രാഷ്ട്രീയ പക്ഷപാതം; അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്ന് ആഫ്രിക്കൻ രാജ്യമായ ചാഡ് പിന്മാറുന്നു

1 month ago 4

ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ നിന്നുള്ള പിന്മാറ്റം സംബന്ധിച്ച് ചാഡ് ഐക്യരാഷ്ട്രസഭയെ ഔദ്യോഗികമായി അറിയിച്ചു. കോടതി രാഷ്ട്രീയ പക്ഷപാതപരമായി പ്രവർത്തിക്കുന്നുവെന്നും ആഫ്രിക്കൻ രാജ്യങ്ങളെ അനുപാതമില്ലാതെ ലക്ഷ്യമിടുന്നുവെന്നും ആരോപിച്ചാണ് ചാഡിന്റെ നടപടി.

2002ൽ പ്രവർത്തനം ആരംഭിച്ച ഐസിസിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദമായ അവലോകനം നടത്തിയ ശേഷമാണ് ഈ “പരമാധികാര തീരുമാനം” എടുത്തതെന്ന് ചാഡ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. റോം സ്റ്റാറ്റ്യൂട്ട് പ്രകാരം, പിന്മാറ്റ വിജ്ഞാപനം നൽകിയതിന് ശേഷം ഒരു വർഷം കഴിഞ്ഞാകും തീരുമാനം പ്രാബല്യത്തിൽ വരിക.

ഐസിസിയുടെ പ്രവർത്തനം പരിമിതവും അസമവുമാണെന്ന് ചാഡ് ആരോപിച്ചു. കോടതി നടത്തിയതായി കണക്കാക്കുന്ന 13 അന്വേഷണങ്ങളിൽ ഒമ്പതും ആഫ്രിക്കൻ രാജ്യങ്ങളെ കേന്ദ്രീകരിച്ചുള്ളതാണെന്നും എൻജമേന ചൂണ്ടിക്കാട്ടി.

ഐസിസിയുടെ പ്രവർത്തനങ്ങൾ ആഗോള ദക്ഷിണ മേഖലയിലും പ്രത്യേകിച്ച് ആഫ്രിക്കയിലും അമിതമായി കേന്ദ്രീകരിക്കുന്നുവെന്നും, ഇത് കോടതിയെ രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുന്നുവെന്ന ധാരണ ശക്തിപ്പെടുത്തിയെന്നും ചാഡ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

2006ലാണ് ചാഡ് റോം സ്റ്റാറ്റ്യൂട്ടിൽ അംഗമായത്. കഴിഞ്ഞ ആഴ്ച അമേരിക്ക ഐസിസി അംഗത്വം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ചാഡിന്റെ നീക്കം ഉണ്ടായത്. എന്നാൽ യുഎസിന്റെ സമ്മർദ്ദത്തെ തുടർന്നാണ് പിന്മാറ്റമെന്ന റിപ്പോർട്ടുകൾ ചാഡ് വിദേശകാര്യ മന്ത്രി അബ്ദുള്ളയെ സാബർ ഫഡൂൾ നിഷേധിച്ചു.

സുഡാനിലെ അർധസൈനിക വിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സിന് ആയുധങ്ങൾ എത്തിക്കാൻ ചാഡ് തങ്ങളുടെ പ്രദേശം ഉപയോഗിക്കാൻ അനുവദിക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് പിന്മാറ്റ തീരുമാനം പുറത്തുവന്നത്. എന്നാൽ സുഡാൻ ആഭ്യന്തരയുദ്ധത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ചാഡ് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

വെനിസ്വേലയ്ക്ക് പിന്നാലെ ഐസിസിയിൽ നിന്ന് പിന്മാറുന്ന അഞ്ചാമത്തെ രാജ്യമായി ചാഡ് മാറി. സഹേൽ മേഖലയിലെ ബുർക്കിന ഫാസോ, മാലി, നൈജർ എന്നീ രാജ്യങ്ങളും നേരത്തെ ഐസിസിയിൽ നിന്നുള്ള പിന്മാറ്റ നടപടികൾ ആരംഭിച്ചിരുന്നു. ജൂണിൽ ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക പിന്മാറ്റ അറിയിപ്പുകൾ ലഭിച്ചതായി ഐസിസി സ്ഥിരീകരിച്ചിരുന്നു.

Read Entire Article