Published: October 23, 2025 07:24 AM IST
1 minute Read
അഡ്‌ലെയ്ഡ് ∙ രോഹിത് ശർമ– വിരാട് കോലി താരജോടിയുടെ തിരിച്ചുവരവ് ആഘോഷിക്കാനാണ് ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ഏകദിന മത്സരത്തിനായി ഇന്ത്യൻ ആരാധകർ കാത്തിരുന്നത്. എന്നാൽ രണ്ടാം മത്സരം ഇന്ന് അഡ്‌ലെയ്ഡിൽ നടക്കുമ്പോൾ പരമ്പര കൈവിട്ടുപോകരുതേ എന്ന പ്രാർഥന മാത്രമേ അവർക്കുള്ളൂ.
ആദ്യ മത്സരത്തിൽ നിരാശപ്പെടുത്തിയ കോലിയും രോഹിത്തും ഇന്നു ഫോമിലേക്കുയർന്നാലും ഇല്ലെങ്കിലും 3 മത്സര പരമ്പര നഷ്ടപ്പെടാതിരിക്കാൻ ഇന്ത്യയ്ക്ക് ഇന്നു ജയിച്ചേ തീരൂ. മറുവശത്ത് ആദ്യ മത്സരത്തിലെ അനായാസ ജയം നൽകിയ ആത്മവിശ്വാസത്തിൽ ഇറങ്ങുന്ന ഓസീസിനു നിലവിലെ ഫോം തുടർന്നാൽ കാര്യങ്ങൾ എളുപ്പമാകും. മത്സരം ഇന്ത്യൻ സമയം രാവിലെ 9 മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിലും ജിയോ ഹോട്സ്റ്റാറിലും തത്സമയം.
ഓസീസ് പേസർമാർക്കു മുന്നിൽ മറുപടിയില്ലാതെ നിൽക്കുന്ന ഇന്ത്യൻ ബാറ്റർമാരെയാണ് പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ കണ്ടത്. സീനിയർ– ജൂനിയർ വ്യത്യാസമില്ലാതെ ടീമിലെ എല്ലാ ബാറ്റർമാരും പേസ് ബോളിങ്ങിനു മുന്നിൽ നിന്നുവിയർത്തു. മഴ കൂടി ഓസീസ് പേസർമാർക്ക് അനുകൂലമായതോടെ ഇന്ത്യ ചിത്രത്തിലേ ഇല്ലാതായി.
അഡ്‌ലെയ്ഡിലേക്കു വരുമ്പോഴും ടീം ഇന്ത്യയെ കാത്തിരിക്കുന്നത് മിച്ചൽ സ്റ്റാർക്– ജോഷ് ഹെയ്സൽവുഡ്– നേഥൻ എല്ലിസ് പേസ് ത്രയത്തിന്റെ പരീക്ഷണമാണ്. രോഹിത്– ശുഭ്മൻ ഗിൽ സഖ്യത്തിനു പവർപ്ലേ ഓവറുകളിൽ വിക്കറ്റ് നഷ്ടപ്പെടാതെ ഇവരെ പ്രതിരോധിക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്കു കാര്യങ്ങൾ പാതി എളുപ്പമാകും. മധ്യ ഓവറുകളിൽ കോലി, ശ്രേയസ് അയ്യർ, കെ.എൽ.രാഹുൽ എന്നിവരുടെ പ്രകടനവും ടീമിന് നിർണായകമാണ്.
∙ രോഹിത്തിന് ഗംഭീറിന്റെ സ്പെഷൽ ക്ലാസ്
അഡ്‌ലെയ്‍ഡ് മത്സരത്തിനു മുൻപു നടന്ന അവസാന പരിശീലന സെഷനിൽ ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ കൂടുതൽ സമയവും ചെലവഴിച്ചതു രോഹിത് ശർമയ്ക്കൊപ്പമായിരുന്നു. മറ്റു താരങ്ങൾ എത്തുന്നതിനും 45 മിനിറ്റ് മുൻപ് നെറ്റ്സിൽ എത്തിയ രോഹിത്, ഗംഭീറിന്റെ മേൽനോട്ടത്തിൽ ഒരു മണിക്കൂറോളം പരിശീലനം നടത്തി. ശേഷം ഗംഭീറുമായി ഏറെനേരം സംസാരിച്ച രോഹിത്, ഫീൽഡിങ് പരിശീലനവും പൂർത്തിയാക്കിയ ശേഷമാണ് ഗ്രൗണ്ടിൽനിന്നു മടങ്ങിയത്.
English Summary:








English (US) ·