രാജിവെച്ചുപോയതാണ്, അതിജീവിത തിരിച്ചുവന്നാല്‍ സന്തോഷം; അടിയന്തര അജന്‍ഡയിലില്ല- ശ്വേതാ മേനോന്‍

5 months ago 5

കൊച്ചി: രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കുന്നത് സംഘടനയുടെ അടിയന്തര അജന്‍ഡയിലില്ലെന്ന്‌ 'അമ്മ' അധ്യക്ഷ ശ്വേതാ മേനോന്‍. നടിയെ ആക്രമിച്ച കേസിലെ അതിജീവിത സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചുപോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷം. എന്നാല്‍, ചട്ടങ്ങളും നിയമങ്ങളും പ്രകാരം മാത്രമേ രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കാന്‍ കഴിയൂവെന്നും ശ്വേത മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'പരിഹരിക്കാന്‍ ഒരുപാട് കാര്യങ്ങളുണ്ട്. ഒരു പോയിന്റില്‍ തന്നെ തട്ടിനില്‍ക്കേണ്ടതില്ല. അവര്‍ സംഘടനയുടെ ഭാഗമായിരുന്നു. രാജിവെച്ചുപോയതാണ്. തിരിച്ചുവന്നാല്‍ സന്തോഷം. അടിയന്തര അജന്‍ഡയായി വിഷയമുണ്ടോ എന്ന് ചോദിച്ചാല്‍ ഇല്ല. ഞാന്‍ എന്റെ വീട്ടില്‍നിന്ന് കൊണ്ടുവരുന്ന നിയമങ്ങളല്ല. രാജിവെച്ചുപോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്'-ശ്വേത പറഞ്ഞു.

'അമ്മയില്‍നിന്ന് പുറത്തുപോയവര്‍ തിരിച്ചുവരണം. അംഗങ്ങള്‍ എല്ലാവരുടേയും ആഗ്രഹം അതുതന്നെയാണ്. എന്തിനാണ് അവര്‍ പിണങ്ങിപ്പോയത് എന്ന ചോദ്യം എല്ലാവര്‍ക്കുമുണ്ട്. അവര്‍ എല്ലാവരും തിരിച്ചുവരണമെന്നാണ് എന്റെ വ്യക്തിപരമായ ആഗ്രഹം. ചിലപ്പോള്‍ ഒരു മീറ്റിങ്ങില്‍ തീരുമാനിക്കാന്‍ കഴിഞ്ഞേക്കില്ല, പത്തോ നൂറോ മീറ്റിങ്ങുകള്‍ നടത്തേണ്ടിവരും. എന്റെ വ്യക്തിപരമായ ദൗത്യത്തെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ജനറല്‍ ബോഡിയും പിന്തുണയ്ക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. പ്രസിഡന്റ് എന്ന നിലയില്‍ ഞാന്‍ അതിന് മുന്‍കൈ എടുക്കും', അവര്‍ വ്യക്തമാക്കി.

'ഉത്തരവാദിത്തത്തെക്കുറിച്ച് പൂര്‍ണബോധ്യമുണ്ട്. സമയം വേണം എല്ലാം മെല്ലെ മെല്ലേ ശരിയാക്കും. ബൈലോ പ്രകാരം തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്തശേഷം ജനറല്‍ ബോഡിയുടെ അനുവാദത്തോടെയാണ് നടപ്പാക്കുക. എന്റെ മനസില്‍ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാല്‍, എന്റെ വ്യക്തിപരമായ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ പറ്റില്ല. കൂട്ടായാണ് തീരുമാനമെടുക്കുക', സംഘടനയുടെ പ്രസിഡന്റ് എന്ന നിലയിലെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ശ്വേത പറഞ്ഞു.

'ആരോപണവിധേയരായവര്‍ മാറിനില്‍ക്കണമെന്നത് സമൂഹത്തോടുള്ള പ്രതിബദ്ധതയാണ്. എല്ലാ കാര്യങ്ങളും ബൈലോ പ്രകാരമാവരുത്, സാമൂഹികപ്രതിബദ്ധതയും വേണം. സിദ്ധിഖും ഇടവേള ബാബുവും ആരോപണം വന്നപ്പോള്‍ മാറിനിന്നു. കേസ് വന്നപ്പോള്‍ ബാബുരാജ് മാറിനില്‍ക്കാത്തതുകൊണ്ടാണ് കാര്യങ്ങള്‍ നീണ്ടുപോയത്. എന്നുകരുതി അവര്‍ മോശമായ ആളുകളാണെന്ന് ഞാന്‍ പറയില്ല. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അവര്‍ 'അമ്മ' അംഗങ്ങള്‍ തന്നെയാണ്', നടി വ്യക്തമാക്കി.

Content Highlights: AMMA president Shwetha Menon connected the ongoing histrion onslaught case

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article