Published: September 26, 2025 07:51 AM IST
1 minute Read
ദുബായ് ∙ ഇന്ത്യ–പാക്ക് സംഘർഷം കളിക്കളം വിട്ട് ഔദ്യോഗിക പരാതിയിലേക്ക്. ഞായറാഴ്ച ഏഷ്യാകപ്പ് സൂപ്പർ 4 മത്സരത്തിനിടെ പാക്ക് താരങ്ങളായ ഹാരിസ് റൗഫും സാഹിബ്സാദാ ഫർഹാനും പ്രകോപനപരമായ ആംഗ്യങ്ങൾ കാണിച്ചതിനെതിരെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) പരാതി നൽകി. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാറിനെതിരെ പാക്ക് ക്രിക്കറ്റ് ബോർഡും (പിസിബി) പരാതി നൽകിയിട്ടുണ്ട്.
2022 ട്വന്റി20 ലോകകപ്പ് മത്സരത്തിൽ റൗഫിനെതിരെ വിരാട് കോലി തുടരെ സിക്സടിച്ചത് ഓർമിപ്പിച്ച് ആർപ്പുവിളിച്ച കാണികൾക്കു നേരെ ‘6 വിമാനം വീഴ്ത്തിയെന്ന’ ആംഗ്യം കാണിച്ചായിരുന്നു റൗഫിന്റെ പ്രകോപനം. ഇന്ത്യയുടെ അഭിഷേക ശർമയും ശുഭ്മൻ ഗില്ലും ബാറ്റു ചെയ്യുന്നതിനിടെയും റൗഫിന്റെ ഭാഗത്തുനിന്ന് പ്രകോപനമുണ്ടായി. ഫർഹാൻ അർധ സെഞ്ചറി നേടിയശേഷം ബാറ്റു ‘തോക്കാക്കി’ വെടിയുതിർത്ത് ആഘോഷിച്ചതാണ് പരാതിക്കിടയാക്കിയത്. റൗഫിനോടു ഫർഹാനോടും ഇന്ന് ഹാജരായി വിശദീകരണം നൽകാൻ ഐസിസി മാച്ച് റഫറി ആവശ്യപ്പെട്ടിട്ടുണ്ട്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ശിക്ഷയുണ്ടാകും..
ഗ്രൂപ്പ് റൗണ്ടിലെ ആദ്യ മത്സരം ജയിച്ചശേഷം, സൂര്യകുമാർ യാദവ് വിജയം പഹൽഗാം ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കും ഇന്ത്യൻ സേനയ്ക്കുമായി സമർപ്പിച്ചതാണ് പാക്കിസ്ഥാൻ വിഷയമാക്കിയിരിക്കുന്നത്. ഇന്നലെ ഐസിസി മാച്ച് റഫറി റിച്ചി റിച്ചാർഡ്സണു മുന്നിൽ ഹാജരായി സൂര്യ വിശദീകരണം നൽകി. രാഷ്ട്രീയ പ്രസ്താവനകളിൽ നിന്നു വിട്ടുനിൽക്കാൻ മാച്ച് റഫറി ആവശ്യപ്പെട്ടിട്ടുണ്ട്. വിധി നാളെയുണ്ടാകുമെന്നാണ് ബിസിസിഐ വൃത്തങ്ങൾ നൽകുന്ന സൂചന.
ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഫ്രീ കിക്ക് ഗോളാക്കിയപ്പോൾ നടത്തിയ ‘വിമാനം വീഴൽ’ ആഘോഷത്തിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷൻ പാക്കിസ്ഥാൻകാരനായ മുഹ്സിൻ നഖ്‍വി പ്രകോപനത്തിന് വീര്യം കൂട്ടിയിട്ടുണ്ട്.
English Summary:








English (US) ·