രാജസ്ഥാൻ റോയൽസിന്റെ ആ സർപ്രൈസ് നീക്കം വൻ വിജയം; സഞ്ജുവിന്റെ ടീമിന്റെ ബാറ്റിങ് ഓർഡർ ഇനി ഇങ്ങനെ തന്നെ

9 months ago 7

Curated byഗോകുൽ എസ് | Samayam Malayalam | Updated: 31 Mar 2025, 1:47 am

2025 സീസൺ ഐപിഎല്ലിലെ മൂന്നാം മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ( Rajasthan Royals ) നടത്തിയ ആ സുപ്രധാന നീക്കം വൻവിജയം. ചെന്നൈക്ക് എതിരെ റോയൽസ് നേടിയത് ത്രില്ലിങ് വിജയം.

ഹൈലൈറ്റ്:

  • രാജസ്ഥാൻ നടത്തിയ നീക്കം വൻ വിജയം
  • ബാറ്റിങ്ങിലെ നീക്കമാണ് ക്ലിക്കായത്
  • സീസണിലെ ആദ്യ ജയം നേടി റോയൽസ്
Samayam Malayalamരാജസ്ഥാൻ റോയൽസ്രാജസ്ഥാൻ റോയൽസ്
പതിനെട്ടാം സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ ആദ്യ ജയം നേടിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. ഞായറാഴ്ച രാത്രി നടന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെയാണ് അവർ വീഴ്ത്തിയത്. ആവേശം അവസാന ഓവറിലേക്ക് നീണ്ട കളിയിൽ ആറ് റൺസിനാണ് റോയൽസിന്റെ വിജയം. തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം നേടിയ ഈ ജയം രാജസ്ഥാൻ റോയൽസിന്റെ ആത്മവിശ്വാസം വാനോളം ഉയർത്താൻ പോന്നതാണ്. ആദ്യ ജയത്തോടെ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരെന്ന നാണക്കേടിൽ നിന്ന് രാജസ്ഥാൻ റോയൽസ് രക്ഷപ്പെടുകയും ചെയ്തു.ആദ്യ രണ്ട് കളിയിലും പരാജയപ്പെട്ട രാജസ്ഥാൻ റോയൽസ് ബാറ്റിങ് ഓർഡറിൽ ഒരു ചെറിയ മാറ്റം വരുത്തിയായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന് എതിരെ കളിച്ചത്. ആദ്യ കളികളിൽ ടീമിന്റെ മൂന്നാം നമ്പരിൽ കളിച്ച റിയാൻ പരാഗിനെ നാലാം നമ്പരിലേക്ക് മാറ്റിയ രാജസ്ഥാ‌ൻ, നിതീഷ് റാണക്ക് മൂന്നാം നമ്പരിലേക്ക് പ്രൊമോഷൻ നൽകി. ഈ നീക്കം വൻ വിജയമാകുന്നതും രാജസ്ഥാൻ റോയൽസിന്റെ വിജയത്തിന് പിന്നിലെ സുപ്രധാന ഘടകമാകുന്നതുമാണ് പിന്നീട് ഗുവാഹത്തിയിൽ കണ്ടത്.

മൂന്നാം നമ്പരിലേക്കുള്ള പ്രൊമോഷൻ ഇരുകൈയ്യും നീട്ടി സ്വീകരിച്ച നിതീഷ് റാണ കിടിലൻ ഇന്നിങ്സോടെ സിഎസ്കെക്ക് എതിരായ കളിയിൽ ടീമിന്റെ ടോപ് സ്കോററാവുകയായിരുന്നു. യശസ്വി ജയ്സ്വാൾ ഇന്നിങ്സിലെ മൂന്നാം പന്തിൽ പുറത്തായതിനാൽ ആദ്യ ഓവറിൽ തന്നെ നിതീഷ് റാണക്ക് ക്രീസിലെത്തേണ്ടി വന്നു. തുടക്കം മുതൽക്കേ ആക്രമിച്ചു കളിച്ച നിതീഷ് റാണ, വെറും 36 പന്തുകളിൽ 10 ഫോറുകളും അഞ്ച് സിക്സറുകളും സഹിതം 81 റൺസാണ് ഈ മത്സരത്തിൽ നേടിയത്.

Also Read: ജയിച്ചിട്ടും രാജസ്ഥാൻ റോയൽസിനെ നിരാശരാക്കി അക്കാര്യം; സഞ്ജുവിന്റെ ടീമിന്റെ പ്രധാന തലവേദന ഇങ്ങനെ

11.3 ഓവറുകളിൽ നിതീഷ് റാണ പുറത്താകുമ്പോളേക്ക് 124 റൺസായിരുന്നു രാജസ്ഥാന്റെ സ്കോർ ബോർഡിൽ ഉണ്ടായിരുന്നത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് കളിയുടെ ഗതിയിൽ നിർണായക മാറ്റം വരുത്തുന്ന ഒരിന്നിങ്സായിരുന്നു നിതീഷ് റാണയുടേത്. നേരത്തെ ആദ്യ രണ്ട് കളികളിലും മൂന്നാം നമ്പരിൽ കളിച്ചത് താൽക്കാലിക നായകൻ കൂടിയായ റിയാൻ പരാഗായിരുന്നു പ്രതീക്ഷിച്ച മികവിലേക്ക് ഉയരാൻ ഈ മത്സരങ്ങളിൽ റിയാന് സാധിച്ചില്ല. എന്നാൽ മൂന്നാം നമ്പരിൽ നിതീഷ് ക്ലിക്കായതോടെ പരാഗ് അദ്ദേഹത്തിന്റെ ഫേവറിറ്റ് പൊസിഷനായ നാലാം നമ്പരിലേക്ക് മാറുമെന്ന് ഏറെക്കുറെ ഉറപ്പായി.

നേരത്തെ 2024 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നാലാം നമ്പരിലായിരുന്നു റിയാൻ പരാഗ് ബാറ്റ് ചെയ്തത്. സീസണിൽ ഉജ്ജ്വല ഫോമിൽ കളിച്ച അദ്ദേഹം, 573 റൺസോടെ റോയൽസിന്റെ ടോപ് സ്കോററുമായിരുന്നു. എന്നാൽ നാലാം നമ്പരിൽ നിന്ന് മൂന്നാം നമ്പരിലേക്ക് ബാറ്റിങ് സ്ഥാനം മാറിയപ്പോൾ, ആ പഴയ മികവിൽ ബാറ്റ് വീശാൻ പരാഗിന് സാധിച്ചില്ല.

Also Read: തോൽവിക്ക് പിന്നാലെ ഹാർദിക് പാണ്ഡ്യക്ക് അടുത്ത തിരിച്ചടി; മുംബൈ ഇന്ത്യൻസ് നായകന് വമ്പൻ തുക പിഴ, കാരണം ഇങ്ങനെ

ചെന്നൈ സൂപ്പർ കിങ്സിന് എതിരെ നിതീഷ് പുതിയ റോളിൽ ഇറങ്ങി ക്ലിക്കായതോടെ ഈ സീസണിൽ രാജസ്ഥാൻ റോയൽസിന്റെ ആദ്യ അഞ്ച് ബാറ്റർമാർ ഇനി എങ്ങനെയായിരിക്കുമെന്ന് ഉറപ്പായി. യശസ്വി ജയ്സ്വാളും സഞ്ജു സാംസണും തന്നെയാകും സീസണിലെ ശേഷിക്കുന്ന കളികളിലും രാജസ്ഥാൻ റോയൽസിന്റെ ഓപ്പണർമാർ. നിതീഷ് റാണ മൂന്നാം നമ്പരിലും റിയാൻ പരാഗ് നാലാം നമ്പരിലും ഇറങ്ങും. ധ്രുവ് ജൂറലാകും അഞ്ചാം നമ്പർ ബാറ്റർ.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article