Authored byനിഷാദ് അമീന്‍ | Samayam Malayalam | Updated: 28 Apr 2025, 1:43 am
IPL 2025 RCB vs DC: വിക്കറ്റിന് പിന്നിലെ കെഎല്‍ രാഹുലിന്റെ (KL Rahul) ചില പ്രവൃത്തികളില്‍ വിരാട് കോഹ്ലിക്ക് (Virat Kohli) അതൃപ്തിയുണ്ടായിരുന്നു. ആര്‍സിബിക്കെതിരെ ഡിസിയുടെ ടോപ് സ്‌കോറര്‍ ആയിരുന്നു രാഹുല്‍. സ്‌കോര്‍ പിന്തുടര്‍ന്ന സീസണിലെ തന്റെ ആറാമത്തെ അര്‍ധസെഞ്ചുറി നേടി.
വിരാട് കോഹ്‌ലിയും കെഎല്‍ രാഹുലും ചൂടേറിയ സംഭാഷണത്തില്‍ (ഫോട്ടോസ്- Samayam Malayalam) താര ജോഡികളുടെ ചൂടേറിയ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ആര്‍സിബിക്ക് വേണ്ടി റണ്‍ ചേസിങ് നടത്തുന്നതിനിടെയാണ് കോഹ്‌ലി രോഷാകുലനായത്. ഡിസിയുടെ വിക്കറ്റ് കീപ്പറായ രാഹുലിന്റെ ചില പ്രവൃത്തികളില്‍ കോഹ്‌ലിക്ക് അതൃപ്തിയുണ്ടായെന്നാണ് വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്.
രാഹുലിനോട് കയര്‍ത്ത് വിരാട് കോഹ്‌ലി; പിന്നാലെ കിടിലന്‍ ഐപിഎല്‍ റെക്കോഡ്
ഇരുവരും എന്താണ് പറയുന്നതെന്ന് ഓഡിയോയില്‍ വ്യക്തമല്ല. ഐപിഎല്ലില്‍ ഡിസിക്കു വേണ്ടിയാണ് രാഹുല്‍ കളിക്കുന്നതെങ്കിലും, കര്‍ണാടക സ്വദേശിയായ അദ്ദേഹം വളര്‍ന്നപ്പോഴും ആഭ്യന്തര ക്രിക്കറ്റിലും ബെംഗളൂരുവിലാണ് തന്റെ ക്രിക്കറ്റിന്റെ ഭൂരിഭാഗവും കളിച്ചത്. 2013 ലും 2016 ലും രാഹുല്‍ ആര്‍സിബി ക്യാമ്പിന്റെ ഭാഗമായിരുന്നു. എന്നാല്‍ ഡല്‍ഹി സ്വദേശിയായ കോഹ്‌ലി 2008ലെ ഒന്നാം ഐപിഎല്‍ മുതല്‍ ആര്‍സിബിക്കു വേണ്ടിയാണ് കളിക്കുന്നത്.
ആദ്യം ബാറ്റ് ചെയ്ത ഡിസിക്ക് വേണ്ടി രാഹുല്‍ 39 പന്തില്‍ നിന്ന് 41 റണ്‍സ് നേടിയിരുന്നു. 163 റണ്‍സ് എന്ന വിജയലക്ഷ്യം പിന്തുടരവെ മൂന്ന് വിക്കറ്റുകള്‍ വേഗത്തില്‍ നഷ്ടമായതോടെ ആര്‍സിബി ഒന്ന് പതറിയെങ്കിലും കോഹ്ലി പിടിച്ചുനിന്നു. സീസണിലെ തന്റെ ആറാമത്തെ അര്‍ധസെഞ്ചുറിമായി കോഹ്ലി ക്രുണാല്‍ പാണ്ഡ്യക്കൊപ്പം ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
ആറ് വിക്കറ്റിനാണ് ആര്‍സിബിയുടെ വിജയം. ക്രുണാല്‍ 47 പന്തില്‍ പുറത്താവാതെ 73 റണ്‍സ് നേടി പ്ലെയര്‍ ഓഫ് ദി മാച്ച് ആയി. ഈ മാച്ചിലൂടെ കോഹ്‌ലി ഐപിഎല്‍ 2025ല്‍ ടോപ് സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ് അണിയുകയും ചെയ്തു. 10 മാച്ചുകളില്‍ കോഹ്‌ലിക്ക് 443 റണ്‍സായി. ഇത്രയും മല്‍സരങ്ങളില്‍ നിന്ന് 427 റണ്‍സുമായി സൂര്യകുമാര്‍ യാദവാണ് രണ്ടാം സ്ഥാനത്ത്. എട്ട് മാച്ചുകളില്‍ 417 റണ്‍സുമായി സായ് സുദര്‍ശന്‍ മൂന്നാം സ്ഥാനത്തുണ്ട്.
ഐപിഎല്ലില്‍ 11ാം സീസണിലാണ് കോഹ്ലി 400 റണ്‍സ് തികയ്ക്കുന്നത്. തുടര്‍ച്ചയായി മൂന്നാം തവണയും. ഒരു സീസണില്‍ 11 തവണ 400+ റണ്‍സ് ഐപിഎല്ലിന്റെ ചരിത്രത്തിലെ ആദ്യ താരമാണ്. സുരേഷ് റെയ്ന, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഒമ്പത് തവണ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ കളിക്കാരനാണ് കോഹ്ലി. വൈകാതെ 8,500 റണ്‍സ് എന്ന നാഴികക്കല്ല് പിന്നിടും. ലീഗില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ (എട്ട്) നേടിയ റെക്കോഡും സ്വന്തമാക്കിയിട്ടുണ്ട്.
രചയിതാവിനെക്കുറിച്ച്നിഷാദ് അമീന്‍16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കുക








English (US) ·