Published: April 17 , 2025 09:48 AM IST
1 minute Read
ന്യൂഡൽഹി ∙ മിച്ചൽ സ്റ്റാർക്കിന്റെ ഇടംകൈയിൽനിന്നു പാഞ്ഞ സൂപ്പർ ഫാസ്റ്റ് യോർക്കറുകൾ ആദ്യം ഡൽഹിയെ തോൽവിയിൽനിന്നു രക്ഷിച്ചു. പിന്നീട് സൂപ്പർ ഓവറിൽ കളി ജയിപ്പിച്ചു. ഈ സീസണിൽ ആദ്യമായി സൂപ്പർ ഓവറിലേക്കു നീണ്ട ഐപിഎൽ ത്രില്ലറിൽ ഡൽഹി രാജസ്ഥാനെ കീഴടക്കിയപ്പോൾ ജയമൊരുക്കിയത് സ്റ്റാർക്കിന്റെ ബോളിങ് ബ്രില്യൻസ്. സൂപ്പർ ഓവറിൽ 2 റണ്ണൗട്ടുകൾ സഹിതം 5 പന്തിൽ രാജസ്ഥാന്റെ ബാറ്റിങ് അവസാനിപ്പിച്ച മിച്ചൽ സ്റ്റാർക് വഴങ്ങിയത് 11 റൺസ് മാത്രം. 12 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഡൽഹി ബാറ്റർമാരായ കെ.എൽ.രാഹുലും ട്രിസ്റ്റൻ സ്റ്റബ്സും നാലാം പന്തിൽ കളി തീർത്തു. നേരത്തേ, അവസാന ഓവറിൽ ജയിക്കാൻ 9 റൺസ് വേണ്ടിയിരുന്ന രാജസ്ഥാനെ 8 റൺസിൽ പിടിച്ചുകെട്ടിയ സ്റ്റാർക്കാണ് മത്സരം സൂപ്പർ ഓവറിലേക്കു നീട്ടിയത്.
18–ാം ഓവറിൽ രാജസ്ഥാൻ ടോപ് സ്കോറർ നിതീഷ് റാണയെ വിക്കറ്റിനു മുന്നിൽ കുരുക്കി സ്റ്റാർക് പുറത്താക്കിയതോടെയാണു കളി തിരിഞ്ഞത്. അവസാന ഓവറിൽ രാജസ്ഥാനു ജയിക്കാൻ വേണ്ടിയിരുന്ന 9 റൺസ് പ്രതിരോധിച്ച സ്റ്റാർക് സൂപ്പർ ഓവറിൽ 11 റൺസ് മാത്രം വഴങ്ങി ഡൽഹിയുടെ വിജയലക്ഷ്യം ലഘൂകരിക്കുകയും ചെയ്തു. സ്കോർ: ഡൽഹി–20 ഓവറിൽ 5ന് 188. രാജസ്ഥാൻ–20 ഓവറിൽ 4ന് 188. സൂപ്പർ ഓവർ: രാജസ്ഥാൻ 5 പന്തിൽ 11. ഡൽഹി 4 പന്തിൽ 13.189 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്സ്വാളിന്റെയും (37 പന്തിൽ 51), നിതീഷ് റാണയുടെയും (28 പന്തിൽ 51) അർധ സെഞ്ചറിക്കരുത്തിലാണ് മുന്നേറിയത്.
മികച്ച ഫോമിലായിരുന്ന സഞ്ജു സാംസൺ (19 പന്തിൽ 31) ആറാം ഓവറിൽ റിട്ടയേഡ് ഹർട്ടായെങ്കിലും ജയ്സ്വാളും നിതീഷും അവസരത്തിനൊത്തുയർന്നു. അവസാന 3 ഓവറിൽ ജയിക്കാൻ 31 റൺസ് വേണ്ടിയിരിക്കെ, 18–ാം ഓവറിൽ നിതീഷിനെ പുറത്താക്കിയ സ്റ്റാർക് വഴങ്ങിയത് 8 റൺസ് മാത്രം. അവസാന ഓവറിൽ ഉഗ്രൻ യോർക്കറുകളിലൂടെ ധ്രുവ് ജുറേലിനെയും (26) ഷിമ്രോൺ ഹെറ്റ്മെയറിനെയും (15*) സ്റ്റാർക് വീണ്ടും വരിഞ്ഞുമുറുക്കി. ജയിക്കാൻ 2 റൺസ് വേണ്ടിയിരുന്ന അവസാന പന്തിൽ രണ്ടാം റണ്ണിനുള്ള ശ്രമത്തിനിടെ ജുറേൽ റണ്ണൗട്ടായതോടെ മത്സരം ടൈ.
നേരത്തേ, പവർപ്ലേയിലും മധ്യ ഓവറുകളിലും നിറംമങ്ങിയ ഡൽഹിയെ മികച്ച സ്കോറിലെത്തിച്ചത് അവസാന ഓവറുകളിൽ ആഞ്ഞടിച്ച അക്ഷർ പട്ടേലും (14 പന്തിൽ 34) ട്രിസ്റ്റൻ സ്റ്റബ്സും (18 പന്തിൽ 34 നോട്ടൗട്ട്) ചേർന്നാണ്. അഭിഷേക് പോറലും (37 പന്തിൽ 49) കെ.എൽ.രാഹുലും (32 പന്തിൽ 38) മൂന്നാം വിക്കറ്റിൽ 63 റൺസ് കൂട്ടുകെട്ടുമായി പിടിച്ചുനിന്നു. അവസാന 5 ഓവറിൽ 77 റൺസ് നേടിയതോടെ ഡൽഹി മികച്ച സ്കോറിലെത്തി.
English Summary:








English (US) ·