03 July 2025, 06:57 PM IST

രാമായണ സിനിമയുടെ പോസ്റ്റർ | ഫോട്ടോ: X
ഇന്ത്യൻ സിനിമാ ലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന രാമായണത്തിന്റെ ആദ്യദൃശ്യങ്ങൾ പുറത്തുവന്നു. രൺബീർ കപൂർ, സായ് പല്ലവി, യാഷ്, സണ്ണി ഡിയോൾ, രവി ദുബെ എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ഈ ചിത്രം നിതേഷ് തിവാരിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ആമുഖം എന്ന പേരിലെത്തിയിരിക്കുന്ന ദൃശ്യങ്ങൾക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലാണ് രാമായണത്തിന്റെ ആദ്യദൃശ്യങ്ങൾ പ്രദർശിപ്പിച്ചത്. കൂടാതെ ന്യൂയോർക്കിലെ ടൈംസ് സ്ക്വയറിലും ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു. രാമനായി രൺബീർ കപൂറും രാവണനായി യഷും എത്തുന്നു. ഇരുവരുടേയും ചില രംഗങ്ങളും പുറത്തുവന്ന വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സായി പല്ലവിയാണ് സീതയാകുന്നത്. ലക്ഷ്മണനായി രവി ദൂബേയും ഹനുമാനായി സണ്ണി ഡിയോളും വേഷമിടുന്നു.
പ്രശസ്ത ഹോളിവുഡ് സംഗീതജ്ഞൻ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. നമിത് മൽഹോത്ര നിർമിക്കുന്ന ചിത്രത്തിന്റെ സഹനിർമാതാവ് യഷ് ആണ്. എട്ടുതവണ ഓസ്കർ നേടിയ DNEG-യാണ് രാമായണത്തിന്റെ വിഎഫ്എക്സ് കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന്റെ ആദ്യഭാഗം അടുത്തവർഷം ദീപാവലിക്ക് റിലീസ് ചെയ്യും. 2027 ദീപാവലിക്കുശേഷമായിരിക്കും രണ്ടാം ഭാഗം തിയേറ്ററുകളിലെത്തുക.
നിരവധി പേരാണ് രാമായണം സിനിമയുടെ ആദ്യദൃശ്യങ്ങളെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തിയത്. ഒരു മെഗാബ്ലോക്ക്ബസ്റ്റർ എന്നാൽ ഇങ്ങനെയുണ്ടാവുമെന്നാണ് താൻ കരുതുന്നതെന്ന് കരൺ ജോഹർ പറഞ്ഞു. ചില കാര്യങ്ങൾ പ്രകടിപ്പിക്കാൻ വാക്കുകൾ ആവശ്യമില്ലെന്നാണ് ആലിയ ഭട്ട് പ്രതികരിച്ചത്. മറക്കാൻപറ്റാത്ത ചിലതിന്റെയെല്ലാം തുടക്കമാണിതെന്നാണ് തോന്നുന്നതെന്നും അവർ പറഞ്ഞു.
Content Highlights: First glimpse of Nitesh Tiwari`s Ramayana starring Ranbir Kapoor, Sai Pallavi, Yash, Sunny Deol





English (US) ·