Published: April 25 , 2025 03:25 PM IST
1 minute Read
ബെംഗളൂരു∙ ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 18–ാം സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ദയനീയ പ്രകടനത്തിന്റെ മുഖ്യ കാരണം ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ അഭാവമാണെന്ന് തുറന്നടിച്ച് പേസ് ബോളർ സന്ദീപ് ശർമ. റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന് എതിരായ മത്സരത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് സന്ദീപ് ശർമയുടെ തുറന്നുപറച്ചിൽ. പരുക്കിനെ തുടർന്ന് കഴിഞ്ഞ രണ്ടു മത്സരങ്ങൾ സഞ്ജുവിന് നഷ്ടമായിരുന്നു. ഈ സാഹചര്യത്തിലാണ്, സഞ്ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ടെന്ന വെറ്ററൻ താരത്തിന്റെ തുറന്നുപറച്ചിൽ.
മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ബെംഗളൂരു വിരാട് കോലിയുടെയും ദേവ്‌ദത്ത് പടിക്കലിന്റെയും (27 പന്തിൽ 50) അർധ സെഞ്ചറികളുടെ മികവിൽ 205 റൺസെടുത്തപ്പോൾ യശസ്വി ജയ്സ്വാളിന്റെയും (49) ധ്രുവ് ജുറേലിന്റയും (47) ബാറ്റിങ് കരുത്തിൽ രാജസ്ഥാനും തിരിച്ചടിച്ചു. 12 പന്തിൽ 18 റൺസ് എന്ന നിലയിൽ ലക്ഷ്യം ചുരുക്കിയെങ്കിലും അവസാന നിമിഷം ബെംഗളൂരു പേസർമാർക്ക് മുൻപിൽ രാജസ്ഥാൻ തകർന്നുവീണു. അവസാന 2 ഓവറുകൾക്കിടെ 4 വിക്കറ്റ് നഷ്ടമാക്കിയ അവർക്കു നേടാനായത് വെറും 6 റൺസ് മാത്രം. സീസണിൽ രാജസ്ഥാന്റെ തുടർച്ചയായ അഞ്ചാം തോൽവിയാണിത്. ഐപിഎൽ ചരിത്രത്തിൽ ഇത്രയും മത്സരങ്ങൾ രാജസ്ഥാൻ തുടർച്ചയായി തോൽക്കുന്നത് ഇത് രണ്ടാം തവണ മാത്രം.
‘‘സഞ്ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട് എന്നത് തീർച്ചയാണ്. വളരെ പരിചയസമ്പത്തുള്ള ക്യാപ്റ്റനും ബാറ്ററും കളിക്കാരനുമാണ് സഞ്ജു. കളത്തിൽ എപ്പോഴും വളരെ സ്മാർട്ടായി നിൽക്കുന്ന താരം. അതുകൊണ്ടുതന്നെ ഇത്തരമൊരു ഘട്ടത്തിൽ സഞ്ജുവിന്റെ അഭാവം ടീമിന്റെ പ്രകടനത്തിൽ നിഴലിക്കുന്നുണ്ട് എന്നത് തീർച്ചയാണ്’ – സന്ദീപ് ശർമ പറഞ്ഞു.
‘‘ഈ സീസണിൽ ആദ്യത്തെ മൂന്നു മത്സരങ്ങളിൽ നായകനായി സഞ്ജു ഉണ്ടായിരുന്നില്ല. പിന്നീട് തിരിച്ചെത്തിയെങ്കിലും വീണ്ടും പരുക്കേറ്റ് പുറത്തായി. ഈ മത്സരങ്ങളിലെല്ലാം സഞ്ജു പുറത്തിരുന്നത് തീർച്ചയായും ടീമിന്റെ പ്രകടനം മോശമാകാൻ കാരണമായിട്ടുണ്ട്. ഇത്തരം പ്രതിസന്ധികളെല്ലാം ഒരുമിച്ചു വന്നതോടെയാണ് ടീം ഈ സീസണിൽ തീരെ മോശമായിപ്പോയത്’ – സന്ദീപ് ശർമ വിവരിച്ചു.
ഈ സീസണിന്റെ തുടക്കത്തിൽ പരുക്കിൽനിന്ന് പൂർണമായും മുക്തനാകാത്ത സാഹചര്യത്തിൽ സഞ്ജു നായകസ്ഥാനം റിയാൻ പരാഗിന് കൈമാറിയിരുന്നു. ഇതോടെ രാജസ്ഥാന്റെ ആദ്യ മൂന്നു മത്സരങ്ങളിൽ പരാഗാണ് ടീമിനെ നയിച്ചത്. സഞ്ജു ഇംപാക്ട് പ്ലെയറായി ബാറ്റിങ്ങിനായി മാത്രമാണ് കളത്തിലിറങ്ങിയത്. പിന്നീട് ബിസിസിഐയിൽനിന്ന് അനുമതി ലഭിച്ചതോടെ സഞ്ജു നായകനായി തിരിച്ചെത്തിയെങ്കിലും, ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ വീണ്ടും പുറത്തായി.
സഞ്ജു പരുക്കേറ്റ് പുറത്തായ ഈ മത്സരത്തിൽ വിജയത്തിന്റെ വക്കിൽനിന്നാണ് സൂപ്പർ ഓവറിലൂടെ രാജസ്ഥാൻ തോൽവി വഴങ്ങിയത്. തുടർന്ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെ അസാന്നിധ്യത്തിൽ വീണ്ടും അവസാന നിമിഷം തോൽവി വഴങ്ങി. ഇതിനു പിന്നാലെയാണ് ഇന്നലെ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിലും വിജയം ഉറപ്പായ ഘട്ടത്തിൽനിന്ന് കൂട്ടത്തകർച്ച നേരിട്ട് തോൽവി വഴങ്ങിയത്.
English Summary:








English (US) ·