Published: May 07, 2026 05:05 PM IST Updated: May 07, 2026 05:52 PM IST
1 minute Read
ന്യൂഡൽഹി ∙ ഇന്ത്യയിലാദ്യമായി ഡാൻസ് സ്പോർട്സ് ഇനങ്ങളായ അക്രോബാറ്റിക്സ് റോക്ക് ആൻഡ് റോൾ, അക്രോ സ്വിങ് മത്സരങ്ങൾ ഡൽഹിയിൽ നടക്കുന്നു. വേൾഡ് ഫെഡറേഷൻ ഓഫ് അക്രോബാറ്റിക്സ് ഡാൻസസ് ആൻഡ് ഡാൻസ് സ്പോർട്സ്, നാഷനൽ ഫെഡറേഷൻ ഓഫ് അക്രോബാറ്റിക്സ് ആൻഡ് ഡാൻസ് സ്പോർട്സ് ഇന്ത്യയുമായി ചേർന്നാണ് ഏഷ്യൻ ചാംപ്യൻഷിപ് കപ്പ് സംഘടിപ്പിക്കുന്നത്. അക്രോബാറ്റിക്സ് റോക്ക് ആൻഡ് റോൾ, അക്രോ സ്വിങ് എന്നീ ഡാൻസ് സ്പോർട്സ് ഇനങ്ങളെ ഇന്ത്യയിൽ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ രാജ്യാന്തര മത്സരം നടക്കുന്നത്.
മേയ് 8 ന് ഡൽഹി താൽക്കത്തോറ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക. മത്സരത്തിന് മുന്നോടിയായി മേയ് 4 മുതൽ 7 വരെ ഛത്തർപൂരിലുള്ള മന്ഥൻ ജിംനാസ്റ്റിക്സ് അക്കാദമിയിൽ വച്ച് ‘ഏഷ്യ ട്രെയിനിങ്– ഇന്ത്യാസ് നാഷനൽസ് സിലക്ഷൻ ക്യാംപ് നടക്കുന്നുണ്ട്. റഷ്യയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള ലോക ചാംപ്യന്മാരായ സ്വെറ്റ്‌ലാന ഗവ്‌രിലോവ, അലക്സി ഗവ്‌രിലോവ്, ഓൾഗ സ്ബിറ്റ്‌നേവ, ഇവാൻ യുഡിൻ, ഇഗോർ വിൻകോവിച്ച്, അലക്സ് ഡെലി എന്നിവരാണ് ഇന്ത്യൻ കായികതാരങ്ങൾക്ക് പരിശീലനം നൽകുന്നത്.
ഉത്തരാഖണ്ഡ്, മഹാരാഷ്ട്ര, ജാർഖണ്ഡ്, രാജസ്ഥാൻ, ചണ്ഡിഗഡ്, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നായി ഏകദേശം 120 ഇന്ത്യൻ കായികതാരങ്ങൾ പങ്കെടുക്കും. കൂടാതെ കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, റഷ്യ, മംഗോളിയ, വിയറ്റ്നാം, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം രാജ്യന്തര താരങ്ങളും ടൂർണമെന്റിൽ അണിനിരക്കും.
എന്താണ് അക്രോബാറ്റിക്സ് റോക്ക് ആൻഡ് റോൾ?
നൃത്തവും കായിക അഭ്യാസങ്ങളും (Gymnastics) തുല്യ അളവിൽ ചേർത്തുവച്ച അതിവേഗത്തിലുള്ള ഒരു കായിക മത്സരമാണിത്. സാധാരണ നൃത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇതിൽ നർത്തകർ തമ്മിലുള്ള ശാരീരികമായ കരുത്തും മെയ്‌വഴക്കവുമാണ് ഏറ്റവും പ്രധാനം. മിനിറ്റിൽ 48 മുതൽ 52 വരെ താളത്തിൽ (Beats) ചലിക്കുന്ന അതിവേഗ സംഗീതത്തിനൊപ്പമാണ് ഇതിലെ ചുവടുകൾ (Footwork) അവതരിപ്പിക്കുന്നത്.
നൃത്തത്തിനിടയിൽ പങ്കാളിയെ വായുവിലേക്ക് ഉയർത്തിയെറിയുക (ത്രോ), കരണം മറിയുക (സോമർസോൾട്ട്), മറ്റ് കഠിനമായ ജിംനാസ്റ്റിക് അഭ്യാസങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കല എന്നതിലുപരി ഒരു മത്സര ഇനമായാണ് പരിഗണിക്കപ്പെടുന്നത്. കൃത്യമായ നിയമങ്ങളും പോയിന്റ് നൽകുന്ന രീതികളുമുണ്ട്. രണ്ടു തവണ ഒളിംപിക്സിൽ പ്രദർശന ഇനമായി ഉൾപ്പെടുത്തിയ അക്രോബാറ്റിക്സ് റോക്ക് ആൻഡ് റോൾ വൈകാതെ പ്രധാന മത്സരയിനമായി മാറുമെന്നാണ് സൂചന.
English Summary:







English (US) ·