Published: September 04, 2025 09:46 PM IST
1 minute Read
ജയ്‌പുർ∙ ഐപിഎലിൽ മലയാളി താരം സഞ്ജു സാംസണ് വമ്പന്‍ തിരിച്ചടിയെന്ന് റിപ്പോര്‍ട്ടുകള്‍. രാജസ്ഥാൻ റോയൽസ് വിടാനുള്ള താല്‍പര്യം സഞ്ജു ടീമിനെ അറിയിച്ചെങ്കിലും അതു നടക്കാന്‍ സാധ്യതയില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. താല്‍പര്യമില്ലാതെ ഫ്രാഞ്ചൈസിയില്‍ തുടരേണ്ടി വരുമെന്നതിനു പുറമെ ക്യാപ്റ്റന്‍ സ്ഥാനം നഷ്ടമാകുമെന്നും സൂചനയുണ്ട്.
മിനി ലേലത്തിന് മുന്‍പായി തന്നെ റിലീസ് ചെയ്യണമെന്നായിരുന്നു സഞ്ജു ഫ്രാഞ്ചൈസിയോട് അഭ്യര്‍ഥിച്ചിരുന്നത്. ചെന്നൈ സൂപ്പർ കിങ്സിനു താരത്തെ വാങ്ങാനും താൽപര്യമുണ്ടായിരുന്നു. എന്നാൽ സഞ്ജുവിന് പകരമായി ശിവം ദുബെയെയോ രവീന്ദ്ര ജഡേജയെയോ വേണമെന്നായിരുന്നു റോയല്‍സിന്‍റെ ആവശ്യം. ഇത് സാധ്യമല്ലെന്ന് സിഎസ്കെ വ്യക്തമാക്കിയതോടെ ആ വഴി അടഞ്ഞു.
കഴിഞ്ഞ സീസണില്‍ 14 മല്‍സരങ്ങളില്‍ ആകെ നാലെണ്ണത്തില്‍ മാത്രമാണ് രാജസ്ഥാന്‍ റോയല്‍സിന് ജയിക്കാനായത്. പരുക്കേറ്റതിന് പുറമെ കഴിഞ്ഞ സീസണില്‍ ടീമിലുണ്ടായ അസ്വാരസ്യങ്ങളാണ് കൂടുമാറ്റത്തിന് സഞ്ജുവിനെ പ്രേരിപ്പിച്ചത്. റിയാൻ പരാഗിനെ ക്യാപ്റ്റനാക്കിയതും കോച്ച്് രാഹുൽ ദ്രാവിഡുമായുള്ള സ്വരച്ചേര്‍ച്ച നഷ്ടപ്പെട്ടതും ഇതിന് ആക്കം കൂട്ടി. ക്യാപ്റ്റനായിട്ടു പോലും നിര്‍ണായക തീരുമാനങ്ങളെടുക്കുന്നതില്‍ കൂടിയാലോചന ഇല്ലാതിരുന്നതും താരത്തെ പ്രയാസത്തിലാക്കിയെന്നും അവസാന മത്സരങ്ങളിലേക്കെത്തിയപ്പോള്‍ വിള്ളല്‍ പ്രകടമായിരുന്നെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അടുത്ത സീസണില്‍ ആരു നയിക്കണമെന്നതില്‍ രാജസ്ഥാന്‍ റോയല്‍സില്‍ തന്നെ മൂന്നു ചിന്തകളാണെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. സഞ്ജുവിന് പരുക്കേറ്റപ്പോള്‍ ടീമിനെ നയിച്ച പരാഗിനായി മാനേജ്മെന്‍റിന്‍റെ ഭാഗത്തുനിന്നു സമ്മര്‍ദമുണ്ട്. അതല്ല, ഭാവി മുന്നില്‍ കണ്ട് യശസ്വി ജയ്‌സ്വാളിനെ ക്യാപ്റ്റനാക്കണമെന്ന് വാദിക്കുന്നവരും കുറവല്ല. സഞ്ജു തന്നെ നയിക്കണമെന്നും മറ്റുള്ളവരെ വളര്‍ത്തിയെടുക്കാമെന്ന അഭിപ്രായവും ഇല്ലാതെയില്ല. അതുകൊണ്ട് തന്നെ വരുന്ന സീസണില്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ലെന്നാണ് സൂചന.
കഴിഞ്ഞ മാസം അവസാനം, രാജസ്ഥാൻ റോയൽസിന്റെ പരിശീലകസ്ഥാനം അൻപത്തിരണ്ടുകാരൻ രാഹുൽ ദ്രാവിഡ് ഒഴിഞ്ഞിരുന്നു. 2021ൽ ഇന്ത്യൻ ടീം പരിശീലകനായ ദ്രാവിഡ്, 2024 ട്വന്റി20 ലോകകപ്പ് ജയത്തോടെ സ്ഥാനം ഒഴിഞ്ഞു. പിന്നാലെയാണ് രാജസ്ഥാന്റെ ഹെഡ് കോച്ചായത്. കഴിഞ്ഞ സീസണിൽ ദ്രാവിഡിനു കീഴിൽ 9–ാം സ്ഥാനത്താണ് രാജസ്ഥാൻ ഫിനിഷ് ചെയ്തത്.
2013ല്‍ രാജസ്ഥാൻ റോയൽസിലെത്തിയ സഞ്ജു, ടീമിന് വിലക്ക് നേരിട്ട ഘട്ടത്തില്‍ ഡല്‍ഹിക്കായി കളിച്ചിരുന്നു. 2018ല്‍ രാജസ്ഥാനില്‍ മടങ്ങിയെത്തി. 2021ലാണ് ടീമിന്റെ നായകനായി മലയാളി താരമെത്തുന്നത്. അടുത്ത സീസണില്‍ ടീമിനെ ഐപിഎല്‍ ഫൈനലിലുമെത്തിച്ചു.
English Summary:








English (US) ·