Curated byഗോകുൽ എസ് | Samayam Malayalam | Updated: 18 Mar 2025, 9:18 pm
ഐപിഎൽ 2025 സീസണ് മാർച്ച് 22 ന് തുടക്കമാവുകയാണ്. രണ്ടാം കിരീടം ലക്ഷ്യം വെക്കുന്ന രാജസ്ഥാൻ റോയൽസ് വമ്പൻ മാറ്റങ്ങളുമായാണ് പുതിയ സീസണിൽ എത്തുന്നത്. അടുത്ത സീസണിൽ റോയൽസിന്റെ സർപ്രൈസ് പാക്കേജാകാൻ സാധ്യതയുള്ള നാല് പേരെ നോക്കാം.
ഹൈലൈറ്റ്:
- രാജസ്ഥാൻ റോയൽസിൽ വന്നത് വമ്പൻ മാറ്റങ്ങൾ
- ടീമിന്റെ സർപ്രൈസ് പാക്കേജാകാൻ ഈ നാല് അഭ്യന്തര താരങ്ങൾ
- ഇവർ ക്യാപ്റ്റൻ സഞ്ജുവിന്റെ തന്ത്രങ്ങളിലെ പ്രധാനികളായേക്കും
രാജസ്ഥാൻ റോയൽസ്രാജസ്ഥാൻ റോയൽസിന്റെ ഈ നാല് അഭ്യന്തര കളിക്കാരെ നോക്കിവെച്ചോ! സഞ്ജുവിന്റെ സർപ്രൈസ് ട്രമ്പ് കാർഡാകാൻ ഇവർ
ഐപിഎൽ 2025 സീസണിന് ഒരുങ്ങുമ്പോൾ രാജസ്ഥാൻ റോയൽസിന്റെ സർപ്രൈസ് പാക്കേജുകളാകാൻ സാധ്യതയുള്ള നാല് ഇന്ത്യൻ അഭ്യന്തര താരങ്ങളെ നോക്കാം. ഇതിൽ മൂന്ന് പേരും അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം പോലും കുറിച്ചിട്ടില്ലെങ്കിലും ക്യാപ്റ്റൻ സഞ്ജുവിന്റെ വജ്രായുധമാകാൻ മികവുള്ളവരാണ് എന്നതാണ് ശ്രദ്ധേയം.
ശുഭം ദുബെ: വിദർഭ താരമായ ശുഭം ദുബെ മുൻ സീസണുകളിലും രാജസ്ഥാൻ റോയൽസിലുണ്ടായിരുന്നു. വെടിക്കെട്ട് ബാറ്റിങ്ങിന്റെ ആശാനായ ഈ താരം മികച്ച ഫിനിഷറാണ്. വരും സീസണിൽ ടീമിന്റെ ഇമ്പാക്ട് സബായി ബാറ്റിങ്ങിലെത്താൻ ഏറ്റവുമധികം സാധ്യതയുള്ള താരം കൂടിയാണ് അദ്ദേഹം. ടി20 ക്രിക്കറ്റിൽ 38.35 ബാറ്റിങ് ശരാശരിയും 152.69 സ്ട്രൈക്ക് റേറ്റുമുള്ള ദുബെ, 26 ഇന്നിങ്സിൽ 652 റൺസ് നേടിയിട്ടുണ്ട്. കഴിഞ്ഞ സയിദ് മുഷ്താഖ് അലി ട്രോഫിയിൽ നാല് കളികളിൽ നിന്ന് 181 സ്ട്രൈക്ക് റേറ്റിൽ ദുബെ 144 റൺസ് നേടിയിരുന്നു.
Also Read: സഞ്ജു - ജയ്സ്വാൾ ജോഡി ഓപ്പണിങ്ങിൽ, പിന്നാലെ വെടിക്കെട്ട് ബാറ്റർമാർ; രാജസ്ഥാൻ റോയൽസിന്റെ കിടിലൻ പ്ലേയിങ് ഇലവൻ ഇങ്ങനെ
കുമാർ കാർത്തികേയ: അഭ്യന്തര സീസണിൽ ഇത്തവണ മിന്നും പ്രകടനം കാഴ്ച വെച്ച താരമാണ് കുമാർ കാർത്തികേയ. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 10 കളികളിൽ നിന്ന് 17 വിക്കറ്റുകളാണ് ഈ മധ്യപ്രദേശ് താരം പിഴുതത്. 7.63 ആയിരുന്നു എക്കോണമി. വിജയ് ഹസാരെ ട്രോഫിയിലും ഉജ്ജ്വലമായി പന്തെറിഞ്ഞ ഈ സ്പിന്നറിൽ വരും സീസണിൽ റോയൽസിന് വലിയ പ്രതീക്ഷകളാണുള്ളത്.
ആകാശ് മധ്വാൽ: 2023 സീസൺ ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി എട്ട് കളികളിൽ 13 വിക്കറ്റുകൾ വീഴ്ത്തിയതോടെയാണ് ആകാശ് മധ്വാൽ ഇന്ത്യൻ ക്രിക്കറ്റിൽ ശ്രദ്ധിക്കപ്പെടുന്നത്. സമീപകാലത്ത് അഭ്യന്തര ക്രിക്കറ്റിൽ ഉത്തരാഖണ്ഡിനായി മികച്ച ഫോമിലാണ് താരം. ബൗളിങ്ങിൽ സഞ്ജു സാംസണിന്റെ പ്രധാന ആയുധങ്ങളിൽ ഒന്നായി മധ്വാൽ മാറിയാൽ അദ്ഭുതപ്പെടേണ്ട.
തുഷാർ ദേഷ്പാണ്ടെ: 2025 സീസൺ ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ പ്രധാന പേസർമാരിൽ ഒരാളായിരിക്കും തുഷാർ ദേഷ്പാണ്ടെ. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ നിന്ന് 6.5 കോടി രൂപക്കാണ് ഈ താരത്തെ റോയൽസ് സ്വന്തമാക്കിയത്. മുൻ സീസണുകളിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ താരമായിരുന്നു അദ്ദേഹം. 2023 ൽ 21 വിക്കറ്റുകളും, 2024 ൽ 17 വിക്കറ്റുകളും ദേഷ്പാണ്ടെ വീഴ്ത്തി. റൺസ് വിട്ടുകൊടുക്കുന്നതിൽ പിശുക്കില്ലെങ്കിലും മികച്ച വിക്കറ്റ് നേട്ടക്കാരനായതിനാൽ അദ്ദേഹം റോയൽസിന് മുതൽക്കൂട്ടായേക്കും.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·