Published: December 17, 2025 10:48 AM IST
1 minute Read
അബുദാബി∙ ഇന്ത്യന്‍ പ്രീമിയർ ലീഗ് മിനി ലേലത്തിന് റജിസ്റ്റർ ചെയ്തെങ്കിലും പൂർണമായും ഒഴിവാക്കപ്പെട്ട് ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത്. ലേലത്തിനുള്ള 369 താരങ്ങളുടെ പട്ടികയിൽ സ്മിത്തിന്റെ പേര് ഉൾപ്പെട്ടിരുന്നെങ്കിലും അബുദാബിയിൽ ഒരു തവണ പോലും താരത്തെ വിളിച്ചില്ലെന്നതാണു സത്യം. 2021ലാണ് സ്മിത്ത് അവസാനമായി ഐപിഎൽ കളിക്കുന്നത്. 369 പേരുടെ പട്ടികയിൽ 77–ാമതാണ് സ്മിത്തിന്റെ പേരുണ്ടായിരുന്നത്. അതായത് ബാറ്റർമാരുടെ രണ്ടാമത്തെ വിഭാഗത്തിൽ.
ആദ്യ 10 സെറ്റുകൾക്കു ശേഷമുള്ള ‘ആക്സലറേറ്റഡ്’ റൗണ്ടിലാണ് സ്റ്റീവ് സ്മിത്തിന്റെ പേരും പരിഗണിക്കേണ്ടിയിരുന്നത്. ആദ്യ 10 സെറ്റിലെ 70 താരങ്ങളെയാണ് ലേലത്തിൽ നേരിട്ടു വിളിക്കുക. മറ്റുള്ളവരെ ഫ്രാഞ്ചൈസികൾ തിരഞ്ഞെടുക്കുന്ന ലിസ്റ്റിൽനിന്നാണു വിളിക്കുക. 299 താരങ്ങളിൽനിന്നാണ് ഈ പട്ടിക തയാറാക്കുന്നത്. പത്താം സെറ്റിന് ശേഷമുള്ള ഇടവേളയിൽ ഫ്രാഞ്ചൈസികൾ ആവശ്യപ്പെട്ട താരങ്ങളിൽ സ്റ്റീവ് സ്മിത്ത് ഉണ്ടായിരുന്നില്ല. ഇതാണു താരത്തെ ഒഴിവാക്കാൻ കാരണം.
17 താരങ്ങളുണ്ടായിരുന്ന അവസാന റൗണ്ടിലും സ്റ്റീവ് സ്മിത്ത് ഉണ്ടായിരുന്നില്ല. ഇതോടെയാണ് ഒരു ഫ്രാഞ്ചൈസിക്കും താരത്തിൽ താൽപര്യമില്ലെന്നു വ്യക്തമായത്. ഐപിഎലിൽ വിവിധ സീസണുകളിലായി രാജസ്ഥാൻ റോയൽസ്, പുണെ വാരിയേഴ്സ്, റൈസിങ് പുണെ സൂപ്പർജയന്റ്സ് ടീമുകളുടെ ക്യാപ്റ്റനായിരുന്ന താരമാണ് സ്മിത്ത്. 2021 സീസണിൽ ഡൽഹി ക്യാപിറ്റല്‍സിനു വേണ്ടിയാണ് സ്മിത്ത് ഒടുവിൽ കളിച്ചത്.
ടെസ്റ്റ് ക്രിക്കറ്റിൽ ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയിൽ മുൻനിരയിലുള്ളപ്പോഴും ട്വന്റി20യിൽ കാര്യമായ ചലനമുണ്ടാക്കാൻ സ്മിത്തിനു സാധിച്ചിരുന്നില്ല. ഓസ്ട്രേലിയയുടെ ട്വന്റി20 ടീമിൽ സ്മിത്ത് ഒടുവിൽ കളിച്ചത് രണ്ടു വര്‍ഷം മുൻപാണ്. കഴിഞ്ഞ വര്‍ഷത്തെ ട്വന്റി20 ലോകകപ്പിലും താരം കളിച്ചിരുന്നില്ല. ഏകദിന ഫോർമാറ്റിൽനിന്നു വിരമിച്ച ശേഷം ട്വന്റി20യിൽ ശ്രദ്ധ നൽകാനാണു തീരുമാനമെന്ന് സ്മിത്ത് അടുത്തിടെ പ്രതികരിച്ചിരുന്നു. പരുക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരായ മൂന്നാം ആഷസ് ടെസ്റ്റിൽ സ്മിത്ത് കളിക്കുന്നില്ല.
English Summary:








English (US) ·