Published: August 07, 2025 07:25 PM IST
1 minute Read
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ അടുത്ത സീസണിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ കളിക്കില്ല. ടീം വിടാനുള്ള താൽപര്യം സഞ്ജു ഐപിഎൽ ഫ്രാഞ്ചൈസിയെ അറിയിച്ചതായി സഞ്ജുവുമായി അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. ഒന്നുകിൽ തന്നെ വിൽക്കുകയോ, അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണമെന്ന് സഞ്ജു ടീമിനോട് ആവശ്യപ്പെട്ടതായാണു വിവരം. രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്യുകയാണെങ്കിൽ സഞ്ജു 2026ലെ മിനി ലേലത്തിൽ പങ്കെടുക്കും.
രാജസ്ഥാൻ റോയൽസ് ടീമിൽ കഴിഞ്ഞ സീസണിൽ വരുത്തിയ മാറ്റങ്ങളിൽ സഞ്ജു അസ്വസ്ഥനായിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. സഞ്ജുവിനു പരുക്കേറ്റു പുറത്തിരുന്നപ്പോൾ യശസ്വി ജയ്സ്വാളിനൊപ്പം വൈഭവ് സൂര്യവംശിയെ ടീമിന്റെ ഓപ്പണറായി പരീക്ഷിച്ചിരുന്നു. ഈ സഖ്യം വിജയിച്ചതോടെ ബാറ്റിങ് പൊസിഷന്റെ കാര്യത്തിൽ സഞ്ജുവിനു സ്വതന്ത്രമായി തീരുമാനമെടുക്കാനുള്ള സാഹചര്യം ഇല്ലാതായി.
ചെന്നൈ സൂപ്പർ കിങ്സ് സഞ്ജുവിനെ വാങ്ങുന്നതിനായി നേരത്തേ തന്നെ ശ്രമം തുടങ്ങിയിരുന്നു. എന്നാൽ സഞ്ജുവിനെ വിൽക്കാൻ താൽപര്യമില്ലെന്നായിരുന്നു രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസിയുടെ നിലപാട്. രാജസ്ഥാൻ ക്യാപ്റ്റൻ തന്നെ ടീം വിടാനുള്ള തീരുമാനം അറിയിച്ചതോടെ ഫ്രാഞ്ചൈസിക്കു മുന്നിൽ മറ്റു വഴികളില്ലാതായി. ചെന്നൈയ്ക്കു പുറമേ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും സഞ്ജുവിനെ സ്വന്തമാക്കാൻ താൽപര്യമുണ്ട്.
മിനി ലേലത്തിൽ സഞ്ജു പങ്കെടുത്താൽ താരത്തെ സ്വന്തമാക്കാൻ വാശിയേറിയ പോരാട്ടം തന്നെ നടക്കുമെന്ന് ഉറപ്പാണ്. ചെന്നൈ സൂപ്പര്‍ കിങ്സും കൊൽക്കത്തയും സഞ്ജുവിനായി കോടികൾ വാരിയെറിയുമെന്നാണു പ്രവചനങ്ങൾ. 18 കോടി രൂപയ്ക്കാണ് കഴിഞ്ഞ സീസണിനു മുൻപ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്.
പരുക്കേറ്റതോടെ സഞ്ജുവിന് ഐപിഎൽ സീസണിലെ കുറച്ചു മത്സരങ്ങൾ നഷ്ടമായിരുന്നു. കഴിഞ്ഞ ഐപിഎലിൽ ഒൻപതു മത്സരങ്ങൾ കളിച്ച സഞ്ജു 285 റൺസാണ് ആകെ നേടിയത്. പ്ലേ ഓഫിലെത്താൻ സാധിക്കാതെ രാജസ്ഥാന്‍ പുറത്താകുകയും ചെയ്തു. ജൂലൈയിൽ രാജസ്ഥാന്റെ ‘ഇന്റർനാഷനൽ പ്ലേയർ ഡവലപ്മെന്റ്’ വിഭാഗം തലവൻ സിദ്ധാർഥ ലാഹിരി സഞ്ജു സാംസണുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
English Summary:








English (US) ·