29 April 2025, 12:28 PM IST

ഹിരൺ ദാസ് മുരളി (വേടൻ) | Photo: Instagram/ O C H A, Mass Appeal India
തൃപ്പൂണിത്തുറ: പുലിപ്പല്ല് കൈവശം വെച്ച കേസിൽ റാപ്പ് ഗായകൻ ‘വേടൻ’ എന്നറിയപ്പെടുന്ന ഹിരൺദാസ് മുരളിയെ അൽപസമയത്തിനുള്ളിൽ പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കും. കോടനാട് റേഞ്ച് ഓഫീസിൽനിന്ന് വേടനുമായുള്ള ഫോറസ്റ്റ് വാഹനം കോടതിയിലേക്ക് പുറപ്പെട്ടു.
താൻ കഞ്ചാവും വലിക്കുകയും കളള് കുടിക്കുകയും ചെയ്യുന്ന ആളാണെന്ന് കോടതിയിലേക്ക് കൊണ്ടുപോകുന്നതിന് മുൻപ് വേടൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ഇക്കാര്യം എല്ലാവർക്കും അറിയാമെന്നും അദ്ദേഹം പറഞ്ഞു. രാസലഹരി ഉപയോഗിക്കാറുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഇല്ലെന്നായിരുന്നു വേടന്റെ മറുപടി.
പുലിപ്പല്ല് കൈവശം വെച്ച കേസിൽ നേരത്തേ വേടനെതിരേ ജാമ്യമില്ലാ വകുപ്പ് പ്രകാരം വനംവകുപ്പ് കേസെടുത്തിരുന്നു. തമിഴ്‌നാട്ടിലെ ഒരു ആരാധകനാണ് തനിക്ക് പുലിപ്പല്ല് സമ്മാനിച്ചതെന്നാണ് വേടന്റെ മൊഴി. നേരത്തേ, തായ്‌ലാന്‍ഡില്‍നിന്നാണ് ഇത് ലഭിച്ചതെന്ന് വേടന്‍ മൊഴിനല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തമിഴ്‌നാട്ടില്‍നിന്നാണ് പുലിപ്പല്ല് ലഭിച്ചതെന്ന മൊഴിക്ക് പിന്നാലെ കേസില്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.
വേടനും സുഹൃത്തുക്കളും താമസിച്ചിരുന്ന ഫ്ലാറ്റിൽ തിങ്കളാഴ്ച പോലീസ് നടത്തിയ പരിശോധനയിൽ ആറു ഗ്രാം കഞ്ചാവും ഒൻപതരലക്ഷംരൂപയുമായിരുന്നു കണ്ടെടുത്തത്. ഇവർക്ക് പിന്നീട് ജാമ്യം ലഭിച്ചെങ്കിലും, വേടൻ അണിഞ്ഞിരുന്ന മാലയിലെ ലോക്കറ്റ് പുലിപ്പല്ലാണെന്ന് കണ്ടെത്തിയതോടെ വനം-വന്യജീവി വകുപ്പ് കേസെടുത്ത് രാത്രിയോടെ അറസ്റ്റു രേഖപ്പെടുത്തുകയായിരുന്നു.
Content Highlights: rapper Vedan kochi cannabis case
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·