Published: May 09 , 2025 01:15 PM IST
1 minute Read
ചെന്നൈ∙ ഇന്ത്യ–പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഐപിഎൽ മത്സരങ്ങൾ അനിശ്ചിത കാലത്തേക്ക് നിർത്തിവച്ചതിനു തൊട്ടുപിന്നാലെ, തീരുമാനത്തെ പിന്തുണച്ച് സമൂഹമാധ്യമത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പോസ്റ്റ്. രാജ്യമാണ് പ്രധാനമെന്നും ബാക്കിയെല്ലാം അതിനു ശേഷമേ വരൂ എന്നും അസന്നിഗ്ധമായി പ്രഖ്യാപിക്കുന്നതാണ് എക്സിൽ പങ്കുവച്ച പോസ്റ്റ്. ഇതിനകം ആയിരക്കണക്കിനു പേരാണ് ഈ പോസ്റ്റ് ലൈക്ക് ചെയ്തിരിക്കുന്നത്.
ദേശീയ പതാകയുമേന്തി കശ്മീരിലെ മഞ്ഞുമലകളെ അനുസ്മരിപ്പിക്കുന്ന പ്രദേശത്തിലൂടെ നടന്നുനീങ്ങുന്ന ഇന്ത്യൻ സൈനികരുടെ ചിത്രം സഹിതമാണ് ചെന്നൈ സൂപ്പർ കിങ്സിന്റെ പോസ്റ്റ്. ‘‘രാജ്യമാണ് പ്രധാനം. ബാക്കിയെല്ലാം അതിനുശേഷം മാത്രം’ എന്ന് ഇംഗ്ലിഷിൽ അതിൽ എഴുതിയിട്ടുമുണ്ട്.
‘‘സധൈര്യം ഓരോ ചുവടും. ഓരോ ഹൃദയമിടിപ്പിലും അഭിമാനം. നമ്മുടെ സായുധ സൈന്യത്തിന് സല്യൂട്ട്’ – പോസ്റ്റിനൊപ്പം ചെന്നൈ സൂപ്പർ കിങ്സ് കുറിച്ചു.
ഇന്നലെ നടന്ന പഞ്ചാബ് കിങ്സ് – ഡൽഹി ക്യാപിറ്റൽസ് മത്സരം പാതിവഴിയിൽ നിർത്തിവയ്ക്കേണ്ടി വന്നതു മുതൽ ടൂർണമെന്റിന്റെ ഭാവിയെക്കുറിച്ച് ചോദ്യങ്ങളുയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ടൂർണമെന്റ് അനിശ്ചിത കാലത്തേക്ക് നിർത്തിവയ്ക്കാൻ ബിസിസിഐ തീരുമാനിച്ചത്.
ഈ ഐപിഎൽ സീസണിലെ 58–ാം മത്സരമാണ് ഇന്നലെ ധരംശാലയിൽ നടന്നത്. മേയ് ഇരുപതിന് ആരംഭിക്കേണ്ട പ്ലേഓഫ് റൗണ്ടിന് മുൻപ് 12 ലീഗ് റൗണ്ട് മത്സരങ്ങൾകൂടി നടക്കാനുണ്ട്. സുരക്ഷാ മുൻകരുതലെന്ന നിലയിൽ ധരംശാല വിമാനത്താവളം അടച്ചതോടെ ഞായറാഴ്ച ഇവിടെ നടക്കേണ്ട മുംബൈ– പഞ്ചാബ് മത്സരം നേരത്തേ തന്നെ അഹമ്മദാബാദിലേക്കു മാറ്റിയിരുന്നു. എന്നാൽ പഞ്ചാബ്, ഡൽഹി ടീമുകൾ നേരത്തേ ധരംശാലയിൽ എത്തിയതിനാലാണ് ഇന്നലത്തെ മത്സരം നടത്താൻ തീരുമാനിച്ചത്.
English Summary:








English (US) ·