ലീഡ്സ്: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് ഭേദപ്പെട്ട തുടക്കം. മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ടീമിനിപ്പോള്‍ 96 റണ്‍സ് ലീഡായി. 47* റണ്‍സുമായി കെ.എല്‍ രാഹുലും ആറു റണ്‍സുമായി ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലുമാണ് ക്രീസില്‍. ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ യശസ്വി ജയ്‌സ്വാള്‍ (4), സായ് സുദര്‍ശന്‍ (30) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.
നേരത്തേ അഞ്ചു വിക്കറ്റുമായി ജസ്പ്രീത് ബുംറ തിളങ്ങിയപ്പോള്‍ ഇന്ത്യയ്ക്കെതിരേ ഒന്നാം ഇന്നിങ്സില്‍ ഇംഗ്ലണ്ട് 465 റണ്‍സിന് പുറത്തായിരുന്നു. ഇന്ത്യ ആറു റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കി. 83 റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റെടുത്ത ബുംറയാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങിയത്. ഒലി പോപ്പിന്റെ സെഞ്ചുറിയും സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഹാരി ബ്രൂക്കിന്റെയും അര്‍ധ സെഞ്ചുറി നേടിയ ബെന്‍ ഡക്കറ്റിന്റെയും ഇന്നിങ്സുകളാണ് ഇംഗ്ലണ്ടിനെ 465-ല്‍ എത്തിച്ചത്.
ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ സാക് ക്രോളിയെ (4) നഷ്ടമായിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ബെന്‍ ഡെക്കറ്റ്-ഒലി പോപ്പ് സഖ്യം 122 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 62 റണ്‍സെടുത്ത ഡക്കറ്റിനെ ഒടുവില്‍ ബുംറ മടക്കി. പോപ്പും ജോ റൂട്ടും (28) മൂന്നാംവിക്കറ്റില്‍ 80 റണ്‍സ് ചേര്‍ത്തു.
സെഞ്ചുറിയുമായി ഇംഗ്ലണ്ട് ആക്രമണം നയിച്ച ഒലി പോപ്പിനെ പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ മൂന്നാം ദിവസത്തെ കളിയാരംഭിച്ചത്. മൂന്നുവിക്കറ്റ് നഷ്ടത്തില്‍ 209 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ടിന് സ്‌കോര്‍ 225-ല്‍ എത്തിയപ്പോഴാണ് പോപ്പിനെ നഷ്ടമായത്. 137 പന്തില്‍ നിന്ന് 14 ബൗണ്ടറികളടക്കം 106 റണ്‍സെടുത്ത പോപ്പിനെ, പ്രസിദ്ധ് കൃഷ്ണ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്ക്സിനെ കൂട്ടുപിടിച്ച് ബ്രൂക്ക് 51 റണ്‍സ് കൂട്ടിച്ചേര്‍ത്തു. സ്‌കോര്‍ 276-ല്‍ നില്‍ക്കേ സ്റ്റോക്ക്സിനെ മടക്കി മുഹമ്മദ് സിറാജാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 20 റണ്‍സായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്റെ സംഭാവന.
തുടര്‍ന്ന് ബ്രൂക്കിനൊപ്പം ചേര്‍ന്ന ജാമി സ്മിത്ത് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്നു. ആറാം വിക്കറ്റില്‍ ഇരുവരും 73 റണ്‍സ് ചേര്‍ത്തതോടെ ഇംഗ്ലീഷ് സ്‌കോര്‍ 349-ല്‍ എത്തി. 52 പന്തില്‍ നിന്ന് 40 റണ്‍സെടുത്ത സ്മിത്തിനെ മടക്കി പ്രസിദ്ധാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ എട്ടാമന്‍ ക്രിസ് വോക്‌സിനെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്ക് തകര്‍ത്തടിച്ചു. പുതിയ പന്തെടുത്തിട്ടും ഇന്ത്യയ്ക്ക് കൂടുതല്‍ വിക്കറ്റുകളെടുക്കാന്‍ സാധിച്ചില്ല. ഒടുവില്‍ 88-ാം ഓവറില്‍ വ്യക്തിഗത സ്‌കോര്‍ 99-ല്‍ നില്‍ക്കേ പ്രസിദ്ധിന്റെ ഷോര്‍ട്ട് ബോളില്‍ സിക്‌സറിന് ശ്രമിച്ച ബ്രൂക്കിനെ ഡീപ് ബാക്ക് സ്‌ക്വയര്‍ ലെഗില്‍ ശാര്‍ദുല്‍ താക്കൂര്‍ ക്യാച്ചെടുത്തു. വോക്‌സിനൊപ്പം 49 റണ്‍സ് ചേര്‍ത്ത ശേഷമാണ് ബ്രൂക്ക് പുറത്തായത്.
എട്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വോക്സ് - ബ്രൈഡന്‍ കാര്‍സ് സഖ്യവും ഇന്ത്യയ്ക്ക് തലവേദന സൃഷ്ടിച്ചു. 55 റണ്‍സ് കൂട്ടിച്ചേര്‍ത്ത ഈ കൂട്ടുകെട്ട് പൊളിക്കാന്‍ ഇന്ത്യയ്ക്ക് 95-ാം ഓവര്‍ വരെ കാക്കേണ്ടിവന്നു. 22 റണ്‍സെടുത്ത കാര്‍സിനെ സിറാജ് പുറത്താക്കി. 38 റണ്‍സെടുത്ത ക്രിസ് വോക്സും ഇംഗ്ലീഷ് സ്‌കോറിലേക്ക് ഭേദപ്പെട്ട സംഭാവന നല്‍കി. ഒടുവില്‍ ജോഷ് ടങ്ങിനെ (11) മടക്കി ബുംറ ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചു. ഇന്ത്യയ്ക്കായി പ്രസിദ്ധ് മൂന്നും സിറാജ് രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
Updating ...
Content Highlights: India strikes aboriginal connected Day 3, dismissing Ollie Pope for 106








English (US) ·