Published: September 01, 2025 02:40 PM IST Updated: September 01, 2025 02:51 PM IST
1 minute Read
ജയ്പൂർ∙ ക്യാപ്റ്റൻ ആരാകണമെന്നതിനെച്ചൊല്ലി രാജസ്ഥാൻ റോയൽസിൽ അഭിപ്രായ വ്യത്യാസം രൂക്ഷമായതാണ് പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ രാജിയിലേക്കെത്തിച്ചതെന്ന് റിപ്പോർട്ട്. ക്യാപ്റ്റൻസിയുടെ പേരിൽ രാജസ്ഥാൻ റോയൽസിൽ മൂന്നു ചേരികൾ തന്നെ രൂപപ്പെട്ടതായി ഒരു സ്പോർട്സ് മാധ്യമം റിപ്പോർട്ട് ചെയ്തു. ഈ തർക്കങ്ങളാണ് പരിശീലക സ്ഥാനത്തുനിന്ന് രാഹുൽ ദ്രാവിഡിന്റെ പുറത്താകലിലേക്കു നയിച്ചത്. ടീമിന്റെ നിലവിലെ ക്യാപ്റ്റൻ സഞ്ജു സാംസണും രാഹുൽ ദ്രാവിഡും തമ്മിൽ ചില കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. എന്നാൽ ഇത് ക്യാപ്റ്റനും പരിശീലകനും തമ്മിലുള്ള സാധാരണ തർക്കങ്ങൾ മാത്രമായിരുന്നു.
വർഷങ്ങളായി അടുത്ത സൗഹൃദമുള്ള സഞ്ജുവും ദ്രാവിഡും തമ്മിലുള്ള ബന്ധത്തെ ഈ തർക്കം കാര്യമായി ബാധിച്ചിരുന്നില്ലെന്നാണു വിവരം. ക്യാപ്റ്റൻസിയെച്ചൊല്ലി രാജസ്ഥാൻ ടീം മാനേജ്മെന്റിൽ മൂന്ന് അഭിപ്രായങ്ങളാണ് ഉണ്ടായത്. ഒരു വിഭാഗം സഞ്ജു സാംസൺ തന്നെ ഇനിയും ടീം ക്യാപ്റ്റനാകണമെന്നു വാദിക്കുന്നു. കഴിഞ്ഞ സീസണിൽ സഞ്ജുവിനു പരുക്കേറ്റപ്പോൾ, ഏതാനും മത്സരങ്ങളിൽ രാജസ്ഥാനെ നയിച്ച യുവതാരം റിയാൻ പരാഗിനു വേണ്ടി വാദിക്കുന്നവരാണു മറുവിഭാഗം.
അതേസമയം രാജസ്ഥാന്റെ വിശ്വസ്തനായ യശസ്വി ജയ്സ്വാളിനെ ക്യാപ്റ്റനാക്കണമെന്നും മാനേജ്മെന്റിലെ ചിലർക്ക് അഭിപ്രായമുണ്ട്. ടീം വിടാൻ താൽപര്യമുണ്ടെന്ന് സഞ്ജു സാംസൺ ടീം മാനേജ്മെന്റിനെ അറിയിച്ചതിനു പിന്നാലെയാണ് രാഹുൽ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞത്. രാജി വയ്ക്കും മുൻപ് ദ്രാവിഡ് യുകെയിലെത്തി ടീം ഉടമ മനോജ് ബദാലെയുമായി ചർച്ചകൾ നടത്തിയിരുന്നു. പരിശീലക സ്ഥാനം ഒഴിയുമ്പോഴും കൂടുതൽ വിശാലമായ സാധ്യതകളുള്ള മറ്റൊരു സ്ഥാനം ദ്രാവിഡിന് ഓഫർ ചെയ്തത് ബദാലെയാണ്. എന്നാൽ ഇതു സ്വീകരിക്കാൻ ദ്രാവിഡ് തയാറായില്ല.
ദ്രാവിഡ് ഒഴിഞ്ഞതിനാൽ ടീം ഡയറക്ടർ കുമാർ സംഗക്കാര രാജസ്ഥാന്റെ പരിശീലകനാകാൻ സാധ്യതയുണ്ട്. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. സഞ്ജുവിന്റെ ടീം മാറ്റവും നീണ്ടുപോകുകയാണ്. ഇനി ഫ്രാഞ്ചൈസിക്കൊപ്പം തുടരാൻ താൽപര്യമില്ലെന്നാണ് സഞ്ജുവിന്റെ നിലപാട്. ഒന്നുകില്‍ സഞ്ജുവിനെ രാജസ്ഥാൻ വിൽക്കുകയോ, അല്ലെങ്കിൽ റിലീസ് ചെയ്യുകയോ വേണം. രണ്ടു വർഷത്തിലേറെ കരാർ ബാക്കിയുള്ളതിനാൽ സഞ്ജുവിനു സ്വയം ഒഴിയാനാകില്ല. താരത്തിന്റെ താൽപര്യം പരിഗണിച്ച് സഞ്ജുവിനെ ഫ്രാഞ്ചൈസി റിലീസ് ചെയ്യാനാണു സാധ്യത. അങ്ങനെയെങ്കിൽ അടുത്ത ഐപിഎലിനു മുന്നോടിയായുള്ള മിനിലേലത്തിൽ മലയാളി താരം പങ്കെടുക്കും.
English Summary:








English (US) ·