Published: April 19 , 2025 10:19 AM IST
1 minute Read
ജയ്പൂർ∙ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണുമായി ഒരു പ്രശ്നവുമില്ലെന്നു പരിശീലകൻ രാഹുല്‍ ദ്രാവിഡ്. ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ സൂപ്പർ ഓവറില്‍ തോറ്റതോടെ ടീം മീറ്റിങ്ങിൽ പങ്കെടുക്കാതെ സഞ്ജു സാംസൺ മാറിനിന്നത് വന്‍ വിവാദമായിരുന്നു. രാഹുൽ ദ്രാവിഡ് ഉൾപ്പടെയുള്ളവർ താരങ്ങളോടു സംസാരിക്കുമ്പോള്‍ സഞ്ജു മാത്രം മാറി നിൽക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതിനു പിന്നാലെയാണ് രാഹുൽ ദ്രാവിഡ് നിലപാടു വ്യക്തമാക്കിയത്.
യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങളാണ് ഇതെന്നും എവിടെ നിന്നാണ് ഇത്തരം അഭ്യൂഹങ്ങൾ ഉണ്ടാകുന്നതെന്ന് അറിയില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി. ‘‘സഞ്ജുവും ഞാനും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ല. സഞ്ജു ടീമിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയാണ്. അദ്ദേഹം എല്ലാ തീരുമാനങ്ങളുടേയും ചർച്ചകളുടേയും ഭാഗമാണ്, ഒരിക്കലും മാറിനിന്നിട്ടില്ല. മത്സരങ്ങൾ തോൽക്കുമ്പോൾ, വിമർശനങ്ങൾ കേൾക്കും. പ്രകടനം മെച്ചപ്പെടുത്തുന്നതിലൂടെ അതു മാറ്റിയെടുക്കാം. പക്ഷേ ഇത്തരം അടിസ്ഥാനമില്ലാത്ത കാര്യങ്ങളിൽ ഒന്നും ചെയ്യാനില്ല.’’– ദ്രാവിഡ് വ്യക്തമാക്കി.
‘‘വിജയത്തിനായി രാജസ്ഥാന്‍ റോയൽസ് താരങ്ങളെല്ലാം കഠിനാധ്വാനം ചെയ്യുന്നുണ്ട്. അതെനിക്കു നന്നായി അറിയാം. മികച്ച പ്രകടനം നടത്താൻ സാധിച്ചില്ലെങ്കില്‍ താരങ്ങൾക്ക് എത്രത്തോളം വേദനിക്കുമെന്ന് ആളുകൾക്ക് ഇപ്പോഴും മനസ്സിലായിട്ടില്ല.’’– ദ്രാവിഡ് പ്രതികരിച്ചു. ഡൽഹി ക്യാപിറ്റൽസിനെതിരെ റിട്ടയേർഡ് ഹർട്ടായി മടങ്ങിയ സഞ്ജു ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ കളിക്കുമോയെന്ന് ഉറപ്പില്ല. താരത്തിന്റെ സ്കാനിങ് റിപ്പോർട്ടുകള്‍ പുറത്തുവന്ന ശേഷമായിരിക്കും കളിക്കുന്ന കാര്യം തീരുമാനിക്കുക.
English Summary:








English (US) ·