Published: August 08, 2025 08:26 PM IST
1 minute Read
മുംബൈ∙ മലയാളി താരം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസ് വിടാനുള്ള കാരണങ്ങളിൽ ഒന്ന് ഇന്ത്യൻ പ്രിമിയർ ലീഗിൽ പതിനാലുകാരൻ വൈഭവ് സൂര്യവംശിയുടെ അപ്രതീക്ഷിത താരോദയം? മുൻ ഇന്ത്യൻ താരവും നിലവിൽ കമന്റേറ്ററുമായ ആകാശ് ചോപ്രയാണ്, ഇത്തരമൊരു വീക്ഷണം പങ്കുവച്ച് രംഗത്തെത്തിയത്. തന്റെ യുട്യൂബ് ചാനലിൽ പങ്കുവച്ച വിഡിയോയിലാണ്, രാജസ്ഥാൻ റോയൽസ് വിടാനുള്ള ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ തീരുമാനത്തെ വൈഭവ് സൂര്യവംശിയുടെ താരോദയം സ്വാധീനിച്ചിരിക്കാമെന്ന ആകാശ് ചോപ്രയുടെ വിലയിരുത്തൽ. സഞ്ജു രാജസ്ഥാൻ വിട്ടാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സാകും താരത്തിനായി ഏറ്റവും ശക്തമായി രംഗത്തുണ്ടാവുകയെന്നും ചോപ്ര അഭിപ്രായപ്പെട്ടു.
ഏതാനും സീസണുകളായി രാജസ്ഥാൻ റോയൽസിന്റെ നായകനും ടീമിന്റെ നെടുന്തൂണുമായ സഞ്ജു ടീം വിടാനുള്ള കഠിനമായ തീരുമാനമെടുക്കാനുള്ള കാരണം എന്തായിരിക്കുമെന്ന് ആകാശ് ചോപ്ര ചോദിച്ചു.
‘‘എന്തുകൊണ്ടായിരിക്കും രാജസ്ഥാൻ റോയൽസ് വിടണമെന്ന് സഞ്ജു തീരുമാനമെടുത്തിട്ടുണ്ടാകുക? ഇത് വളരെ പ്രധാനപ്പെട്ട ചോദ്യമാണ്. കാരണം, കഴിഞ്ഞ ഐപിഎൽ മെഗാ താരലേലത്തിനു തൊട്ടുമുൻപായി ജോസ് ബട്‍ലറിനെ റിലീസ് ചെയ്യാൻ തീരുമാനിച്ച ടീമാണ് രാജസ്ഥാൻ. യശ്വസി ജയ്‌സ്വാളിന്റെ വരവോടെ സഞ്ജുവിന് പുതിയ ഓപ്പണിങ് പങ്കാളിയെ ലഭിച്ചതാകാം കാരണമെന്ന് എനിക്ക് അന്ന് തോന്നിയിരുന്നു. അത്രയ്ക്ക് ഇഴയടുപ്പമുള്ളവരായിരുന്നു രാജസ്ഥാൻ റോയൽസും സഞ്ജുവും’ – ചോപ്ര പറഞ്ഞു.
പതിനാലുകാരനായ വൈഭവ് സൂര്യവംശി ഓപ്പണറെന്ന നിലയിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനം, രാജസ്ഥാൻ റോയൽസിന്റെ ടീം സമവാക്യങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാമെന്ന് ചോപ്ര വിലയിരുത്തി.
‘‘കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസ് നിലനിർത്തിയ താരങ്ങളുടെ കാര്യത്തിലും റിലീസ് ചെയ്ത താരങ്ങളുടെ കാര്യത്തിലും ക്യാപ്റ്റനെന്ന നിലയിൽ സഞ്ജു തന്നെ വ്യക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടാകും. പക്ഷേ, ഇപ്പോൾ സാഹചര്യം മാറി. വൈഭവ് സൂര്യവംശി മികവു കാട്ടിയതോടെ രണ്ട് ഓപ്പണർമാരായി. ധ്രുവ് ജുറേലിനെയും ടോപ് ഓർഡറിലേക്ക് പരിഗണിക്കാവുന്നതാണെന്നതും നിർണായകമായി. ഇതോടെയാകും ടീം വിടാമെന്ന് സഞ്ജു തീരുമാനിച്ചത്. എല്ലാം ചേർത്തു വായിക്കുമ്പോൾ നമുക്കു മനസ്സിലാക്കാവുന്നത് ഇതാണ്. സഞ്ജുവിന്റെയോ രാജസ്ഥാൻ റോയൽസിന്റെയോ മനസിൽ എന്താണെന്ന് എനിക്ക് അറിയില്ല’ – ചോപ്ര പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടീം ഘടനയും സാഹചര്യവും വച്ചു നോക്കുമ്പോൾ, സഞ്ജുവിനായി ഏറ്റവും ശക്തമായി ശ്രമിക്കാൻ സാധ്യത അവരാണെന്നും ചോപ്ര പറഞ്ഞു.
‘‘സഞ്ജുവിന്റെ കാര്യത്തിൽ എന്റെ മനസ്സിൽ വരുന്ന ആദ്യത്തെ പേര് ചെന്നൈ സൂപ്പർ കിങ്സ് തന്നെയാണ്. എങ്കിലും സഞ്ജുവിനെ കിട്ടിയാൽ കൊള്ളാമെന്ന് ഏറ്റവും ആഗ്രഹിക്കുന്നത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരിക്കും. കൊൽക്കത്ത നിരയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർമാരുടെ അസാന്നിധ്യം വളരെയധികം പ്രകടമാണ്. രണ്ടാമതായി നല്ലൊരു ക്യാപ്റ്റനെ ലഭിക്കുന്നത് മോശം കാര്യമാണോ? രഹാനെ കഴിഞ്ഞ സീസണിൽ നന്നായി നയിച്ചുവെന്ന കാര്യം ഞാൻ മറക്കുന്നില്ല’ – ചോപ്ര പറഞ്ഞു.
English Summary:








English (US) ·