രാജസ്ഥാൻ റോയൽസ് ടീമിൽ രണ്ട് നിർണായക മാറ്റങ്ങൾ വന്നേക്കും; അടുത്ത കളിയിൽ സഞ്ജുവിന്റെ ടീമിൽ നിന്ന് പുറത്താക്കേണ്ടത് ഇവരെ

9 months ago 9

Curated byഗോകുൽ എസ് | Samayam Malayalam | Updated: 18 Apr 2025, 3:38 am

Rajasthan Royals Vs Lucknow Super Giants: ലക്നൗവിന് എതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ടീമിൽ ചില നിർണായക മാറ്റങ്ങൾക്ക് സാധ്യത. പുറത്താവുക സൂപ്പർ താരങ്ങളായേക്കും.

ഹൈലൈറ്റ്:

  • രാജസ്ഥാൻ റോയൽസ് ടീമിൽ മാറ്റം വന്നേക്കും
  • അടുത്ത കളിയിൽ ചില താരങ്ങൾ പുറത്തായേക്കും
  • റോയൽസിന് ഇനി കടുപ്പമുള്ള എതിരാളികൾ
Samayam Malayalamരാജസ്ഥാൻ റോയൽസ്രാജസ്ഥാൻ റോയൽസ്
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ ദയനീയ ഫോമിലാണ് രാജസ്ഥാൻ റോയൽസ്. കളിച്ച ഏഴ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ അവർ നിലവിൽ പോയിന്റ് പട്ടികയിൽ എട്ടാം സ്ഥാനത്താണ്. അവസാന മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനോട് ജയിക്കാമായിരുന്ന കളിയാണ് രാജസ്ഥാൻ തുലച്ചത്. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ രാജസ്ഥാൻ കാണിച്ച മണ്ടത്തരങ്ങൾ അവരെ തോൽവിയിലേക്ക് തള്ളിയിടുകയായിരു‌ന്നു. തോൽവിയേക്കാൾ ഈ കളിയിൽ ടീം എടുത്ത അബദ്ധ തീരുമാനങ്ങളാണ് ആരാധകരെ കട്ട കലിപ്പിലാക്കിയത്. ഈ മാസം 19 ന് ( ശനിയാഴ്ച ) മികച്ച ഫോമിലുള്ള ലക്നൗ സൂപ്പർ ജയന്റ്സിന് എതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. പിഴവുകൾ തിരുത്തി ഈ മത്സരത്തിൽ റോയൽസ് വിജയ വഴിയിലേക്ക് തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. അതേ സമയം കഴിഞ്ഞ മത്സരത്തിൽ കളിച്ച ടീമിൽ ചില നിർണായക മാറ്റങ്ങൾ വരുത്തി ഇക്കുറി റോയൽസ് ഇറങ്ങാനാണ് സാധ്യത. മോശം ഫോമിലുള്ള രണ്ട് പേർക്കെങ്കിലും ടീമിലെ സ്ഥാനം നഷ്ടമായേക്കും. ലക്നൗവിന് എതിരെ രാജസ്ഥാൻ റോയൽസ് ടീമിൽ വരാൻ സാധ്യതയുള്ള മാറ്റവും അവരുടെ സാധ്യത പ്ലേയിങ് ഇലവനും നോക്കാം.

ഈ സീസണിൽ വലിയ പ്രതീക്ഷകളോടെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയ താരമാണ് തുഷാർ ദേഷ്പാണ്ടെ. എന്നാൽ ഇതുവരെ ടീമിനായി മികച്ച പ്രകടനം കാഴ്ചവെക്കാൻ അദ്ദേഹത്തിനായിട്ടില്ല. കഴിഞ്ഞ‌ കളിയിലും നിരാശപ്പെടുത്തിയ തുഷാർ ദേഷ്പാണ്ടെയെ അടുത്ത കളിയിൽ റോയൽസ് പുറത്തിരുത്തിയേക്കും. അദ്ദേഹത്തിന് പകരം ആകാശ് മധ്വാലിനോ യുധ്വീർ സിങിനോ ടീമിലേക്ക് വിളി വന്നേക്കും.

ആ മണ്ടൻ തീരുമാനം രാജസ്ഥാന് തിരിച്ചടിയായി; തോൽവിക്ക് പിന്നാലെ സഞ്ജുവിന്റെ ടീമിനെതിരെ ആരാധകർ രംഗത്ത്
ശ്രീലങ്കൻ സ്പിന്നർ മഹീഷ് തീക്ഷണയേയും രാജസ്ഥാൻ അടുത്ത കളിയിൽ പുറത്തിരുത്തിയേക്കും. പകരം ദക്ഷിണാഫ്രിക്കൻ പേസർ ക്വനെ മഫാക്കക്ക് ഒരവസരം നൽകി നോക്കാവുന്നതാണ്. മഫാക്ക എത്തുന്നത്‌ ടീമിന്റെ പേസ് കരുത്ത് വർധിപ്പിക്കും.‌

യശസ്വി ജയ്സ്വാളും ക്യാപ്റ്റൻ സഞ്ജു സാംസണും ചേർന്നാകും ഈ കളിയിലും രാജസ്ഥാൻ റോയൽസിന്റെ ബാറ്റിങ് ഓപ്പൺ ചെയ്യുക. കഴിഞ്ഞ കളിയിൽ അർധസെഞ്ചുറി നേടിയ ജയ്സ്വാളിൽ നിന്ന് മറ്റൊരു കിടിലൻ ഇന്നിങ്സാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഡെൽഹിക്ക് എതിരെ 19 പന്തിൽ‌ 31 റൺസെടുത്ത് നിൽക്കെ പരിക്കേറ്റ് പുറത്തായ സഞ്ജു സാംസണിൽ നിന്നും മറ്റൊരു കിടിലൻ ഇന്നിങ്സ് ആരാധകർ ആഗ്രഹിക്കുന്നുണ്ട്. മൂന്നാം നമ്പരിൽ നിതീഷ് റാണയെ കളിപ്പിക്കുന്നതാവും നല്ലത്. റിയാൻ പരാഗ് നാലാം സ്ഥാനത്ത് തന്നെ ഇറങ്ങുന്നതാണ് ടീമിന് ഗുണം ചെയ്യുക.

ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മെയർ എന്നിവരാകും മധ്യനിരയിലെ മറ്റ് ബാറ്റർമാർ. നിലവിൽ അത്ര മികച്ച ഫോമിലല്ല ഇരുവരും എന്നത് ശ്രദ്ധേയം. കഴിഞ്ഞ കളിയിൽ സ്റ്റാർക്ക് എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്ന ഒമ്പത് റൺസ് നേടാൻ സാധിക്കാതിരുന്നത് ഇവരുടെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടുണ്ട്. വനിന്ദു ഹസരംഗയാവും ടീമിന്റെ സ്പിൻ നിരയെ നയിക്കുക. ഇംഗ്ലീഷ് താരം ജോഫ്ര ആർച്ചർ നയിക്കുന്ന പേസ് നിരയിൽ മഫാക്കയും, സന്ദീപ് ശർമയും ഒപ്പം മധ്വാൽ, യുധ്വീർ സിങ് എന്നിവരിൽ ഒരാളും അണിനിരക്കും. ഇതിൽ ആർച്ചർ ഒഴിച്ച് മറ്റാരും അത്ര മികച്ച ഫോമിൽ അല്ല എന്നത് റോയൽസിനെ ആശങ്കാകുലരാക്കുന്നുണ്ട്.

സഞ്ജു സാംസണ്‍ മല്‍സരത്തിനിടെ പരിക്കേറ്റ് പുറത്ത്; എന്താണ് റിട്ടയേര്‍ഡ് ഹര്‍ട്ടും റിട്ടയേര്‍ഡ് ഔട്ടും
രാജസ്ഥാന്റെ സാധ്യത പ്ലേയിങ് ഇലവൻ: സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, നിതീഷ് റാണ, റിയാൻ പരാഗ്, ധ്രുവ് ജൂറൽ, ഷിംറോൺ ഹെറ്റ്മെയർ, വനിന്ദു ഹസരംഗ, ജോഫ്ര ആർച്ചർ, സന്ദീപ് ‌ശർമ,‌ ക്വെന മഫാക്ക, യുധ്വീർ സിങ് / ആകാശ് മധ്വാൽ.
ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article