‘രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് 20 കിലോമീറ്റർ ഓടണമെന്ന് രോഹിത്തിനോട് പറഞ്ഞതാണ്; കുറഞ്ഞത് അഞ്ച് വർഷം കൂടി കളിക്കാമായിരുന്നു’

7 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: June 15 , 2025 12:18 PM IST

1 minute Read

ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഫൈനൽ മത്സരത്തിനു മുൻപ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ‌Photo by Ryan Lim / AFP
രോഹിത് ശർമ (ഫയൽ ചിത്രം)

മുംബൈ∙ രോഹിത് ശർമയും വിരാട് കോലിയും ടെസ്റ്റ് ഫോർമാറ്റിൽനിന്നു വിരമിക്കേണ്ടിയിരുന്നില്ലെന്ന് മുൻ ഇന്ത്യൻ താരം യോഗ്‌‍രാജ് സിങ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ രോഹിതും കോലിയും ഇല്ലാതെ ഇന്ത്യൻ ടീം പരീക്ഷണത്തിനൊരുങ്ങുന്നതിനിടെയാണ് യോഗ്‍രാജ് സിങ്ങിന്റെ പ്രതികരണം. രോഹിത് ശർമയോട് രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് 20 കിലോമീറ്റർ ദൂരം ഓടണമെന്നു താൻ നിർദേശിച്ചിട്ടുള്ളതാണെന്ന് യോഗ്‍രാജ് സിങ് ഒരു സ്പോർട്സ് മാധ്യമത്തോടു പ്രതികരിച്ചു.

‘‘രോഹിത് ശർമയും വിരാടും ടെസ്റ്റിൽനിന്നു വിരമിക്കേണ്ട സമയമായിട്ടില്ല. ഫിറ്റായിരിക്കാന്‍ ഞാൻ രോഹിത് ശർമയ്ക്കു നിർദേശങ്ങൾ നൽകിയിരുന്നു. രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് 20 കിലോമീറ്റർ എങ്കിലും ഓടണമെന്നു പറഞ്ഞിരുന്നു. രണ്ടു താരങ്ങൾക്കും ടെസ്റ്റ് ക്രിക്കറ്റിൽ അഞ്ചു വര്‍ഷമെങ്കിലും കളിക്കാമായിരുന്നു. യുവതാരങ്ങൾക്കു ബാറ്റൺ കൈമാറുന്നതിനു വേണ്ടിയെങ്കിലും അവർ അവിടെയുണ്ടാകണമായിരുന്നു. ഇതിപ്പോൾ ഗില്ലിന് ബാറ്റൺ എറിഞ്ഞുകൊടുത്തതുപോലെയാണ്.’’– യോഗ്‍രാജ് സിങ് വ്യക്തമാക്കി.

രോഹിത് ശർമ ടെസ്റ്റിൽനിന്ന് വിരമിച്ചതിനു പിന്നാലെ ശുഭ്മൻ ഗില്ലിനെ പുതിയ ക്യാപ്റ്റനായി ബിസിസിഐ തിരഞ്ഞെടുത്തിരുന്നു. യുവതാരങ്ങളുടെ നിരയുമായി ഗില്ലിന്റെ നേതൃത്വത്തിൽ ടീം ഇന്ത്യ ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് പരമ്പര കളിക്കാനിറങ്ങും. ജൂൺ 20നാണ് അഞ്ച് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപായിരുന്നു രോഹിതിന്റെയും കോലിയുടേയും വിരമിക്കൽ പ്രഖ്യാപനം.

English Summary:

Yograj Singh Reveals '20 KM' Fitness Mantra He Gave To Rohit Sharma

Read Entire Article