07 June 2025, 03:01 PM IST
.png?%24p=84ede61&f=16x10&w=852&q=0.8)
Photo: ANI
ലണ്ടന്‍: തലമുറമാറ്റത്തിനൊരുങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ആദ്യ പരീക്ഷണം ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെതിരേയാണ്. ജൂണ്‍ 20-നാണ് ഇംഗ്ലണ്ട് പര്യടനത്തിന് തുടക്കമാവുന്നത്. മുതിര്‍ന്നതാരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും വിരമിച്ച പശ്ചാത്തലത്തില്‍ ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെയായിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഓപ്പണര്‍ റോളിലും നാലാ നമ്പറിലും ബിസിസിഐക്ക് താരങ്ങളെ കണ്ടെത്തേണ്ടതുണ്ട്.
കെ.എല്‍. രാഹുലും യശസ്വി ജയ്‌സ്വാളും ഓപ്പണറായി ഇറങ്ങിയേക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സായ് സുദര്‍ശന്‍ വണ്‍ ഡൗണായും നായകന്‍ ശുഭ്മാന്‍ ഗില്‍ നാലാം നമ്പറിലും കളിച്ചേക്കുമെന്നാണ് വിവരം. ഇന്ത്യ എയ്ക്കായി രണ്ടാം ടെസ്റ്റില്‍ ഓപ്പണറായി ഇറങ്ങിയ രാഹുല്‍ സെഞ്ചുറി തികച്ചിരുന്നു.
അതേസമയം രാഹുല്‍ ഓപ്പണറായി ഇറങ്ങിയേക്കില്ലെന്നാണ് പഞ്ചാബ് കിങ്‌സ് പരിശീലകനും മുന്‍ ഓസീസ് താരവുമായ റിക്കി പോണ്ടിങ് പറയുന്നത്. സായ് സുദര്‍ശനും ജയ്‌സ്വാളും ഓപ്പണറായി ഇറങ്ങുമെന്നാണ് കരുതുന്നതെന്ന് പോണ്ടിങ് പ്രതികരിച്ചു. കൂടുതല്‍ പരിചയസമ്പത്തുള്ള താരങ്ങളായ കെ,എല്‍. രാഹുലോ കരുണ്‍ നായരോ രണ്ടിലൊരാള്‍ മൂന്നാം നമ്പറിലും ഗില്‍ നാലാം നമ്പറിലുമായിരിക്കും ഇറങ്ങുകയെന്നും മുന്‍ ഓസീസ് താരം പറയുന്നു.
അതേസമയം നിലവില്‍ ബാറ്റിങ് ഓര്‍ഡര്‍ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നാണ് ഗില്‍ കഴിഞ്ഞദിവസം പറഞ്ഞത്. പുതിയ നായകനായി ചുമതലയേറ്റശേഷമുള്ള ഗില്ലിന്റെ ആദ്യ ടെസ്റ്റ് പരമ്പര കൂടിയാണ് ഇംഗ്ലണ്ടിനെതിരേയുള്ളത്. ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
Content Highlights: indias batting bid vs england prediction ricky ponting








English (US) ·