Published: July 20 , 2025 04:08 PM IST
1 minute Read
ലണ്ടൻ∙ ‘വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സിലെ’ ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം ഇന്ത്യൻ താരങ്ങളുടെ കടുത്ത എതിർപ്പിനെ തുടർന്ന് സംഘാടകർ റദ്ദാക്കിയിരുന്നു. പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ ടീമിന്റെ ഭാഗമായ ശിഖർ ധവാൻ സമൂഹമാധ്യമത്തിൽ പരസ്യമായി പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. രാജ്യമാണ് വലുതെന്നും അതിനും മുകളിൽ മറ്റൊന്നുമില്ലെന്നും ധവാന്‍ പ്രതികരിച്ചു. ഇതോടെ കൂടുതൽ താരങ്ങൾ ധവാന്റെ നിലപാടു തന്നെ സ്വീകരിക്കുകയായിരുന്നു.
ഇന്ത്യ ലെജൻഡ്സ് ടീമിലുണ്ടായിരുന്ന ഹർഭജൻ സിങ്, ഇർഫാൻ പഠാൻ, യൂസഫ് പഠാൻ എന്നീ താരങ്ങളും പാക്കിസ്ഥാനെതിരെ കളിക്കില്ലെന്ന നിലപാടെടുത്തെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം. ഇതോടെ കളി റദ്ദാക്കുകയല്ലാതെ സംഘാടകർക്കും മറ്റു വഴികളില്ലായിരുന്നു. ആം ആദ്മി പാർട്ടിയുടെ രാജ്യസഭാംഗമാണ് ഹര്‍ഭജൻ സിങ്. യൂസഫ് പഠാൻ തൃണമൂൽ കോൺഗ്രസിന്റെ ലോക്സഭാംഗമാണ്. പഹൽഗാം ഭീകരാക്രമണവും അതിനു ശേഷം ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറുമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പൂർണമായും ഇല്ലാതാക്കിയത്.
ഐസിസി ടൂർണമെന്റുകളിലും ഏഷ്യാ കപ്പിലും മാത്രമാണു നിലവിൽ ഇന്ത്യയും പാക്കിസ്ഥാനും ഏറ്റുമുട്ടുന്നത്. വേൾഡ് ചാംപ്യൻഷിപ് ഓഫ് ലെജൻഡ്സ് ഐസിസിയുടെ അംഗീകാരമില്ലാതെ നടത്തുന്ന സ്വകാര്യ ടൂർണമെന്റാണ്. വിരമിച്ച താരങ്ങളെ അണിനിരത്തിയാണ് ഇംഗ്ലണ്ടിൽ ലെജൻഡ്സ് ടൂർണമെന്റ് നടത്തുന്നത്. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം നടക്കാത്തതിനാൽ ടിക്കറ്റിനായി മുടക്കിയ പണം ആരാധകർക്കു തിരികെ നൽകുമെന്ന് സംഘാടകർ അറിയിച്ചിട്ടുണ്ട്.
Disclaimer: ഈ വാർത്തയ്‌ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം മലയാള മനോരമയുടേതല്ല. ഇത് Instagram/IndiaLegends എന്ന അക്കൗണ്ടിൽ നിന്ന് എടുത്തിട്ടുളളതാണ്.
English Summary:








English (US) ·