ഫയൽ ചിത്രം)
റിയാൻ പരാഗ് (ഫയൽ ചിത്രം)

മുംബൈ∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിലെ ആദ്യ ജയം കുറിച്ചതിനു പിന്നാലെ, രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന് കനത്ത പിഴ ചുമത്തി ബിസിസിഐ. ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരം ജയിച്ചെങ്കിലും, നിശ്ചിത സമയത്ത് ഓവറുകൾ എറിഞ്ഞു തീർക്കാൻ വൈകിയതിനാണ് റിയാൻ പരാഗിന് 12 ലക്ഷം രൂപ പിഴ ചുമത്തിയത്. ഈ സീസണിൽ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ പിഴ ലഭിക്കുന്ന രണ്ടാമത്തെ ക്യാപ്റ്റനാണ് റിയാൻ പരാഗ്.

അതേസമയം, അടുത്ത മത്സരത്തോടെ രാജസ്ഥാൻ റോയൽസ് നായകനായി മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തുമെന്നാണ് റിപ്പോർട്ട്. സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലേക്കാണ് റിയാൻ പരാഗിനെ ക്യാപ്റ്റനായി പ്രഖ്യാപിച്ചത്. ഏപ്രിൽ അഞ്ചിന് ചണ്ഡിഗഡിൽ പഞ്ചാബ് കിങ്സിനെതിരെയാണ് രാജസ്ഥാന്റെ അടുത്ത മത്സരം.

മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ ആറു റൺസിന് തോൽപ്പിച്ചാണ് രാജസ്ഥാൻ റോയൽസ് സീസണിലെ ആദ്യ ജയം കുറിച്ചത്. ആദ്യം ബാറ്റു ചെയ്ത് രാജസ്ഥാൻ റോയൽസ് നിശ്ചിത 20 ഓവറിൽ ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തപ്പോൾ, ചെന്നൈയുടെ മറുപടി 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസിൽ അവസാനിച്ചു. സീസണിൽ മൂന്നു മത്സരങ്ങളിൽനിന്ന് ചെന്നൈ സൂപ്പർ കിങ്സിന്റെ രണ്ടാം തോൽവി കൂടിയായിരുന്നു ഇത്.

ഗുജറാത്ത് ടൈറ്റൻസിനെതിരെ ശനിയാഴ്ച നടന്ന മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ബോളിങ് പൂർത്തിയാക്കാത്തതിനാണ് മുംബൈ ക്യാപ്റ്റനായ ഹാർദിക് പാണ്ഡ്യയ്ക്ക് ബിസിസിഐ 12 ലക്ഷം രൂപ പിഴ വിധിച്ചത്. ഈ സീസണി‍ൽ ഓവർ നിരക്കിന്റെ പേരിൽ ശിക്ഷിക്കപ്പെടുന്ന ആദ്യ ക്യാപ്റ്റനും ഹാർദിക്കായിരുന്നു.

കഴിഞ്ഞ സീസണിൽ 3 തവണയാണ് മുംബൈ ഓവറുകൾ വൈകിപ്പിച്ചത്. 2 തവണ പിഴയടച്ച് രക്ഷപെട്ട മുംബൈ ക്യാപ്റ്റൻ സീസണിലെ അവസാന മത്സരത്തിലും ലംഘനം ആവർത്തിച്ചു. ഇതോടെ ഒരു മത്സരത്തിൽനിന്നു വിലക്കു നേരിട്ട ഹാർദിക്കിന് ഈ സീസണിലെ ആദ്യ മത്സരം നഷ്ടമാവുകയും ചെയ്തു. ശനിയാഴ്ച നടന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനോടു 36 റൺസിനാണ് മുംബൈ പരാജയപ്പെട്ടത്. ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനോട് നാലു വിക്കറ്റിനും തോറ്റ മുംബൈ ഇന്ത്യൻസ് നിലവിൽ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ്.

English Summary:

BCCI punishes Riyan Parag, slaps hefty good aft Rajasthan Royals breach IPL Code of Conduct during CSK win

Read Entire Article