രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയപ്പോൾ മോചിപ്പിക്കാൻ അഭ്യർഥിച്ചു- കമൽഹാസന് താരസംഘടനയുടെ പിന്തുണ

7 months ago 8

02 June 2025, 07:27 AM IST

kamal haasan

കമൽഹാസൻ | Photo: Mathrubhumi

ചെന്നൈ: കന്നഡഭാഷയെക്കുറിച്ചു നടത്തിയ പരാമർശത്തിൽ കർണാടകയിൽ വലിയ എതിർപ്പുകൾ നേരിടുന്ന നടൻ കമൽഹാസന് പിന്തുണയുമായി തമിഴ്നാട്ടിലെ സിനിമ, ടെലിവിഷൻ, നാടക അഭിനേതാക്കളുടെ സംഘടനയായ സൗത്ത് ഇന്ത്യൻ ആർട്ടിസ്റ്റ് അസോസിയേഷൻ (എസ്ഐഎഎ). കമൽഹാസന്റെ പരാമർശം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്നും വാക്കുകളിലെ ഉദ്ദേശം കർണാടക സർക്കാരും, കന്നഡ ചലച്ചിത്ര മേഖലയും മനസ്സിലാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കമൽഹാസനെ കന്നഡ വിരുദ്ധനായി ചിത്രീകരിക്കുന്നത് അംഗീകരിക്കാനാവില്ല. യുക്തിബോധമുള്ള ഒരാളും അതുവിശ്വസിക്കില്ല. ജാതി, മതം, വംശം, ഭാഷ എന്നിവയുടെ അതിർവരമ്പുകൾ മറികടന്ന കലാകാരനാണ് കമൽഹാസൻ. കർണാടകയുമായി അടുത്തബന്ധം സൂക്ഷിക്കുന്നുണ്ട്. പ്രമുഖ നടൻ രാജ്കുമാറുമായും നാടകകൃത്തും നടനുമായ ഗിരീഷ് കർണാടുമായും നല്ല സൗഹൃദബന്ധം സൂക്ഷിച്ചിരുന്നു. 2000-ൽ രാജ്കുമാറിനെ വീരപ്പൻ തട്ടിക്കൊണ്ടുപോയപ്പോൾ മോചിപ്പിക്കാൻ കമൽഹാസൻ പരസ്യമായി അഭ്യർഥിച്ചു. രാജ്കുമാറിനെ അദ്ദേഹം സഹോദരനായി കണക്കാക്കി. ശിവരാജ്കുമാറിനെ മകനെപ്പോലെ കണ്ടു. കർണാടകയുമായി ഇത്രയൊക്ക വലിയബന്ധം സൂക്ഷിക്കുന്ന കമൽഹാസന്റെ പരാമർശം ആളിക്കത്തിക്കുന്നത് അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

കന്നഡഭാഷ തമിഴിൽനിന്ന് ഉത്ഭവിച്ചതാണെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. കർണാടകയിലെ തന്റെ കുടുംബാംഗമാണ് നടൻ ശിവരാജ്കുമാർ എന്നും അദ്ദേഹം സംസാരിക്കുന്ന ഭാഷ തന്റെ ഭാഷയായ തമിഴിൽനിന്ന് ഉത്ഭവിച്ചതാണെന്നും അതിനാൽ തങ്ങൾ സഹോദരങ്ങളെപ്പോലെയാണ് എന്നുമായിരുന്നു പരാമർശം. ഇത് കന്നഡ ഭാഷയെ അപമാനിക്കുന്നതാണെന്ന് ആരോപിച്ച് ബിജെപിയും, കർണാടക ഫിലിം ചേംബറും കന്നഡ ഭാഷാ സംഘടനകളും രംഗത്തുവരുകയായിരുന്നു. തെറ്റു ചെയ്യാത്തതിനാൽ മാപ്പുപറയാൻ ഒരുക്കമല്ലെന്നും കമൽഹാസൻ വ്യക്തമാക്കിയിരുന്നു.

Content Highlights: South Indian Artists` Association backs Kamal Haasan aft his comments connected Kannada

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article