രോഹിതും കോലിയുമില്ലെങ്കിലും സംശയം വേണ്ട, ഇതാ പുതിയ ടീം ഇന്ത്യ! ആയിരം ചോദ്യങ്ങൾക്കു നടുവിൽ ആഘോഷമാക്കി ആദ്യ ദിനം

7 months ago 7

മനോരമ ലേഖകൻ

Published: June 21 , 2025 10:29 AM IST

1 minute Read

 X@BCCI
സെഞ്ചറി തികച്ചപ്പോൾ യശസ്വി ജയ്സ്വാളിന്റെ ആഹ്ലാദം. Photo: X@BCCI

ലീഡ്സ്∙ ആയിരം ചോദ്യങ്ങൾക്കു നടുവിലൂടെ ലീഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇറങ്ങിയ ശുഭ്മൻ ഗില്ലും സംഘവും ഒന്നാം ടെസ്റ്റിന്റെ ആദ്യ ദിനം തന്നെ ആഘോഷപൂർവം പ്രഖ്യാപിച്ചു; ഇതാ പുതിയ ടീം ഇന്ത്യ! രോഹിത് ശർമയുടെയും വിരാട് കോലിയുടെയും അഭാവത്തിൽ ഇംഗ്ലണ്ടിൽ കളിക്കാനിറങ്ങുന്ന ഇന്ത്യൻ ബാറ്റിങ് നിരയിൽ ആരാധകർ പോലും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാൽ യശസ്വി ജയ്സ്വാളിന്റെയും (101) ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെയും (127 നോട്ടൗട്ട്) സെഞ്ചറിക്കരുത്തിൽ ആഞ്ഞടിച്ച സന്ദർശകർ എല്ലാ സംശയങ്ങളും വിമർശനങ്ങളും കാറ്റിൽ പറത്തി. ഇരുവരുടെയും ഇന്നിങ്സിന്റെ ബലത്തിൽ ഒന്നാം ദിനം കളി നിർത്തുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ 359 റൺസ് നേടിയിട്ടുണ്ട്. 65 റൺസുമായി ഋഷഭ് പന്താണ് ഗില്ലിനൊപ്പം ക്രീസിൽ.

ഉറച്ച തുടക്കം

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ കെ.എൽ.രാഹുലും (42) ജയ്സ്വാളും ചേർന്നു നൽകിയത്. കരുതലോടെ തുടങ്ങിയ ഇരുവരും നിലയുറപ്പിച്ചതിനു പിന്നാലെ പതിയെ റൺ കണ്ടെത്താൻ തുടങ്ങി. രാഹുൽ തന്റെ സ്വതസിദ്ധമായ ക്ലാസിക്കൽ ഡ്രൈവുകളിലൂടെ കളം പിടിച്ചപ്പോൾ ഫ്ലിക് ഷോട്ടുകളും കട്ട് ഷോട്ടുകളുമായിരുന്നു ജയ്സ്വാളിനു പ്രിയം. ഇരുവരും അനായാസം റൺ കണ്ടെത്താൻ തുടങ്ങിയതോടെ 24 ഓവറിൽ സ്കോർ 90 കടന്നു. ഇതോടെ ആദ്യ സെഷൻ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ അവസാനിപ്പിക്കുമെന്നു തോന്നിച്ചെങ്കിലും അവസാന രണ്ട് ഓവറുകളിൽ കാര്യങ്ങൾ മാറിമറിഞ്ഞു. ബ്രൈഡൻ കാഴ്സ് എറിഞ്ഞ ഔട്ട് സ്വിങ്ങറി‍ൽ കവർ ഡ്രൈവിനു ശ്രമിച്ച രാഹുലിനെ സ്ലിപ്പിൽ ജോ റൂട്ട് പിടികൂടി. പിന്നാലെ, തന്റെ കന്നി ടെസ്റ്റ് മത്സരത്തിനിറങ്ങിയ സായ് സുദർശൻ (0) ലെഗ് സ്റ്റംപിനു പുറത്തുപോയ ബെൻ സ്റ്റോക്സിന്റെ പന്തിൽ ഫ്ലിക് ഷോട്ടിനു ശ്രമിച്ചു പുറത്തായി. ഇതോടെ 2ന് 92 എന്ന നിലയിലാണ് ഇന്ത്യ ആദ്യ സെഷൻ അവസാനിപ്പിച്ചത്.

ഗിൽ– ജയ്സ്വാൾ ഷോ

അടുപ്പിച്ച് രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടതിന്റെ യാതൊരു അങ്കലാപ്പുമില്ലാതെയാണ് രണ്ടാം സെഷനിൽ ഇന്ത്യ ഇറങ്ങിയത്. ടെസ്റ്റ് കരിയറിൽ ആദ്യമായി നാലാം നമ്പറിൽ ബാറ്റിങ്ങിന് ഇറങ്ങിയ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ തുടക്കം മുതൽ ആക്രമിച്ചു കളിച്ചു. ആദ്യ സെഷനിൽ 42 റൺസിൽ ബാറ്റിങ് അവസാനിപ്പിച്ച ജയ്സ്വാൾ അർധ സെ‍ഞ്ചറി തികയ്ക്കും മുൻപ് ഗില്ലിന്റെ സ്കോർ 30 കടന്നു. അർധ സെ‍ഞ്ചറിക്കു പിന്നാലെ ജയ്സ്വാളും സ്കോറിങ്ങിന് വേഗം കൂട്ടിയതോടെ ഇന്ത്യ കുതിച്ചു. രണ്ടാം സെഷനിൽ 25 ഓവറിൽ 4.83 റൺറേറ്റിൽ 123 റൺസാണ് ഇരുവരും ചേർന്നു നേടിയത്.  മൂന്നാം സെഷന്റെ തുടക്കത്തി‍ൽ തന്നെ ജയ്സ്വാളിനെ ക്ലീൻ ബോൾഡാക്കിയ ബെൻ സ്റ്റോക്സ് ആതിഥേയർക്ക് പ്രതീക്ഷ നൽകി. മൂന്നാം വിക്കറ്റിൽ 129 റൺസാണ് ഇരുവരും ചേർന്നു നേടിയത്. പിന്നാലെയെത്തിയ ഋഷഭ് പന്തും താളം കണ്ടെത്തിയതോടെ ഒന്നാം ദിനം ഇന്ത്യ ശക്തമായ നിലയിൽ അവസാനിപ്പിച്ചു.

അപകടത്തിൽ മരിച്ചവർക്ക് ആദരം

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവർക്ക് ആദരം അർപ്പിച്ച് ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾ. മത്സരത്തിനു മുൻപ് ഇരു ടീമിലെയും താരങ്ങൾ ഒരു നിമിഷം മൗനം ആചരിച്ചു. പിന്നാലെ കറുത്ത ആം ബാൻഡ് അണിഞ്ഞാണ് ഇരു ടീമംഗങ്ങളും ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്.

English Summary:

India vs England First Test Day Two Match Updates

Read Entire Article