23 May 2025, 09:05 PM IST

കെ.എൽ. രാഹുൽ, സച്ചിൻ തെണ്ടുൽക്കർ | PTI
മിന്നും ഫോമില്‍ കളിക്കുമ്പോഴും റെക്കോഡുകള്‍ മറികടക്കുമ്പോഴുമൊക്കെ താരങ്ങള്‍ താരതമ്യങ്ങള്‍ക്ക് വിധേയമാകാറുണ്ട്. പ്രതിഭാധനരായ താരങ്ങള്‍ നേരിടുന്ന ഒരു വെല്ലുവിളി കൂടിയാണത്. ആരാധകര്‍ ഇതിഹാസതാരങ്ങളുമായി പോലും പുതിയ താരങ്ങളെ താരതമ്യം ചെയ്യുന്നു. ക്രിക്കറ്റിലാകട്ടെ നേടിയ റണ്‍സും സെഞ്ചുറികളുമൊക്കെ നോക്കി ബാറ്റര്‍മാരില്‍ കേമനാരെന്ന് ചര്‍ച്ചചെയ്യാറുണ്ട് ക്രിക്കറ്റ് നിരീക്ഷകര്‍. എന്നാല്‍ ഇന്ത്യന്‍ താരം കെ.എല്‍. രാഹുലിനെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറുമായി താരതമ്യം ചെയ്താലോ? അടുത്തിടെ നടന്ന ഒരു ഷോയാണ് സാമൂഹികമാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
ഒടിടി പ്ലേ യിലെ ബെയില്‍സ് ആന്റ് ബാന്റര്‍ എന്ന പരിപാടിയിലാണ് സച്ചിനെ രാഹുലുമായി താരതമ്യം ചെയ്തത്. രാഹുലിന്റെ ടീം 1990 ലെ സച്ചിന്റെ സംഘത്തെ ഓര്‍മിപ്പിക്കുന്നതായി ആരാധകര്‍ പറയുന്നുണ്ടെന്ന് ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. ഇതുകേട്ട മുന്‍ ക്രിക്കറ്റ് താരം അതുല്‍ വാസന്‍ രൂക്ഷമായാണ് ഇതിനോട് പ്രതികരിച്ചത്. ഇനി ഇത്തരം താരതമ്യം നടത്തിയാല്‍ താന്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകുമെന്ന് അദ്ദേഹം പറഞ്ഞു.
'കെ.എല്‍. രാഹുലിനെയും സച്ചിന്‍ തെണ്ടുല്‍ക്കറിനെയും ഒരു വാചകത്തില്‍ പരാമര്‍ശിക്കുകയാണെങ്കില്‍ ഞാന്‍ ഇവിടെ നിന്ന് ഇറങ്ങിപ്പോകും. കെ.എല്‍. രാഹുല്‍ പുറത്താകുമ്പോള്‍ ടിവി ഓഫാക്കാനോ? ആരാണ് ഇവര്‍?' അതുല്‍ വാസന്‍ ചോദിച്ചു. ഐപിഎല്ലിലെ രാഹുലിന്റെ ടീമിനെ പിന്തുണയ്ക്കുന്നവരാണെന്ന് അവതാരകന്‍ സൂചിപ്പിച്ചു.
അതേസമയം രാഹുലിന്റെ കളിശൈലിയെ അതുല്‍ വാസന്‍ പ്രകീര്‍ത്തിച്ചു. രാഹുല്‍ ഫോമായാല്‍ ബുദ്ധിമുട്ടേറിയ ഷോട്ടുകള്‍ അദ്ദേഹത്തിന് ആത്മവിശ്വാസത്തോടെ കളിക്കാന്‍ സാധിക്കുന്നുണ്ടെന്നും മുന്‍ താരം പറഞ്ഞു. ഐപിഎല്ലിന്റെ തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും കെ.എല്‍. രാഹുലിനും സംഘത്തിനും പ്ലേ ഓഫിലേക്ക് മുന്നേറാന്‍ കഴിഞ്ഞിരുന്നില്ല. നിലവില്‍ 13 മത്സരങ്ങളില്‍ 13 പോയന്റാണ് ടീമിനുള്ളത്. ആറ് ജയം മാത്രമാണ് ടീമിന് സ്വന്തമാക്കാനായത്.
Content Highlights: kl rahul sachin tendulkar examination atul wassan response








English (US) ·