Published: October 08, 2025 04:51 PM IST
1 minute Read
സിഡ്നി∙ ഓസ്ട്രേലിയന്‍ ദേശീയ ടീമിനെ ഒഴിവാക്കി വർഷം തോറും ട്വന്റി20 ടൂർണമെന്റുകൾ മാത്രം കളിക്കാൻ തയാറായാൽ കോടികൾ നൽകാമെന്ന ഓഫർ പാറ്റ് കമിൻസും ട്രാവിസ് ഹെഡും ഒഴിവാക്കിയതായി വിവരം. ഇന്ത്യൻ പ്രീമിയർ ലീഗ് ഫ്രാഞ്ചൈസി 10 മില്യൻ ഡോളറാണ് (ഇന്ത്യൻ രൂപയിൽ ഏകദേശം 58 കോടി രൂപ) വാർഷിക ഫീസായി രണ്ടും താരങ്ങള്‍ക്കും വാഗ്ദാനം ചെയ്തതെന്നും ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഐപിഎലിൽ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരങ്ങളാണ് കമിൻസും ട്രാവിസ് ഹെഡും.
എന്നാൽ ഓസ്ട്രേലിയയ്ക്കായി രാജ്യാന്തര മത്സരങ്ങൾ കളിക്കുന്നതിനാണ് പ്രഥമ പരിഗണനയെന്ന് ഇരു താരങ്ങളും ഫ്രാഞ്ചൈസിയെ അറിയിച്ചു. ഇന്ത്യയിലെ ഐപിഎൽ ഫ്രാഞ്ചൈസികൾക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്വന്റി20 ലീഗുകളിലും സ്വന്തമായി ടീമുകളുണ്ട്. ഈ ടൂർണമെന്റുകൾ കൂടി മുന്നിൽ കണ്ടാണ് ഫ്രാഞ്ചൈസിയുടെ നീക്കമെന്നാണു വിലയിരുത്തൽ. താരങ്ങളുടെ പ്രതിഫലം കൂട്ടുക ലക്ഷ്യമിട്ട് ഓസ്ട്രേലിയയിലെ ബിഗ് ബാഷ് ലീഗ് സ്വകാര്യവത്കരിക്കാൻ നീക്കം നടക്കുന്നുണ്ട്. ക്രിക്കറ്റ് ഓസ്ട്രേലിയയും സ്റ്റേറ്റ് അസോസിയേഷനുകളും താരങ്ങളുടെ സംഘടനകളും തീരുമാനമെടുത്താൽ മാത്രമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമാകുക.
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായ പാറ്റ് കമിൻസിന് 18 കോടി രൂപയാണു കഴിഞ്ഞ ഐപിഎലിൽ ലഭിച്ചത്. ഓസ്ട്രേലിയയിലെ സീനിയർ ക്രിക്കറ്റ് താരങ്ങൾക്കുവരെ വാർഷിക വരുമാനമായി ലഭിക്കുന്നത് 1.5 മില്യൻ ഓസ്ട്രേലിയൻ ഡോളറാണ്. (8.74 കോടി രൂപ). പക്ഷേ ടെസ്റ്റ്, ഏകദിന ഫോർമാറ്റുകളിൽ ഓസ്ട്രേലിയയെ നയിക്കുന്ന കമിൻസിന് ക്യാപ്റ്റന്‍സി ഫീസ് കൂടി ചേര്‍ത്താൽ വർഷം 17.48 കോടിയോളം സ്വന്തമാക്കാനാകും.
2025 ഐപിഎലിൽ കളിച്ചതിന് ട്രാവിസ് ഹെഡിന് 14 കോടി രൂപയാണു ഹൈദരാബാദ് നൽകിയത്. ട്വന്റി20 ലീഗുകളിൽ കളിക്കാനായി, സൺറൈസേഴ്സിലെ കമിൻസിന്റെയും ട്രാവിസ് ഹെഡിന്റെയും സഹതാരമായ ഹെന്‍റിച് ക്ലാസൻ രാജ്യാന്തര ക്രിക്കറ്റ് ഉപേക്ഷിച്ചിരുന്നു. കഴിഞ്ഞ ജൂണിലാണ് ദക്ഷിണാഫ്രിക്കൻ താരമായ ക്ലാസൻ രാജ്യാന്തര കരിയർ അവസാനിപ്പിച്ചത്.
English Summary:








English (US) ·