രോഹന്റെ ‘കിടിലൻ’ സെഞ്ചറി (121*), സഞ്ജുവിന്റെ ‘അടിപൊളി’ അർധസെഞ്ചറി (51*); ഒഡീഷയെ 10 വിക്കറ്റിന് തകർത്ത് കേരളം

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 26, 2025 04:55 PM IST

1 minute Read

 KCA
മുഷ്താഖ് അലി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഒഡീഷയ്ക്കെതിരായ ആദ്യ മത്സരത്തിൽ അർധസെഞ്ചറി നേടിയ സഞ്ജു സാംസണും സെ‍ഞ്ചറി നേടിയ രോഹൻ കുന്നുമ്മലും. ചിത്രം: KCA

ലക്നൗ ∙ 10 സിക്സ്, 10 ഫോർ; 60 പന്തിൽ 121. ഒഡീഷ ടീം ഒരുമിച്ചു നേടിയതിന്റെ മുക്കാൽ ഭാഗവും രോഹൻ കുന്നുമ്മൽ ഒറ്റയ്ക്കു നേടിയപ്പോൾ മുഷ്താഖ് അലി ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ കേരളത്തിനു പത്തു വിക്കറ്റിന്റെ തകർപ്പൻ ജയം. 177 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കേരളം, 16.3 ഓവറിലാണ് വിക്കറ്റ് നഷ്ടമൊന്നും കൂടാതെ ജയത്തിലേക്ക് എത്തിയത്. സെഞ്ചറി നേടിയ ഓപ്പണർ രോഹൻ കുന്നുമ്മൽ (121*), അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ സഞ്ജു സാംസൺ (51*) എന്നിവരുടെ ബാറ്റിങ്ങാണ് കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. രോഹൻ കുന്നുമ്മലാണ് പ്ലെയർ ഓഫ് ദ് മാച്ച്. ജയത്തോടെ കേരളത്തിനു നാലു പോയിന്റായി.

ടോസ് നേടിയ കേരള ക്യാപ്റ്റൻ സഞ്ജു സാംസൺ ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് ഒഡീഷ 176 റൺസെടുത്തത്. നാല് വിക്കറ്റ് വീഴ്ത്തിയ എം.ഡി.നിധീഷ്, രണ്ടു വിക്കറ്റ് വീഴ്ത്തിയ കെ.എം. ആസിഫ്‍‍ എന്നിവരാണ് ഒഡീഷ ഇന്നിങ്സിനു കൂച്ചുവിലങ്ങിട്ടത്. അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ബിപ്ലബ് സാമന്ദ്രായ് (53) ആണ് ഒഡീഷയുടെ ടോപ് സ്കോറർ. സാംബിത് എസ്. ബരാൽ 40 റൺസും ഓപ്പണർ ഗൗരവ് ചൗധരി 29 റൺസും നേടി. നാല് ഓവറിൽ 35 റൺസ് മാത്രം വിട്ടുകൊടുത്താണ് നിധീഷ് നാലു വിക്കറ്റ് വീഴ്ത്തിയത്.

മറുപടി ബാറ്റിങ്ങിൽ, തുടക്കം മുതൽ രോഹനും സഞ്ജുവും അടിച്ചു തകർക്കുകയായിരുന്നു. അനായാസം ബാറ്റു വീശിയ രോഹനാണ് ഇന്നിങ്സിന്റെ കടിഞ്ഞാൺ ഏറ്റെടുത്തത്. 60 പന്തിൽ 10 സിക്സിന്റെയും 10 ഫോറിന്റെയും അകമ്പടിയോടെയായിരുന്നു രോഹന്റെ ബാറ്റിങ്. രഞ്ജി ട്രോഫിയിൽ തിളങ്ങാൻ സാധിക്കാതെ പോയതിന്റെ വിഷമം രോഹൻ ഈ മത്സരത്തിൽ തീർത്തു. ഉറച്ച പിന്തുണയുമായി സഞ്ജു സാംസണും മറുവശത്ത് നിലയുറപ്പിച്ചതോടെ കേരളം കുതിച്ചു. 41 പന്തിൽ 51 റൺസെടുത്ത സഞ്ജു, ഒരു സിക്സും ആറു ഫോറുമാണ് അടിച്ചത്. 28നു റെയിൽവേസിനെതിരെയാണ് കേരളത്തിന്റെ അടുത്ത മത്സരം.

English Summary:

Syed Mushtaq Ali Trophy: Kerala vs Odisha- Match Updates

Read Entire Article