രാത്രി 8 മണിക്കുള്ള മത്സരത്തിന് വൈകുന്നേരം 5 മണിക്ക് എഴുന്നേൽക്കും,പക്ഷേ അവൻ കളി ജയിപ്പിക്കും- സഞ്ജു

5 months ago 5

ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു സാംസണ്‍ രാജസ്ഥാൻ റോയൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുകയാണ്. വിവിധ ദേശീയമാധ്യമങ്ങൾ താരത്തിന്റെ കൂടുമാറ്റം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടീമിനൊപ്പം തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നും തന്നെ റിലീസ് ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ വേണമെന്ന് ആവശ്യപ്പെട്ട് സഞ്ജു, രാജസ്ഥാന്‍ മാനേജ്‌മെന്റിനെ സമീപിച്ചതായി കഴിഞ്ഞദിവസം ക്രിക്ബസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നാലെ രാജസ്ഥാൻ നിബന്ധനകൾ മുന്നോട്ടുവെച്ചതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. അഭ്യൂഹങ്ങൾക്കിടെ രാജസ്ഥാൻ ടീമിനൊപ്പമുള്ള ചില ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് സഞ്ജു. മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിനൊപ്പമുള്ള ഒരു ഷോയിലാണ് താരത്തിന്റെ പ്രതികരണം.

സഹതാരമായ ഷിമ്രോൺ ഹെറ്റ്മയറുകളുടെ ദൈനംദിന ജീവിതരീതികളെ സംബന്ധിച്ചാണ് സഞ്ജു വെളിപ്പെടുത്തൽ നടത്തിയത്. മത്സരം രാത്രി 8 മണിക്കാണെങ്കിലും അവൻ വൈകുന്നേരം 5 മണിക്ക് എഴുന്നേൽക്കും. ടീം മീറ്റിങ്ങുകളിലൊക്കെ ഉറക്കം തൂങ്ങിയിരിക്കും. എന്നിട്ട് അവൻ ടീമിനായി ഏറ്റവും നിർണായകമായ റൺസ് നേടുകയും കളി ജയിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് അങ്ങനെയും ഒരു വഴിയുണ്ട്. - സാംസൺ വെളിപ്പെടുത്തി.

ഞാൻ ക്യാപ്റ്റനാകുന്നതിന് മുൻപ് ഒരു കളിക്കാരനായിരുന്നു. അന്ന് എൻ്റെ രീതികളെക്കുറിച്ച് മാത്രമായിരുന്നു ഞാൻ ചിന്തിച്ചിരുന്നത്. ഞാൻ ചെയ്യേണ്ട കാര്യങ്ങളും പരിശീലനത്തെ സംബന്ധിച്ചുമായിരുന്നു ചിന്ത. റൺസ് നേടുന്നതും അങ്ങനെ വിജയിക്കുന്നതിനെ കുറിച്ചും ആലോചിച്ചിരുന്നതായി മലയാളി താരം വെളിപ്പെടുത്തി.

ക്യാപ്റ്റൻസി തൻ്റെ കാഴ്ചപ്പാടുകളെ വിശാലമാക്കിയെന്ന് സഞ്ജു പറഞ്ഞു. ക്രിക്കറ്റിൽ വിജയിക്കാൻ ഒരൊറ്റ വഴി മാത്രമല്ല ഉള്ളത്. ഒരേയൊരു വഴിയേ ഉള്ളൂ എന്ന് ഞാൻ വിശ്വസിക്കുന്നില്ല. ആളുകൾ വ്യത്യസ്തമായ കാര്യങ്ങൾ പരീക്ഷിക്കുമ്പോൾ അവരെ ചോദ്യം ചെയ്യുന്നതിന് പകരം പിന്തുണയ്ക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. - സഞ്ജു പറഞ്ഞു.

കഴിഞ്ഞ സീസണില്‍ ഒമ്പതാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന്റെ മോശം പ്രകടനത്തിനു പിന്നാലെയാണ് സഞ്ജുവും ടീം മാനേജ്‌മെന്റും തമ്മിലുള്ള ഭിന്നത രൂക്ഷമായതെന്നാണ് വിവിധ റിപ്പോര്‍ട്ടുകളിൽ പറയുന്നത്. സീസണില്‍ പരിക്കേറ്റ സഞ്ജു ഒമ്പത് മത്സരങ്ങളില്‍ മാത്രമാണ് കളിച്ചത്. പലതിലും ഇംപാക്ട് പ്ലെയറായാണ് താരത്തെ ഉള്‍പ്പെടുത്തിയിരുന്നത്. ഇന്ത്യന്‍ ടീമിനൊപ്പം പരമ്പര കളിച്ച ശേഷം റോയല്‍സില്‍ മടങ്ങിയെത്തിയ സഞ്ജുവും ടീം പരിശീലകന്‍ രാഹുല്‍ ദ്രാവിഡും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടായെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: sanju samson connected rajasthan royals teammate routine

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article