രാജ്യാന്തര ക്രിക്കറ്റിലെ റെക്കോർഡുകൾക്ക് മുകളിൽ സൽമാൻ നിസാറിന്റെ വെടിക്കെട്ട്; 2 ഓവറിൽ 11 സിക്സുകൾ, നേടിയത് 71 റൺസ്

4 months ago 5

അനീഷ് നായർ

അനീഷ് നായർ

Published: August 31, 2025 10:12 AM IST

2 minute Read

  • അവസാന 2 ഓവറിൽ 11 സിക്സുകൾ ഉൾപ്പെടെ നേടിയത് 71 റൺസ്

  • 19–ാം ഓവറിൽ 31 റൺസ്, 20–ാം ഓവറിൽ 40 റൺസ്

  • ട്രിവാൻഡ്രത്തിനെതിരെ കാലിക്കറ്റിന് 13 റൺസ് ജയം

salman
സൽമാൻ നിസാർ ബാറ്റിങ്ങിനിടെ. Photo: KCA

തിരുവനന്തപുരം∙ 12 പന്തിൽ 11 സിക്സർ, അവസാന ഓവറിലെ 6 പന്തും സിക്സ്; വൈഡും നോബോളും അടക്കം ആ ഓവറിൽ പിറന്നത് 40 റൺസ്! അവസാന 2 ഓവറുകളിൽ മാത്രം 71 റൺസ്. സ്വപ്നം പോലൊരു സിക്സർ പൂരവുമായി കേരള ക്രിക്കറ്റ് ലീഗിൽ തലശ്ശേരിക്കാരൻ സൽമാൻ നിസാറിന്റെ ഉഗ്ര താണ്ഡവം. 26 പന്തിൽ ഇടംകൈ ബാറ്ററായ സൽമാൻ അടിച്ചു കൂട്ടിയത് 86 റൺസ്; അതിൽ 12 സിക്സറുകൾ. സ്ട്രൈക്ക് റേറ്റ് 330.77.

ഐപിഎലിൽ പോലും കണ്ടിട്ടില്ലാത്ത ആ സിക്സർ പെരുമഴയിൽ 6–ാം തോൽവി ഏറ്റുവാങ്ങിയ ട്രിവാൻഡ്രം റോയൽസിന്റെ നോക്കൗട്ട് സാധ്യതകൾ മുങ്ങിപ്പോയപ്പോൾ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് നാലാം ജയവുമായി പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക്. 13 റൺസിനാണ് ത്രില്ലർ പോരാട്ടത്തിൽ കാലിക്കറ്റിന്റെ ജയം. സൽമാൻ തന്നെയാണ് പ്ലെയർ ഓഫ് ദ് മാച്ച്.

സ്കോർ: കാലിക്കറ്റ്– 20 ഓവറിൽ 6ന് 186. ട്രിവാൻഡ്രം–19.3 ഓവറിൽ 173ന് ഓൾഔട്ട്.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റിന് 18 ഓവർ വരെ സ്കോറിങ് ഒട്ടും സുഗമമായിരുന്നില്ല. എം.അജിനാസിന്റെ അർധ സെഞ്ചറി (50 പന്തിൽ 51) ഒഴിച്ചാൽ മുൻനിര ബാറ്റർമാർക്കൊന്നും നിലയുറപ്പിക്കാനായില്ല. 14–ാം ഓവറിൽ സച്ചിൻ സുരേഷ് പുറത്തായതോടെ ക്രീസിൽ എത്തിയ സൽമാൻ കളം പഠിച്ച് കഥ മാറ്റിയെഴുതി. നേരിട്ട ആദ്യ 13 പന്തിൽ 16 റൺസ് മാത്രമായിരുന്നു സൽമാൻ നേടിയത്. 18 ഓവറിൽ ടീം സ്കോർ 6ന് 115. പിന്നെയായിരുന്നു ചരിത്ര പിറവി.

19–ാം ഓവർ എറിയാനെത്തിയ പരിചയ സമ്പന്നനായ ബേസിൽ തമ്പിയായിരുന്നു ആദ്യ ഇര. ആദ്യ 5 പന്തും സിക്സർ. ആറാം പന്തിൽ സിംഗിൾ എടുത്തതോടെ അവസാന ഓവറിൽ സ്ട്രൈക്ക് വീണ്ടും സൽമാന്. സൽമാനിൽ ‘യുവ്‌രാജ് സിങ്’ ആവാഹിച്ച കാഴ്ചയായിരുന്നു പിന്നീട്.

പേസർ അഭിജിത്ത് പ്രവീണിന്റെ ആദ്യ പന്ത് സിക്സർ പറത്തിയപ്പോൾ രണ്ടാം പന്ത്  വൈഡ് ആയി; വീണ്ടും ചെയ്തത് നോ ബോളും. അതിലും സൽമാൻ 2 റൺസ് നേടി. ഫ്രീ ഹിറ്റ് ആയ അടുത്ത പന്തടക്കം ശേഷിച്ച 5 പന്തുകളും നിലം തൊടാതെ ബൗണ്ടറിക്കു മുകളിലൂടെ പറന്നിറങ്ങുമ്പോൾ അഭിജിത്തും ഫീൽഡർമാരും നിസ്സഹായരായ കാഴ്ചക്കാർ മാത്രമായി. ഓവറിൽ ആകെ 40 റൺസ്. സ്ലോഗ് സ്വീപ്പും ലോഫ്റ്റഡ് കവർ ഡ്രൈവും ഇൻസൈഡ് ഔട്ട് ഷോട്ടുമെല്ലാം ചേർന്ന സൽമാൻ ഷോയിൽ 4 സിക്സറുകളും പതിച്ചത് ഡീപ് ബാക്ക്‌വേഡ് പോയിന്റിൽ. ഡീപ് മിഡ് വിക്കറ്റിലും എക്സ്ട്രാ കവറിലും ലോങ് ഓണിലും ലോങ് ഓഫിലുമടക്കം സൽമാൻ പന്ത് എത്തിക്കാത്ത പൊസിഷനുകൾ ഗ്രൗണ്ടിൽ ചുരുക്കമായിരുന്നു.

ആ താണ്ഡവത്തിൽ ഉലഞ്ഞ് ബാറ്റിങ്ങിനിറങ്ങിയ ട്രിവാൻഡ്രത്തിന് കാര്യങ്ങൾ കടുപ്പമായിരുന്നു. മുൻനിരയിൽ എസ്.സഞ്ജീവും(34) റിയ ബഷീറും (25) അബ്ദുൽ ബാസിതും (22). വാലറ്റത്ത് 9 ബോളിൽ 3 സിക്സ് അടക്കം 23 റൺസുമായി ബേസിൽ തമ്പിയും... ട്രിവാൻഡ്രത്തിന്റെ മറുപടി അതിലൊതുങ്ങി. 3 വിക്കറ്റുമായി വീണ്ടും തിളങ്ങിയ കാലിക്കറ്റ് താരം അഖിൽ സ്കറിയ കെസിഎലിലെ തന്റെ വിക്കറ്റ് നേട്ടം 19 ആയി ഉയർത്തി. 13 റൺസ് അകലെ എല്ലാവരും പുറത്താകുമ്പോൾ കാലിക്കറ്റും ചിന്തിച്ചിരിക്കണം; സൽമാന്റെ ആ സ്വപ്ന ഇന്നിങ്സ് ഇല്ലായിരുന്നെങ്കിലോ?

English Summary:

Salman Nizar's Sensational 86 disconnected 26: KCA League Witness Record-Breaking Six-Hitting Spree

Read Entire Article