Published: March 27 , 2025 04:32 PM IST
1 minute Read
ഗുവാഹത്തി∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിൽ രാജസ്ഥാൻ റോയൽസ് തുടർച്ചയായ രണ്ടാം മത്സരവും തോറ്റതോടെ ക്യാപ്റ്റൻ റിയാൻ പരാഗിനെതിരെ വിമര്‍ശനം ശക്തമാകുന്നു. ബാറ്റിങ് നിരയുടെ നിരാശപ്പെടുത്തുന്ന പ്രകടനത്തോടൊപ്പം ബോളർമാരെ പരാഗ് ഉപയോഗിക്കുന്ന രീതിക്കെതിരെയും വിമർശനമുയർന്നുകഴിഞ്ഞു. ആദ്യ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോടും രണ്ടാമത്തെ കളിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോടുമാണു രാജസ്ഥാൻ തോറ്റത്.
രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണ് പരുക്കേറ്റതിനാൽ, താൽക്കാലിക ക്യാപ്റ്റന്റെ റോളിൽ റിയാൻ പരാഗാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്റെ ആദ്യ മൂന്നു മത്സരങ്ങളിൽ പരാഗായിരിക്കും ടീം ക്യാപ്റ്റൻ. വിരലിനു പരുക്കുള്ള സഞ്ജു സാംസണ് ഐപിഎല്ലിൽ വിക്കറ്റ് കീപ്പറാകാൻ ബിസിസിഐ അനുമതി നൽകിയിട്ടില്ല. ഇംപാക്ട് പ്ലേയറുടെ റോളിലാണ് സഞ്ജു സാംസൺ ആദ്യ രണ്ടു മത്സരങ്ങൾ കളിച്ചത്.
ചുമതലയേറ്റ ശേഷമുള്ള രണ്ടു മത്സരങ്ങളും തോൽക്കുന്ന രാജസ്ഥാന്റെ ആദ്യത്തെ ക്യാപ്റ്റനാണ് റിയാൻ പരാഗ്. നിലവിലെ ടീം ക്യാപ്റ്റൻ സഞ്ജു സാംസൺ ആദ്യമായി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്തപ്പോൾ ഒരു വിജയവും ഒരു തോൽവിയുമായിരുന്നു ആദ്യ മത്സരങ്ങളിലെ ഫലങ്ങൾ. പരാഗ് അപ്രതീക്ഷിതമായി ക്യാപ്റ്റൻ സ്ഥാനത്തു വന്നപ്പോൾ, ആദ്യ മത്സരത്തിൽ ഹൈദരാബാദ് 44 റൺസിനു വിജയിച്ചു. രണ്ടാം മത്സരത്തിൽ കൊല്‍ക്കത്ത എട്ടു വിക്കറ്റു വിജയവും സ്വന്തമാക്കി.
മാർച്ച് 30ന് ഗുവാഹത്തിയിൽ നടക്കുന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലും റിയാൻ പരാഗ് തന്നെ രാജസ്ഥാനെ നയിക്കും. ഏപ്രിൽ അഞ്ചിനു പഞ്ചാബിനെതിരായ പോരാട്ടത്തിലാകും സഞ്ജു സാംസൺ ക്യാപ്റ്റൻ സ്ഥാനത്തേക്കു തിരിച്ചെത്തുക. രാജസ്ഥാനെ കൂടുതല്‍ വിജയങ്ങളിലേക്കു നയിച്ചിട്ടുള്ള ക്യാപ്റ്റനാണ് സഞ്ജു. സഞ്ജുവിനു കീഴിൽ ടീം 31 വിജയങ്ങൾ സ്വന്തമാക്കി. 2022 ൽ രാജസ്ഥാനെ ഫൈനലിലെത്തിച്ചതും സഞ്ജുവായിരുന്നു.
English Summary:








English (US) ·