രോഹിതും കോലിയുമില്ലാത്ത ടെസ്റ്റ് ടീമിനെ നയിക്കാന്‍ ഗില്‍,'റിസ്‌ക്' ഇംഗ്ലണ്ടിനെതിരെ വിജയവഴി തുറക്കുമോ

7 months ago 7

ലോകത്തിലേക്കും മികച്ച ഫാസ്റ്റ്ബൗളര്‍മാരില്‍ പെടുന്ന ജസ്പ്രീത് ബുംറ, ദുഷ്‌കരമായ വിദേശപര്യടനങ്ങളിലൊക്കെ കഴിവു തെളിയിച്ച വിക്കറ്റ് കീപ്പര്‍- ബാറ്റര്‍ ഋഷഭ് പന്ത്, രണ്ടുതവണ പകരക്കാരനായി ടീമിനെ നയിച്ച കെ.എല്‍.രാഹുല്‍-- ഇവരാരുമല്ല, ശുഭ്മന്‍ ഗില്ലാണ് ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ നയിക്കുക. പന്ത് അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും വിരമിച്ചതിനെ തുടര്‍ന്ന് തലമുറമാറ്റം നടക്കുന്ന ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ ഗില്‍ യോഗ്യനാണോ എന്ന ചോദ്യം ഉയരുകയാണ്. വിദേശരാജ്യങ്ങളില്‍ ഇതുവരെ മികച്ച പ്രകടനം നടത്തിയിട്ടില്ലാത്ത, ഐ.പി.എല്ലിലല്ലാതെ ടീമിനെ നയിക്കുന്നതില്‍ കാര്യമായ അനുഭവസമ്പത്തില്ലാത്ത ഈ 25-കാരന്‍ ക്യാപ്റ്റനല്ലെങ്കില്‍ പ്ലെയിങ് ഇലവനില്‍ ഇടം കിട്ടുമെന്ന് ഉറപ്പില്ലാത്ത ബാറ്ററാണെന്ന് കൃഷ്ണമാചാരി ശ്രീകാന്തിനെപ്പോലുള്ള വിമര്‍ശകര്‍ പറയുന്നു

ശുഭ്മന്റെ വിദേശരാജ്യങ്ങളിലെ റെക്കോഡ് പരിതാപകരമാണ്. ടെസ്റ്റ് മത്സരങ്ങളില്‍ 35.5 ശരാശരിയില്‍ 32 ടെസ്റ്റുകളില്‍ നിന്നും 1,839 റണ്‍സ് നേടിയിട്ടുണ്ട് ഗില്‍. ഇതില്‍ വിദേശരാജ്യങ്ങളില്‍ നിന്നും നേടിയത് 649 റണ്‍ മാത്രം. സേനാ (SENA- ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസീലണ്ട്, ഓസ്‌ട്രേലിയ) രാജ്യങ്ങളിലെ ശരാശരി വെറും പതിനാറാണ്. വിദേശരാജ്യത്ത് നേടിയ ഏറ്റവും വലിയ സ്‌കോര്‍ 2021-ല്‍ ഓസ്‌ട്രേലിയയിലെ ബ്രിസ്ബനിലെ ഗബ്ബ പിച്ചില്‍ നേടിയ 91 റണ്‍സും. സ്വിങ് ബൗളിങ്ങിനെ തുണയ്ക്കുന്ന ഇംഗ്ലണ്ടിലെ മൂടിക്കെട്ടിയ പിച്ചുകളില്‍ വായുവിലും പിച്ചിങ്ങിനു ശേഷവും 'മനോധര്‍മ്മം' കാട്ടുന്ന ഡ്യൂക്‌സ് പന്തുകള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ യുവടീമംഗങ്ങളുടെ ബഹുമാനം പിടിച്ചുപറ്റാന്‍ ശുഭ്മനു കഴിയില്ല. അത് ടീമിന്റെ അച്ചടക്കത്തെ ബാധിക്കാം. ഗൗതം ഗംഭീറിനെപ്പോലെ പ്രഭാവശാലിയായ ഒരു പരിശീലകന്റെ നിഴല്‍ ഉണ്ടാക്കുന്ന സമ്മര്‍ദ്ദത്തിനു പുറമേയാണ് ഇത്!

ടീമംഗങ്ങളെ സമ്മര്‍ദ്ദത്തിലാക്കാതെ ശാന്തമായി ടീമിനെ നയിച്ച രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി അക്രമോത്സുകമായിരുന്നു. മികച്ച ചില ടെസ്റ്റു വിജയങ്ങളില്‍ അദ്ദേഹത്തിന്റെ തന്ത്രപരമായ മികവിന്റെ കൈയൊപ്പുണ്ട്. ഗില്ലിന്റെ നേതൃത്വമികവ് ഇനിയും പരീക്ഷിക്കപ്പെട്ടിട്ടില്ല. ഗുജറാത്ത് ടൈറ്റന്‍സിലെ ഗില്ലിന്റെ വിജയം കാണിക്കുന്നത് സമചിത്തതയോടെ, അക്ഷോഭ്യനായി തീരുമാനമെടുക്കാന്‍ കഴിയുന്ന ക്യാപ്റ്റനെയാണ്. പക്ഷേ ടെസ്റ്റ് ക്രിക്കറ്റ് അഞ്ചു ദിവസമാണ്. തന്ത്രപരമായ കൂര്‍മതയും ക്ഷമയും സ്ഥിരോത്സാഹവും ആദ്യന്തം പുലര്‍ത്തേണ്ടതുണ്ട്. പ്രതിസന്ധി ഘട്ടങ്ങളില്‍ ഉപദേശം തേടാന്‍ കോലിയെയും അശ്വിനെയും പോലുള്ള പരിചയസമ്പന്നരായ കളിക്കാര്‍ ഡ്രസിങ് റൂമില്‍ ഇല്ലാത്തതും ഗില്ലിനെ വലയ്ക്കും. എന്തായാലും പ്രായത്തിലും അനുഭവസമ്പത്തിലും പിന്നില്‍ നില്‍ക്കുന്ന ഒരു സംഘത്തെ പരിചയസമ്പന്നരായ ഇംഗ്ലീഷ് ടീമിനെതിരെ നയിക്കുന്ന ദൗത്യം ശുഭ്മന് എളുപ്പമാവില്ല.

1932 മുതല്‍ ഇതുവരെ ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ 135 ടെസ്റ്റുകളിലാണ് ഏറ്റുമുട്ടിയത്. ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയുടെ ആദ്യടെസ്റ്റ് വിജയം 1971-ലായിരുന്നു. ഇന്ത്യ മുപ്പത്തിയൊന്ന് ടെസ്റ്റിലും ഇംഗ്ലണ്ട് അന്‍പതെണ്ണത്തിലും ജയിച്ചു. ശേഷിച്ചവ സമനിലയിലായി. ഇരുരാജ്യങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത് 37 പരമ്പരകളിലാണ് (19 എണ്ണം ഇംഗ്ലണ്ടില്‍, 18 ഇന്ത്യയില്‍). അതില്‍ ഇന്ത്യ ജയിച്ചത് പന്ത്രണ്ടെണ്ണം, വിദേശജയം മൂന്നു മാത്രം! 2007-ല്‍ രാഹുല്‍ ദ്രാവിഡിന്റെ നേതൃത്വത്തിലെ ടീമാണ് അവസാനം ജയിച്ചത്. 2021-22 പരമ്പരയില്‍ കോവിഡ് കാരണം അഞ്ചാം ടെസ്റ്റ് നീട്ടിവെച്ചപ്പോള്‍ ഇന്ത്യ ഒന്നിനെതിരെ രണ്ടു വിജയങ്ങള്‍ക്ക് മുന്നിലായിരുന്നു. പക്ഷേ, പിന്നീട് നടന്ന അഞ്ചാം ടെസ്റ്റില്‍ ബെന്‍ സ്റ്റോക്‌സ് നയിച്ച ഇംഗ്ലീഷ് ടീം വിജയിച്ചു, പരമ്പര സമനിലയിലാക്കി.

സമീപകാലത്തെ ഇംഗ്ലണ്ടിലെ ഏറ്റവും വലിയ തോല്‍വികളിലൊന്ന് 2011-ല്‍ ആന്‍ഡ്രൂ സ്‌ട്രോസ് നയിച്ച ടീമിനോട് എല്ലാ കളിയും തോറ്റതായിരുന്നു (4-0). ക്യാപ്റ്റന്‍ ധോണിയുടെ തൊപ്പി തെറിക്കുമെന്ന് തോന്നിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല. സച്ചിന്‍ ടെണ്ടുല്‍ക്കറും ദ്രാവിഡും ലക്ഷ്മണും സെവാഗും ഉള്‍പ്പെട്ട ഇന്ത്യയുടെ സുവര്‍ണ തലമുറയുടെ അസ്തമയത്തിന്റെ തുടക്കം കുറിച്ച പരമ്പരയായിരുന്നു അത്. 2018-ല്‍ വിരാട് കോലിയായിരുന്നു ക്യാപ്റ്റന്‍. അദ്ദേഹം മിന്നുന്ന പ്രകടനം നടത്തിയെങ്കിലും ടീം വീണ്ടും തോറ്റു. സ്‌കോര്‍ 4-1. 2022-ലെ പരമ്പരയില്‍ ഇന്ത്യ നില മെച്ചപ്പെടുത്തി, പരമ്പര 2-2 ന് സമനില പാലിക്കാനായി. കോലിയും ബുംറയും കൂട്ടരും ചേര്‍ന്നുയര്‍ത്തിയ ഈ ബെഞ്ച്മാര്‍ക്ക് ഗില്ലിനെ ഭയപ്പെടുത്തും.

പരിചയസമ്പന്നരെ പോലും വിഷമിപ്പിക്കുന്ന സാഹചര്യങ്ങളില്‍ അഭിമാനകരമായി പൊരുതാന്‍ ടീമിനായാല്‍ തന്നെ വിജയമായി കണക്കാക്കാം. മുന്‍നിരക്കാരൊഴിഞ്ഞു നിന്ന 2020- 21-ലെ ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ വിസ്മയവിജയം നേടിയ ഓര്‍മ്മകള്‍ ഈ ടീമിനെ തുണയ്ക്കും. ആ പരമ്പരയിലാണ് ഗില്ലും സിറാജും വാഷിങ്ടൺ സുന്ദറും ടെസ്റ്റില്‍ അരങ്ങേറിയത്. പന്തും ബുംറയും ജഡേജയും കുല്‍ദീപ് യാദവും ശാര്‍ദുല്‍ ഠാക്കൂറും അജിങ്ക്യ രഹാനെ നയിച്ച ടീമിലുണ്ടായിരുന്നു. ഒന്നാം നിര കളിക്കാരടങ്ങിയ ഓസ്‌ട്രേലിയന്‍ സംഘത്തെ ഇന്ത്യയുടെ പരിചയസമ്പത്തില്ലാത്ത രണ്ടാം നിരക്കാരുടെ കൂട്ടം അട്ടിമറിക്കുകയായിരുന്നു.

ഉറയ്ക്കാത്ത മധ്യനിരയും തഴക്കമില്ലാത്ത ഫാസ്റ്റ് ബൗളിംഗും

യശസ്വി ജയ്‌സ്വാളും കെ.എല്‍ രാഹുലും ആയിരിക്കും മിക്കവാറും ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. നാലാമനായി ഗില്ലും. യഥാക്രമം ഒന്നും നാലും ബാറ്റര്‍മാരായി ഇറങ്ങിയിരുന്ന രോഹിതും കോലിയും ടീമിന് നല്‍കിയിരുന്ന മുന്‍തൂക്കം ചെറുതല്ല. തന്റെ സ്‌കോറിന്റെ വലിപ്പം നോക്കാതെ ആക്രമിച്ചു കളിച്ച് എതിരാളിയെ സമ്മര്‍ദ്ദത്തിലാക്കുന്ന ശര്‍മയും മധ്യനിരയ്ക്ക് സ്ഥിരത നല്‍കുന്ന കോലിയും ടീമിന് നല്‍കിയ മനശാസ്ത്രപരമായ മുന്‍തൂക്കം ചെറുതായിരുന്നില്ല. 23-കാരനായ യശസ്വി ഏറെക്കാലം ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണാവേണ്ടപ്രതിഭയാണ്. അക്രമോത്സുകതയോടൊപ്പം സാങ്കേതികത്തികവും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ ബാറ്റിങ് ഇംഗ്ലണ്ടിന് യോജിച്ചതാണ്. ഇംഗ്ലണ്ടില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ കെ.എല്‍ രാഹുല്‍, ആദ്യടെസ്റ്റില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടിയ കരുണ്‍ നായര്‍ എന്നിവരൊക്കെ മികച്ച ബാറ്റര്‍മാരാണെങ്കിലും ദീര്‍ഘമായ ഒരു പരമ്പരയില്‍ ഫോമും ഏകാഗ്രതയും റണ്‍ദാഹവും നിലനിര്‍ത്തുമോ എന്ന് കണ്ടറിയണം.

'സേന' രാജ്യങ്ങളില്‍ കളി ജയിപ്പിക്കാന്‍ അസാധാരണമായ കഴിവുള്ള പന്ത് ടീമിന്റെ തുറുപ്പുചീട്ടാണ്. ചില സമയത്ത് സാഹചര്യം മറന്ന് റിസ്‌കെടുക്കുന്ന സ്വഭാവം മാറ്റിയെടുക്കാനുള്ള അവസരമാണ് വൈസ് ക്യാപ്റ്റനാക്കിയതിലൂടെ സെലക്ടര്‍മാര്‍ അദ്ദേഹത്തിനു നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ നല്ല ഫോമില്‍ കളിക്കുമ്പോള്‍ അനാവശ്യമായി റിസ്‌കെടുത്ത് ഒന്നിലധികം തവണ പുറത്തായത് ഗംഭീറിനെ ചൊടിപ്പിച്ചിരുന്നു. അക്രമോല്‍സുക വാസനകളെയും നേതൃത്വപരമായ ഉത്തരവാദിത്തത്തെയും പന്ത് ബാലന്‍സ് ചെയ്യേണ്ടിയിരിക്കുന്നു. വിദേശരാജ്യങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ വിദേശ ബാറ്ററാണ് ഇപ്പോള്‍ അദ്ദേഹം. അദ്ദേഹത്തിന്റെ സമീപനം ഇംഗ്ലീഷ് ബൗളര്‍മാരെ താളം തെറ്റിച്ചേക്കാം. ഇംഗ്ലണ്ടിലെ സീമിങ് സാഹചര്യങ്ങളില്‍ പന്തിന്റെ വിക്കറ്റ്കീപ്പിംഗും നിര്‍ണായകമാവും. പക്ഷേ, ഈ ഐ.പി.എല്‍ പരമ്പരയിലെ അദ്ദേഹത്തിന്റെ ബാറ്റിങ് ഫോം ആശങ്കയ്ക്കു കാരണമാണ്.

പരിക്കിന്റെ നിഴലിലുള്ള ജസ്പ്രീത് ബുംറയ്ക്ക് എല്ലാ ടെസ്റ്റും കളിക്കാനായാല്‍ അത് ബൗളിങ്ങില്‍ ഇന്ത്യയ്ക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കും. സിറാജിന്റെ അക്രമോത്സുകതയും പ്രസിദ്ധ് കൃഷ്ണ, ആകാശദീപ്, ആര്‍ഷ്ദീപ് സിങ് എന്നിവരുടെ മിന്നല്‍വേഗവും എതിരാളികളെ വിറപ്പിക്കാന്‍ പോന്നതാണ്. പക്ഷേ, ഇംഗ്ലണ്ടില്‍ അവര്‍ക്ക് വേണ്ടത്ര പരിചയം ഇല്ലാത്തത് ആത്മവിശ്വാസം തരുന്ന കാര്യമല്ല. കുല്‍ദീപ് യാദവിന് ഇംഗ്ലണ്ടിലെ സാഹചര്യങ്ങള്‍ സമര്‍ത്ഥമായി ചൂഷണം ചെയ്യാന്‍ സാധിക്കേണ്ടതാണ്. രവീന്ദ്ര ജഡേജയുടെ സംഭാവനകളും നിര്‍ണായകമാകും.

പിന്‍തൊഴി: 2022 മെയ് മാസം ഐ.പി.എല്‍ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ ജേതാവാക്കിയ ഹാര്‍ദിക് പാണ്ഡ്യയെ തൊട്ടടുത്ത മാസമാണ് അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ദേശീയ ട്വെന്റി- 20 ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനാക്കിയത്. ഒരു വര്‍ഷം കഴിഞ്ഞു, കഷ്ടകാലമെത്തി, തൊടുന്നതെല്ലാം പിഴയ്ക്കാന്‍ തുടങ്ങി. സൂര്യകുമാര്‍ യാദവ് ക്യാപ്റ്റനായി. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സ് ടീമിന്റെ നായകനാണെങ്കിലും പാണ്ഡ്യ പഴയ പദവിയില്‍ ഉടനെയെങ്ങും തിരിച്ചെത്താനുള്ള സാധ്യത കാണുന്നില്ല. പാണ്ഡ്യയെപ്പോലെ ഗുജറാത്ത് ടൈറ്റന്‍സിനെ നയിച്ച പരിചയവുമായാണ് ഗില്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ അമരത്തു വരുന്നത്. ചരിത്രം ആവര്‍ത്തിക്കാതിരിക്കട്ടെ!

Content Highlights: Shubman Gill to Lead India successful England Test Series

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article