03 March 2025, 11:04 AM IST

Rohit Sharma and Dr Shama Mohamed| Photo: Kamal Kishore/ PTI and facebook.com/shamamohd17
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്‌ക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് വക്താവ് ഡോ. ഷമ മുഹമ്മദ്. രോഹിത് ശര്‍മയെ അമിതവണ്ണമുള്ളയാള്‍ എന്ന് വിശേഷിപ്പിച്ച ഷമ, മികച്ച ക്യാപ്റ്റനല്ല അദ്ദേഹമെന്നും അഭിപ്രായപ്പെട്ടു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ന്യൂസിലന്‍ഡിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് 17 പന്തില്‍ 15 റണ്‍സിന് പുറത്തായതിന് പിന്നാലെയായിരുന്നു അവരുടെ പരാമര്‍ശം. ഷമയുടെ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയ്ക്ക് തിരികൊളുത്തി ബി.ജെ.പി. വക്താവ് ഷെഹ്‌സാദ് പൂനെവാല ഉള്‍പ്പെടെ പലരും പ്രതികരണവുമായെത്തി.
'ഒരു കായികതാരം എന്ന നിലയില്‍ രോഹിത് ശര്‍മ്മയ്ക്ക് വണ്ണം കൂടുതലാണ്. ശരീരഭാരം കുറയ്ക്കണം. തീർച്ചയായും ഇന്ത്യ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മതിപ്പുളവാക്കാത്ത ക്യാപ്റ്റൻ' - ഷമ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ കുറിച്ചു. പിന്നാലെ വിഷയത്തില്‍ വലിയ ചര്‍ച്ചയാണ് സമൂഹമാധ്യമങ്ങളില്‍ നടന്നത്. ഷമ മുഹമ്മദിനെ പിന്തുണച്ചും എതിര്‍ത്തും പലരും കമന്റുമായി എത്തി.

രോഹിത് മികച്ച ക്യാപ്റ്റനാണെന്ന് ചൂണ്ടിക്കാണിച്ച ചിലര്‍ വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. രോഹിത്തിന് ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലുമായി 72 ശതമാനം വിജയം അവകാശപ്പെടാനുള്ളപ്പോള്‍ രാഹുല്‍ ഗാന്ധിക്ക് 100 തിരഞ്ഞെടുപ്പുകളില്‍ ആറ് ശതമാനം മാത്രമേയുള്ളവെന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.
പിന്നാലെ പ്രതികരണവുമായി ബി.ജെ.പി വക്താവ് ഷെഹ്‌സാദ് പൂനെവാലയും രംഗത്തെത്തി. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 90 തിരഞ്ഞെടുപ്പുകളില്‍ തോറ്റവര്‍ക്ക് രോഹിതിനെ 'മതിപ്പുളവാക്കാത്ത ക്യാപ്റ്റൻ' എന്ന് വിളിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി പൂനെവാല കോണ്‍ഗ്രസിനെ പരിഹസിച്ചു. ക്യാപ്റ്റനെന്ന നിലയില്‍ രോഹിതിന് മികച്ച ട്രാക്ക് റെക്കോര്‍ഡുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നാൽ സംഭവം വിവാദമായതിന് പിന്നാലെ അവർ ട്വീറ്റ് ഡിലീറ്റ് ചെയ്തു.
Content Highlights: Congress Spokesperson Questions Rohit Sharma ’s Fitness And Captaincy, BJP Reacts








English (US) ·