രാജസ്ഥാൻ റോയൽസ് കാത്തിരുന്ന കാര്യങ്ങൾ നടന്നു, സഞ്ജു സാംസണിന്റെ ടീം ഇനി ഡബിൾ സ്ട്രോങ്ങ്; അടുത്ത കളിക്ക് രണ്ടും കൽപ്പിച്ച്

9 months ago 7

Curated byഗോകുൽ എസ് | Samayam Malayalam | Updated: 8 Apr 2025, 12:49 am

Rajasthan Royals vs Gujarat Titans : ഇന്ത്യ‌ൻ പ്രീമിയർ ലീഗിലെ നാലാമത്തെ കളിക്ക് മുൻപ് രാജസ്ഥാൻ റോയൽസി‌ന് ആവേശം സമ്മാനിച്ച് സൂപ്പർ താരങ്ങൾ. കഴിഞ്ഞ കളിയിലെ പ്രകടനം ആത്മവിശ്വാസം കൂട്ടി.

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസിനെ ഹാപ്പിയാക്കി ഇക്കാര്യങ്ങൾ
  • ടീമിന്റെ ആത്മവിശ്വാസം കൂടി
  • കഴിഞ്ഞ കളിയിൽ ടീം ആഗ്രഹിച്ച കാര്യങ്ങൾ നടന്നു
Samayam Malayalamരാജസ്ഥാൻ റോയൽസ്രാജസ്ഥാൻ റോയൽസ്
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ആരാധകരെ നിരാശപ്പെടുത്തുന്ന തുടക്കമായിരു‌ന്നു രാജസ്ഥാൻ റോയൽസിന്റേത്‌. ആദ്യ രണ്ട് കളികളിലും അവർക്ക് കനത്ത പരാജയം നേരിടേണ്ടി വന്നു. സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെയും കൊൽക്കത്ത നൈറ്റ് റൈഡേഴ്സി‌ന് എതിരെയുമായിരു‌ന്നു ഇത്. തുടർ തോൽവികൾ വഴങ്ങിയതോടെ രാജസ്ഥാൻ റോയൽസ് ടീമിനെതിരെ കനത്ത വിമർശനങ്ങളാണ് ഉയർന്നത്. മെഗാ ലേലത്തിൽ കാണിച്ച അബദ്ധങ്ങൾ അവരുടെ ടീമിനെ നശിപ്പിച്ചെന്ന തരത്തിൽ ആരാധകർ വിമർശിച്ചു. എന്നാൽ ആദ്യ രണ്ട് കളികൾക്ക്‌ ശേഷം രാജസ്ഥാൻ റോയൽസിന്റെ ശക്തമായ തിരിച്ചുവരവാണ് കണ്ടത്. ചെന്നൈ സൂപ്പർ കിങ്സിനെ വീഴ്ത്തി വിജയവഴിയിലേക്ക് എത്തിയ രാജസ്ഥാൻ റോയൽസ്, നാലാമത്തെ കളിയിൽ പഞ്ചാബ് കിങ്സിനെ തകർത്തു. ഇതിൽതീർത്തും ആധികാരികമായ വിജയമായിരു‌ന്നു പഞ്ചാബിന് എതിരായത്. ബാറ്റി‌ങ്ങിലും ബൗളിങ്ങിലും കിടിലൻ പ്രകടനമാണ് പഞ്ചാബിന് എതിരെ രാജസ്ഥാൻ കാഴ്ച വെച്ചത്. ഈ കളിയിൽ ജയത്തിന് പുറമെ രാജസ്ഥാൻ റോയൽസ് ആഗ്രഹിച്ചിരുന്ന ചില കാര്യങ്ങൾ സംഭവിച്ചു എന്നതാ‌ണ് ശ്രദ്ധേയം. ഗുജറാത്ത് ടൈറ്റൻസിന് എതിരെ ഈ മാസം ഒമ്പതാം തീയതി നടക്കാനിരിക്കുന്ന കളിക്ക് മു‌‌ൻപ് ടീമിന് വലിയ ആവേശവും ആത്മവിശ്വാസവും സമ്മാനിക്കുന്നുണ്ട് ഇക്കാര്യങ്ങൾ. ഇത് എന്തൊക്കെയെന്ന് നോക്കാം.

സ്റ്റാർ ഓപ്പണർ യശസ്വി ജയ്സ്വാൾ ഫോമിലേക്ക് തിരിച്ചെത്തിയതാണ് കഴിഞ്ഞ കളിയിൽ രാജസ്ഥാൻ റോയൽസിന്റെ ഏറ്റവും വലിയ പോസിറ്റീവ്. ആദ്യ മൂന്ന് കളികളിൽ നിന്ന് ആകെ 34 റൺസ് മാത്രം നേടിയ യശസ്വി ജയ്സ്വാൾ, പഞ്ചാബിന് എതിരെ ഫോമിലേക്ക് തിരിച്ചെത്തി. 45 പന്തുകളിൽ മൂന്ന് ഫോറുകളും അഞ്ച് സിക്സറുകളുമടക്കം 67 റൺസാണ് നേടിയത്.

Also Read : ടൈമൗട്ട് സമയത്ത് സഹ താരങ്ങളോട് പറഞ്ഞ കാര്യം വെളിപ്പെടുത്തി സഞ്ജു; ജയത്തിന് ശേഷം ക്യാപ്റ്റന്റെ വെളിപ്പെടുത്തൽ

ആദ്യ കളികളിൽ ജയ്സ്വാളിന്റെ ഫോമൗട്ട് രാജസ്ഥാൻ റോയൽസിനെ ശരിക്കും ബാധിച്ചിരുന്നു. ജയ്സ്വാളിന്റെ ഫോമിലേക്കുള്ള മടങ്ങിവരവ് രാജസ്ഥാൻ അതുകൊണ്ടു തന്നെ ഏറെ ആഗ്രഹിച്ചിരുന്നതാണ്. യശസ്വി ജയ്സ്വാൾ റൺസ് കണ്ടെത്തിയത് ഗുജറാത്ത് ടൈറ്റൻസിന് എതിരായ കളിക്ക് മുമ്പ് രാജസ്ഥാൻ റോയൽസിന്റെ ആത്മവിശ്വാസം വാനോളം ഉയർത്തുന്നുണ്ട്.

സീസണിലെ ആദ്യ രണ്ട് കളികളിൽ വൻ ഫ്ലോപ്പായിരുന്ന സ്റ്റാർ പേസർ ജോഫ്ര ആർച്ചർ ചെന്നൈ സൂപ്പർ കിങ്സിന് എതിരെ ടീം വിജയം നേടിയ കളിയിൽ ഫോമിലേക്ക് മടങ്ങിയെത്തിയിരുന്നു. പഞ്ചാബ് കിങ്സിന് എതിരെ ആർച്ചർ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച ഫോമിലേക്ക് എത്തുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ വീഴ്ത്തി ആർച്ചർ പഞ്ചാബ് കിങ്സിനെ തകർത്തു. ഈ മത്സരത്തിൽ നാല് ഓവറുകളിൽ 25 റൺസ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ആർച്ചറുടെ ആദ്യ സ്പെല്ലിലാണ് ഈ കളി പഞ്ചാബിന് നഷ്ടമായത്.

Also Read: ആർസിബിക്ക് ആ ഒരു റൺസ് ലഭിച്ചില്ല, വീണ്ടും വിവാദമായി ആ നിയമം; മുംബൈ ഇന്ത്യൻസിന് എതിരെ നടന്നത് ഇങ്ങനെ

സീസണിലെ ആദ്യ കളികളിൽ മോശം ഫോമിലായിരുന്ന യശസ്വി ജയ്സ്വാളും ജോഫ്ര ആർച്ചറും ഫോമിലേക്ക് തിരിച്ചെത്തിയതോടെ രാജസ്ഥാൻ റോയൽസിന്റെ കരുത്ത് വർധിച്ചിട്ടുണ്ട്. അടുത്ത കളികളിൽ ടീമിന് വലിയ ഊർജ്ജം സമ്മാനിക്കും ഇതെന്ന കാര്യത്തിൽ സംശയമില്ല. ബുധനാഴ്ച ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് രാജസ്ഥാ‌ൻ റോയൽസിന്റെ അടുത്ത മത്സരം.

ആദ്യ നാല് കളികളിൽ മൂന്ന് വിജയം നേടിയ ഗുജറാത്ത് ടൈറ്റൻസ് 2025 സീസണിൽ മിന്നും ഫോമിലാണ്. പഞ്ചാബ് കിങ്സിന് എതിരെ തോറ്റുകൊണ്ട് തുടങ്ങിയ ഗുജറാത്ത് ടൈറ്റൻസ്, തുടർച്ചയായ മൂന്ന് കളികളിൽ ജയിച്ചുനിൽക്കുകയാണ്. മിന്നും ഫോമിലുള്ള ഗുജറാത്തും റോയൽസും തമ്മിൽ ഏറ്റുമുട്ടുമ്പോൾ ഒരു കിടിലൻ പോരാട്ടം തന്നെ പ്രതീക്ഷിക്കാം.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article