Published: August 25, 2025 03:48 PM IST
1 minute Read
മുംബൈ∙ 2024 ഇന്ത്യൻ പ്രീമിയർ ലീഗിന്റെ സമയത്ത് ബാറ്റിനായി അഭ്യർഥിച്ചപ്പോൾ ആർസിബി താരം വിരാട് കോലി നൽകാതിരുന്നതിനെക്കുറിച്ചു പ്രതികരിച്ച് ഇന്ത്യൻ താരം റിങ്കു സിങ്. വിരാട് കോലി മുന്‍പ് സമ്മാനിച്ച ബാറ്റ് പൊട്ടിപ്പോയെന്ന് റിങ്കു സിങ് പറഞ്ഞപ്പോഴും താരത്തിനു മറ്റൊരു ബാറ്റു നൽകാൻ കോലി തയാറായിരുന്നില്ല. ഇരുവരുടേയും സംസാരത്തിന്റെ ദൃശ്യങ്ങൾ അന്ന് വൈറലായെങ്കിലും, സംഭവത്തെക്കുറിച്ച് റിങ്കു സിങ് പിന്നീട് പ്രതികരിച്ചിരുന്നില്ല.
വൈറലായ വിഡിയോ നല്ല രീതിയിലല്ല ആളുകൾ ഉൾക്കൊണ്ടതെന്ന് റിങ്കു സിങ് ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ‘‘ആ ബാറ്റ് എനിക്ക് കുറച്ചധികം കുപ്രസിദ്ധി നേടിത്തന്നു. ഞാൻ സാധാരണപോലെയാണ് അദ്ദേഹത്തിന്റെ അടുത്തുപോയതും ബാറ്റു ചോദിച്ചതും. എന്നാൽ അത് ശരിയായ രീതിയിലല്ല ഉൾക്കൊണ്ടത്. ക്യാമറാമാൻ എന്റെ പിന്നാലെ തന്നെയുണ്ടായിരുന്നു. അത് എനിക്കും വിരാട് ഭയ്യയ്ക്കും അത്ര നല്ല രീതിയിലല്ല അവസാനിച്ചത്. ബാറ്റു ചോദിക്കുന്ന ദൃശ്യങ്ങൾ വൈറലാകുകയും ചെയ്തു.’’
‘‘പിന്നീടു നടന്ന ഐപിഎലിൽ ഞാൻ വിരാട് ഭായിയുടെ അടുത്തേക്കു ബാറ്റു ചോദിക്കാൻ പോയിട്ടില്ല. ഞാൻ മഹി ഭായിയുടേയും രോഹിത് ഭായിയുടേയും ബാറ്റുകൾ ഇങ്ങനെ സ്വന്തമാക്കിയിട്ടുണ്ട്. എനിക്ക് ഇത് വളരെയേറെ മൂല്യമുള്ളതാണ്. കാരണം വലിയ താരങ്ങളാണു നമുക്കു ബാറ്റുകൾ സമ്മാനിക്കുന്നത്.’’– റിങ്കു സിങ് വ്യക്തമാക്കി. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിൽ അംഗമാണ് റിങ്കു സിങ്. ട്വന്റി20 ലോകകപ്പിനുള്ള ടീമിലുണ്ടായിരുന്നെങ്കിലും, സ്റ്റാൻഡ് ബൈ താരമായ റിങ്കുവിന് ഒരു മത്സരത്തിലും കളിക്കാൻ സാധിച്ചിരുന്നില്ല.
English Summary:








English (US) ·