'രോഹിതിന്റെ ആരാധകർക്ക് അത് ഇഷ്ടപ്പെട്ടില്ല'; മുംബൈ ഇന്ത്യൻസ് ആരാധകർ ഹർദിക്കിനെതിരെ കൂകിവിളി നടത്തിയതിൽ മൗനം വെടിഞ്ഞ് ബിസിസിഐ

4 months ago 6

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam24 Aug 2025, 12:23 pm

ഐപിഎൽ 2024 സീസണിൽ രോഹിത് ശർമയെ മാറ്റിനിർത്തി ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കിയതിൽ വലിയ വിമർശനമാണ് ആരാധകരിൽ നിന്നും ഉയർന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ ബിസിസിഐ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകാണ്.

ഹൈലൈറ്റ്:

  • ഹർദിക് പാണ്ഡ്യയാണ് 2024 മുതൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ
  • ആരാധകരിൽ നിന്ന് കൂകിവിളികളും പരിഹാസവും
  • ഹർദിക്കിനെ നേരിൽ കണ്ട് സംസാരിച്ചു എന്ന് ബിസിസിഐ
Rohit Sharma, Hardik Pandyaരോഹിത് ശർമ, ഹർദിക് പാണ്ഡ്യ
മുംബൈ ഇന്ത്യൻസും രോഹിത് ശർമയും തമ്മിലുള്ള ബന്ധം ഏറെ ദൃഢമായ ഒന്നാണ്. ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) കിരീടം അഞ്ച് തവണ മുംബൈ സ്വന്തമാക്കിയപ്പോളും നായക സ്ഥാനത്ത് ഉണ്ടായിരുന്നത് രോഹിത് ശർമയാണ്. അതുകൊണ്ടുതന്നെ ആരാധകർക്കും മറ്റൊരു നായകനെ കുറിച്ച് സങ്കൽപ്പിക്കാൻ പോലും സാധിച്ചിരുന്നില്ല. എന്നാൽ 2024 ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസ് രോഹിത് ശർമയെ നായക സ്ഥാനത്ത് നിന്ന് മാറ്റുകയും പകരം നായക സ്ഥാനം നൽകികൊണ്ട് ഹർദിക് പാണ്ഡ്യയെ ടീമിലേക്ക് തിരികെ എത്തിക്കുകയും ചെയ്‌തു. ഏറ്റവും മോശം പ്രകടനമായിരുന്നു ആ സീസണിൽ മുംബൈ ഇന്ത്യൻ കാഴ്ചവെച്ചത്.
Samayam Malayalam2021ന് ശേഷം ടി20 അരങ്ങേറ്റം, ഇപ്പോള്‍ ഇവരുടെ അഡ്രസില്ല; ഗംഭീര്‍ തഴയുന്ന പ്രതിഭകളിതാ
മുംബൈ ഇന്ത്യൻസ് ആരാധകർ രോഹിതിനെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് മാറ്റിയതിലും ഹർദിക് പാണ്ഡ്യയെ പകരം ആ സ്ഥാനത്തേക്ക് കൊണ്ടുവന്നതിലും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു. ഹർദിക് പാണ്ഡ്യയ്‌ക്കെതിരെ ട്രോളുകളും ഗാലറിയിൽ ഇരുന്നു കൂകി വിളികളും നടത്തി. ഇതോടെ രോഹിത് ടീം വിടും എന്ന അഭ്യൂഹങ്ങൾ പരന്നു. എന്നാൽ 2025 ഐപിഎൽ സീസണിലും രോഹിത് മുംബൈക്കായി മൈതാനത്ത് ഇറങ്ങി.

അഭിഷേകിന് സ്ഥാനം ഉറപ്പ്; എന്തുകൊണ്ട് വെടിക്കെട്ട് ബാറ്റര്‍ക്ക് ഇത്രയും പിന്തുണ ലഭിക്കുന്നു?


ആരാധകരിൽ നിന്ന് ഇത്രയധികം വിമർശനങ്ങൾ ഉയർന്നിട്ടും എന്തുകൊണ്ട് രോഹിതിനെ മാറ്റിയെന്നോ പകരം എന്തുകൊണ്ട് ഹർദിക് പാണ്ഡ്യയെ ക്യാപ്റ്റൻ ആക്കി എന്നതിനെ കുറിച്ചോ മുംബൈ ഇന്ത്യൻസ് പ്രതികരിച്ചിരുന്നില്ല. എന്നാൽ 2024 ൽ നടന്ന ചില സംഭവവികാസങ്ങളിൽ തങ്ങൾ ഇടപെട്ടിട്ടുണ്ട് എന്ന് അറിയിച്ചുകൊണ്ട് ബിസിസിഐ രംഗത്തെത്തിയിരിക്കുകയാണ്.

ബിസിസിഐ വൈസ് പ്രസിഡൻ്റ് രാജീവ് ശുക്ല ഈ വിവാദത്തെക്കുറിച്ച് തുറന്നു സംസാരിച്ചു. ഈ ഘട്ടത്തിൽ ഹർദിക്കുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. അതേസമയം, രോഹിത്തിനെ കുറ്റപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു. രോഹിത്തിൻ്റെ ആരാധകർക്ക് സംഭവിച്ച കാര്യങ്ങൾ ഇഷ്ടപ്പെട്ടില്ലെങ്കിലും, രോഹിത് അതിന് പ്രകോപനം നൽകിയിട്ടില്ലെന്നും ശുക്ല വ്യക്തമാക്കി. കാര്യങ്ങൾ കൈകാര്യം ചെയ്ത രീതിക്ക് ഹർദിക്കിനെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.

'ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുമ്പോൾ, ബിസിസിഐയിലെ ആളുകൾ താരങ്ങളുമായി സംസാരിക്കുന്നത് പതിവാണ്. ഹർദിക്കിന്റെ കാര്യത്തിൽ, രോഹിത് ശർമ ്മയുടെ ആരാധകർക്ക് അത് ഇഷ്ടപ്പെട്ടില്ല. പക്ഷെ ആ വിഷയം കഴിഞ്ഞു. രോഹിത് ശർമ ആരെയും പ്രകോപിപ്പിച്ചിട്ടില്ല, ഇങ്ങനെയൊന്ന് സംഭവിക്കുമെന്ന് ഹർദിക്കിന് അറിയാമായിരുന്നു, അവൻ വളരെ പക്വതയോടെയാണ് അതിനെ നേരിട്ടത്' എന്നും ശുക്ല യുപിടി20 ലീഗിന്റെ യൂട്യൂബ് ചാനലുമായി നടത്തിയ അഭിമുഖത്തിൽ പറഞ്ഞു.

'അവൻ ( ഹർദിക് പാണ്ഡ്യ ) അതൊന്നും കാര്യമാക്കിയില്ല. വികാരപരമായി അവൻ തളർന്നില്ല. പിന്നെ, നിങ്ങൾ മികച്ച പ്രകടനം കാഴ്ചവെക്കാൻ തുടങ്ങിയാൽ, ആരാധകർ സ്വയം വീണ്ടും അഭിനന്ദിക്കാൻ തുടങ്ങും' ശുക്ല കൂട്ടിച്ചേർത്തു.

അതേസമയം ഐപിഎൽ 2024 സീസണിൽ മുംബൈ ഇന്ത്യൻസ് കളിച്ച ഏഴ് ഹോം മത്സരങ്ങളിലും കൂവൽ കേട്ട ഹർദിക് പാണ്ഡ്യ ഒരു മാസത്തിന് ശേഷം 2024-ലെ ടി20 ലോകകപ്പ് വിജയഘോഷത്തിനായി ഇന്ത്യൻ ടീമിനൊപ്പം അതേ മൈതാനത്ത് തിരിച്ചെത്തിയപ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. ലോകകപ്പ് ട്രോഫിയുമായി മുംബൈ വിമാനത്താവളത്തിൽ ഹർദിക് പാണ്ഡ്യ നടന്നുവരുന്നത് വളരെ ശ്രദ്ധേയമായ നിമിഷമായി മാറി.

ടൂർണമെന്റിൽ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരുന്ന ഹർദിക് പാണ്ഡ്യ രോഹിത് നയിച്ച ടീമിന്റെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു. എട്ട് മത്സരങ്ങളിൽ നിന്ന് 151.57 സ്ട്രൈക്ക് റേറ്റിൽ 144 റൺസ് നേടിയ അദ്ദേഹം 11 വിക്കറ്റുകളും വീഴ്ത്തി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആവേശകരമായ ഫൈനലിൽ അവസാന ഓവർ എറിഞ്ഞതും ഹാർദിക് ആയിരുന്നു.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തകയാണ് അനുഷ ഗംഗാധരൻ. കഴിഞ്ഞ 6 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2022ൽ സമയം മലയാളത്തിൻ്റെ ഭാഗമായി. കായിക വാർത്തകളാണ് പ്രധാനമായും കൈകാര്യം ചെയുന്നത്.... കൂടുതൽ വായിക്കുക

Read Entire Article