
പാകിസ്താൻ ബംഗ്ലാദേശ് മത്സരത്തിനിടെ |ഫോട്ടോ:AFP
ധാക്ക: തോല്‍വിയോടെയാണ് പാകിസ്താന്റെ ബംഗ്ലാദേശ് പര്യടനത്തിന് തുടക്കമായത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ ടി20യില്‍ പാകിസ്താനെ ഏഴു വിക്കറ്റിനാണ് ബംഗ്ലാദേശ് പരാജയപ്പെടുത്തിയത്. പാകിസ്താന്‍ 111 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍വെച്ചപ്പോള്‍ 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ആതിഥേയര്‍ അത് മറികടന്നു. തോല്‍വിക്ക് പിന്നാലെ ബംഗ്ലാദേശിലെ പിച്ചിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താന്‍. പിച്ച് അന്താരാഷ്ട്ര മത്സരങ്ങള്‍ക്ക് യോജിച്ചതല്ലെന്ന് ചൂണ്ടിക്കാട്ടി പാക് വൈറ്റ് ബോള്‍ പരിശീലകന്‍ മൈക് ഹെസ്സന്‍ ആണ് രംഗത്തെത്തിയിരിക്കുന്നത്.
പാക് ബാറ്റര്‍മാര്‍ പിച്ചിന്റെ ഗതി മനസ്സിലാക്കുന്നതില്‍ പരാജയപ്പെട്ടെന്ന് പറഞ്ഞ മൈക്ക് ഹെസ്സന്‍ അതേസമയം തന്നെ ഈ പിച്ച് അന്താരാഷ്ട്ര ക്രിക്കറ്റിന് 'അസ്വീകാര്യം' എന്ന് വിശേഷിപ്പിച്ചു.
'പിച്ച് ആര്‍ക്കും അനുയോജ്യമല്ലെന്നാണ് ഞാന്‍ കരുതുന്നത്. ടീമുകള്‍ ഏഷ്യാ കപ്പിനോ ടി20 ലോകകപ്പിനോ വേണ്ടി തയ്യാറെടുക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. എങ്കിലും, ബാറ്റിംഗിലെ പ്രകടനത്തിന് ഇതൊരു ഒഴികഴിവല്ല. പക്ഷേ ഈ പിച്ചിന് അന്താരാഷ്ട്ര നിലവാരമില്ല' മത്സര ശേഷം ഹെസ്സന്‍ മാധ്യമങ്ങളോട് പറഞ്ഞു.
താരങ്ങളെ വളര്‍ത്തിയെടുക്കാന്‍ നല്ല ക്രിക്കറ്റ് പിച്ചുകള്‍ ആവശ്യമാണ്. സത്യം പറഞ്ഞാല്‍, ബിപിഎല്ലിനായി കുറച്ച് നല്ല പിച്ചുകള്‍ ഒരുക്കിയിരുന്നു. പക്ഷേ, അന്താരാഷ്ട്ര ക്രിക്കറ്റ് കളിക്കുമ്പോള്‍ അത് നിലവാരത്തിനൊത്തതല്ല. ബംഗ്ലാദേശ് വിടുമ്പോള്‍ ഇത് അവരെ സഹായിക്കുമെന്ന് ഞാന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പിച്ച് ഒരു പ്രശ്‌നമായി തോന്നുന്നില്ലെന്ന് ബംഗ്ലാദേശ് ഓപ്പണര്‍ പര്‍വേസ് ഹൊസൈന്‍ പ്രതികരിച്ചു. പാകിസ്താന്‍ ടീമിനേക്കാള്‍ നന്നായി തന്റെ ടീം പൊരുത്തപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ധാക്ക പിച്ച് സാധാരണയായി ബൗളര്‍മാര്‍ക്ക് ഗുണം ചെയ്യും. അത് വിലയിരുത്തുന്നതില്‍ പാക് ബാറ്റര്‍മാര്‍ പരാജയപ്പെട്ടു. തങ്ങള്‍ നാല് ഓവര്‍ ബാക്കി നില്‍ക്കെയാണ് പാകിസ്താന്‍ ഉയര്‍ത്തിയ വിജയലക്ഷ്യം മറികടന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Bangladesh defeated Pakistan by 7 wickets successful the 1st T20. Pakistan`s manager criticized the pitch








English (US) ·