'രാജാവിൻ പാർവൈ റാണിയെപ്പക്കം'; മലയാളികള്‍ക്കും ഹരമായിരുന്ന എംജിആര്‍- സരോജാ ദേവി വിജയജോഡി

6 months ago 6

ബെംഗളൂരു: ‘രാജാവിൻ പാർവൈ റാണിയെപ്പക്കം...’ പി. സുശീലയും ടി.എം. സൗന്ദരരാജനും ചേർന്നുപാടിയ ഈ തമിഴ് സിനിമാഗാനം പഴയതലമുറയിലെ മലയാളികൾ സ്വന്തം ഭാഷയിലെ പാട്ടുപോലെ പാടിനടന്നതാണ്. എം.ജി.ആറും ബി. സരോജാദേവിയും പാടി അഭിനയിക്കുന്ന ഈ പ്രണയഗാനം 1966-ൽ ഇറങ്ങിയ ‘അൻപേ വാ’ എന്ന തമിഴ് സിനിമയിലേതാണ്.

എം.ജി.ആറും സരോജാദേവിയും ജോഡികളായി അഭിനയിച്ച ചിത്രങ്ങൾ ഒരുകാലത്ത് മലയാളി സിനിമാപ്രേക്ഷകരുടെ ഹരമായിരുന്നു. 60-കളിലും 70-കളിലുമുള്ള മലയാളി സിനിമാ ആസ്വാദകരെ ഈ ചിത്രങ്ങൾ ആവേശംകൊള്ളിച്ചു. അതുകൊണ്ടുതന്നെ ബി. സരോജാദേവിയുടെ വിടവാങ്ങൽ മലയാളി പ്രേക്ഷകരെയും കണ്ണീരിലാഴ്ത്തും.

എംജിആറിന്റെ നാടോടി മന്നലിലൂടെ നായികയായ സരോജാദേവി പിന്നീട് തമിഴിൽ ഒട്ടേറെ ചിത്രങ്ങളിൽ നായികയായി. 1959-ൽ ഇറങ്ങിയ ജെമിനി ഗണേശന്റെ കല്യാണ പരിശു, ശിവാജി ഗണേശന്റെ ഭാഗ പിരിവിനൈ, പാലും പഴവും, ആലയമണി, പുതിയ പറവൈ, എംജിആറിന്റെ തിരുടാതെ, വാഴ്‌കൈ വാഴ്വതർകെ, പെരിയയിടത്തു പെണ്ണ്, പണക്കാര കുടുംബം, എങ്കെ വീട്ടുപ്പിള്ളൈ തുടങ്ങിയ ചിത്രങ്ങൾ സരോജാദേവിയെ പ്രേക്ഷകരുടെ പ്രിയതാരമാക്കി മാറ്റി.

കിട്ടൂർ റാണി ചെന്നമ്മ, ചിന്താമണി, സ്കൂൾ മാസ്റ്റർ, ജഗത്‌ജ്യോതി ബസവേശ്വര തുടങ്ങി നിരവധി ചിത്രങ്ങൾ കന്നഡ പ്രേക്ഷകരെ ആകർഷിച്ചു. കന്നഡയിലെ ആദ്യ കളർ സിനിമയായ അമരശിൽപി ജകനാചാരിയിലെ നായികയും സരോജാദേവിയാണ്.

എൻ.ടി.രാമറാവുവിന്റെ നായികയായി നിരവധി തെലുഗു സിനിമകളിലും സരോജാദേവിയെത്തി. സീതാരാമ കല്യാണ, ജഗദേക വീരുണി കഥ തുടങ്ങിയ സിനിമകൾ ഉദാഹകരണം. സരോജ തെലുഗു ഭാഷ പഠിക്കുകയും ചെയ്തു. ഒപ്പറ ഹൗസ്, പരീക്ഷ, ഹോങ് കോങ്, പ്യാർ കിയാ തൊ ദർണ ക്യാ തുടങ്ങിയ ഹിന്ദി സിനിമകളും മികച്ച വിജയം നേടി. കന്നഡ, തമിഴ്, തലുഗ്, ഹിന്ദി ഭാഷകളിൽ നായികയായി വർഷങ്ങളോളം നിലനിന്ന മറ്റൊരു നടി അക്കാലത്തുണ്ടായിരുന്നില്ല.

സരോജാദേവിയുടെ നിര്യാണത്തിൽ സിനിമാ-രാഷ്ട്രീയ മേഖലകളിലുള്ള ഒട്ടേറെ പ്രമുഖർ അനുശോചിച്ചു. ലക്ഷക്കണക്കിന് ആരാധകരുടെ ഹൃദയം കീഴടക്കിയ നടിയാണ് സരോജാദേവിയെന്ന് നടൻ രജനീകാന്ത് അനുശോചിച്ചു. തനിക്ക് മറ്റൊരമ്മയായിരുന്നു സരോജാദേവിയെന്ന് കമൽഹാസൻ എക്സിൽ കുറിച്ചു. നടൻ ശിവരാജ്കുമാർ, മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ തുടങ്ങിയവരും അനുശോചിച്ചു. മല്ലേശ്വരത്തെ സരോജാദേവിയുടെ വീട്ടിലെത്തി ഒട്ടേറെപ്പേർ ആദരാഞ്ജലിയർപ്പിച്ചു.

സംസ്കാരം ചൊവ്വാഴ്ച ചന്നപട്ടണയിലെ സരോജാദേവിയുടെ ഗ്രാമമായ ദശവാരിയിൽ നടക്കും. സരോജാദേവി മുൻപ്‌ പ്രകടിപ്പിച്ച ആഗ്രഹപ്രകാരം അവരുടെ കണ്ണുകൾ ദാനംചെയ്തു.

സരോജാദേവി എംജിആറിന്റെയും വിജയജോഡി
സരോജാദേവിയെ വിജയജോഡിയായാണ് ആദ്യകാലത്ത് എംജിആറും കണ്ടിരുന്നത്. ഇരുവരും ജോടികളായി അഭിനയിച്ച 26 സിനിമകൾ തുടർച്ചയായി പുറത്തിറങ്ങി. എംജിആറിന്റെയും ശിവാജി ഗണേശന്റെയും ജെമിനി ഗണേശന്റെയും നായികയായി സരോജാദേവി വേഷമിട്ട തമിഴ് സിനിമകൾ കേരളത്തിലെ തിയേറ്ററുകളും ജനസമുദ്രമാക്കിയിരുന്നു.

ഹിന്ദിയിൽ ദിലീപ് കുമാറിന്റെയും ഷമ്മി കപുറിന്റെയും മറ്റും ഹിറ്റ് സിനിമകളിൽ നായികയായെത്തി. തെലുഗുവിൽ എൻ.ടി. രാമറാവുവിന്റെ ചിത്രങ്ങളിൽ നായികയായി. 200-ലധികം ചിത്രങ്ങളിൽ അഭിനയിച്ചതിൽ മിക്കവയും വാണിജ്യവിജയങ്ങളായിരുന്നു.

‘പൈഗാം’ എന്ന ഹിന്ദി ചിത്രത്തിൽ ദിലീപ് കുമാറിന്റെയും ‘പ്യാർ കിയാ തൊ ഡർന ക്യാ’ എന്ന ചിത്രത്തിൽ ഷമ്മി കപുറിന്റെയും നായികയായി. കന്നഡയിൽ ‘കിത്തുർ റാണി ചെന്നമ്മ’ എന്ന ചിത്രം സരോജാ ദേവിയെ പ്രശസ്തയാക്കി.

1969-ലാണ് രാജ്യം പദ്മശ്രീ പുരസ്കാരം നൽകി സരോജാ ദേവിയെ ആദരിച്ചത്. 1992-ൽ പദ്മഭൂഷൺ നൽകി. തമിഴ്‌നാട് സർക്കാരിന്റെ ആജീവനാന്ത പുരസ്കാരമായ കലൈമാമണി 2010-ൽ ലഭിച്ചു. കന്നഡ രാജ്യോത്സവ പുരസ്കാരവും ഡോ. രാജ്കുമാർ പുരസ്കാരവും എൻടിആർ. പുരസ്കാരവും എംജിആർ പുരസ്കാരവും ലഭിച്ചിട്ടുണ്ട്.

കന്നഡ ഫിലിം ഡിവലപ്‌മെന്റ് കോർപ്പറേഷൻ ചെയർപേഴ്‌സണായും കണ്ഠീരവ സ്റ്റുഡിയോയുടെ ചെയർപേഴ്‌സണായും പ്രവർത്തിച്ചു. രണ്ടുതവണ (1998-ലും 2005-ലും) ദേശീയ ചലച്ചിത്ര പുരസ്കാര നിർണസമിതി അധ്യക്ഷയായി. ഇന്ത്യയുടെ അറുപതാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി 2006-ൽ സമഗ്ര സംഭാവനയ്ക്കുള്ള കേന്ദ്രസർക്കാരിന്റെ പുരസ്കാരം ലഭിച്ചു.

ആദരാഞ്ജലിയർപ്പിച്ച് തമിഴകം
ചെന്നൈ: തമിഴകം കന്നഡത്തു പൈങ്കിളി എന്നു വിശേഷിപ്പിച്ച പ്രശസ്ത നടി ബി. സരോജാദേവിയുടെ നിര്യാണത്തിൽ തമിഴ്‌നാട്ടിലെ രാഷ്ട്രീയ, സാംസ്കാരിക നേതാക്കളും സിനിമാലോകവും അനുശോചിച്ചു. നാടോടി മന്നൻ, തിരുവിളയാടൽ, അണ്ണൈ ഇല്ലം, തിരുമണം തുടങ്ങിയ സിനിമകളിലൂടെ ഒരു കാലത്ത് തമിഴ് സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നടിയായിരുന്നു അവരെന്ന് ചലച്ചിത്രലോകം ഓർമ്മിച്ചു.

എം.ജി. രാമചന്ദൻ, എൻ.ടി.ആർ, ശിവാജി ഗണേശൻ, ജെമിനി ഗണേശൻ തുടങ്ങിയ അതികായൻമാർക്കൊപ്പം അഭിനയിച്ച സരോജാ ദേവി പുതിയ തലമുറയിലെ സൂര്യ, വിജയ് തുടങ്ങിയവർക്കൊപ്പവും വേഷമിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുസ്മരിച്ചു. ഭാഷയുടെയും കാലത്തിന്റെയും അതിരുകൾ ഭേദിച്ച നടിയായിരുന്നു സരോജാദേവിയെന്ന് തമിഴ്‌നാട് ഗവർണർ ആർ.എൻ. രവി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രതിപക്ഷ നേതാവ് എടപ്പാടി പളനിസ്വാമിയും അനുശോചനം പ്രകടിപ്പിച്ചു.

സരോജാദേവി തനിക്ക് അമ്മയെപ്പോലെയായിരുന്നെന്ന് നടൻ കമൽഹാസൻ പറഞ്ഞു. ജനലക്ഷങ്ങളുടെ ആരാധനനേടിയ മഹാനടിയായിരുന്നു സരോജാദേവിയെന്ന് രജനീകാന്ത് പറഞ്ഞു. സുവർണ സിനിമയുടെ ഒരുകാലഘട്ടം അവസാനിച്ചെന്നും സരോജദേവി എക്കാലത്തെയും മികച്ച നടിയായിരുന്നെന്നും നടി ഖുശ്ബു പറഞ്ഞു.

Content Highlights: Remembering B. Saroja Devi: South Indian Cinema Legend

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article