
ചാർളി സിനിമയിൽ പാർവതി തിരുവോത്തിനൊപ്പം രാധാകൃഷ്ണൻ ചാക്യാട്ട്, രാധാകൃഷ്ണൻ ചാക്യാട്ട്
കൊച്ചി: നിഴലും വെളിച്ചവും കാട്ടുന്ന ജാലവിദ്യക്കിടെ സുന്ദരനിമിഷങ്ങൾ പകർത്തുന്നതിൽ അപൂർവ സിദ്ധിയായിരുന്നു രാധ എന്ന് അടുപ്പക്കാർ വിളിച്ചിരുന്ന രാധാകൃഷ്ണന്. ക്യാമറാമാൻ മറയുമ്പോഴും ആ ചിത്രങ്ങൾ കാലങ്ങളോളം തെളിഞ്ഞുനിൽക്കും. കഴിഞ്ഞദിവസം പുണെയിൽ അന്തരിച്ച രാധാകൃഷ്ണൻ പല യുവഛായാഗ്രാഹകരുടെയും ഗുരുസ്ഥാനീയനായിരുന്നു. സീരാധ എന്ന ഇൻസ്റ്റ ഹാൻഡിലിൽ പ്രായഭേദമില്ലാതെയുള്ള ഗാഢസൗഹൃദങ്ങളും അറിവുകളുടെ പങ്കിടലും എക്കാലത്തുമുണ്ടായിരുന്നു.
തൃപ്പൂണിത്തുറ തേവരക്കാവിനടുത്തുള്ള തറവാടുവീട്ടിൽ വളർന്ന കുട്ടിക്ക് ക്രിക്കറ്റും ഫോട്ടോഗ്രഫിയുമായിരുന്നു ഇഷ്ടം. സംസ്കൃത സ്കൂളിലെയും തേവര എസ്എച്ച് കോളേജിലെയും പഠനം കഴിഞ്ഞപ്പോൾ കമ്പം വളർന്നു. കാലംപോയപ്പോൾ മുംബൈയിൽ രാധാകൃഷ്ണൻ ചാക്യാട്ടിന്റെ സ്റ്റുഡിയോയിലെ ക്യാമറയ്ക്കുമുന്നിൽ സിനിമയിലെയും സ്പോർട്സിലെയുമെല്ലാം തിളങ്ങുന്ന താരങ്ങൾ വന്നുനിന്നു. അമിതാഭ് ബച്ചൻ, സച്ചിൻ തെൻഡുൽക്കർ, നസിറുദീൻഷാ, രാഹുൽ ദ്രാവിഡ്, തമന്ന...
രാജ്യത്തെ പ്രമുഖ പരസ്യ ഏജൻസികൾക്കും കോർപ്പറേറ്റുകൾക്കുമായി നിരവധി പ്രോജക്ടുകൾ അദ്ദേഹം ചിത്രീകരിച്ചു. കാഡ്ബറി, ടാജ് ഹോട്ടൽസ്, ഏഷ്യൻ പെയിന്റ്സ്, റോക്ക, റാഡിസൺബ്ലൂ, ക്ലബ് മഹീന്ദ്ര, ടാറ്റ കമ്യൂണിക്കേഷൻസ് എന്നിവയ്ക്കായി ക്യാമറ ചലിപ്പിച്ചു. മുംബൈയിലെത്തിയ രാധാകൃഷ്ണന്റെ തുടക്കം പ്രമുഖ ഛായാഗ്രാഹകൻ റഫീക് സെയ്ദിന്റെ സഹായിയായിട്ടായിരുന്നു. പിൽക്കാലത്ത് ട്രാവൽ, വെഡ്ഡിങ്, സെലിബ്രിറ്റി, പരസ്യം എന്നിങ്ങനെ ഫോട്ടോഗ്രഫിയിലെ വിവിധ മേഖലകളിൽ മുദ്രപതിപ്പിച്ചു.
ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള അറിവ് താത്പര്യമുള്ളവർക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ 2017-ൽ പുണെ ആസ്ഥാനമായി പിക്‌സൽ വില്ലേജ് എന്ന സ്ഥാപനം ആരംഭിച്ചു. ദുൽഖർ സൽമാൻ നായകനായ ചാർളിയിലെ അഭിനയം അദ്ദേഹത്തിലെ നടനെയും കണ്ടെത്തി.
2023-ൽ ഓൾ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷൻ (എകെപിഎ) ഫോട്ടോഗ്രഫി അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. എക്കാലത്തും നാടിനോട് പ്രത്യേകബന്ധവും സൗഹൃദവും സൂക്ഷിച്ചിരുന്ന രാധാകൃഷ്ണൻ കുറച്ചുമാസം മുൻപ് തൃപ്പൂണിത്തുറ കളിക്കോട്ട റെസിഡെൻസ് അസോസിയേഷൻ നടത്തിയ ക്രാഫ്റ്റ് മേളയിൽ പങ്കെടുക്കാനെത്തിയിരുന്നു.
അന്ത്യം പുണെയില്‍
ഹൃദയാസ്വാസ്ഥ്യത്തെ തുടര്‍ന്ന് പുണെയിലായിരുന്നു രാധാകൃഷ്ണൻ ചാക്യാട്ടിന്റെ അന്ത്യം. 60 വയസ്സായിരുന്നു. കൊച്ചി തൃപ്പൂണിത്തുറ ചാക്യാട്ട് കുടുംബാംഗമാണ്. സംസ്‌കാരം വെള്ളിയാഴ്ച വൈകീട്ട് പുണെയില്‍ നടത്തി.
രാധയാണ് അമ്മ. ഭാര്യ: ബിന്ദു വള്ളത്തോള്‍ പുല്ലോനി പ്ലാക്കൂട്ട് കുടുംബാംഗം. മകന്‍: വിഷ്ണു (രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥി). സഹോദരങ്ങള്‍: വേണുഗോപാല്‍, ശശി (പെര്‍ഫെക്ട് പിച്ച് മ്യൂസിക് അക്കാദമി, പേട്ട, തൃപ്പൂണിത്തുറ).
Content Highlights: Radhakrishnan Chakyat: Celebrated Photographer & Filmmaker passes away
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·