22 August 2025, 08:23 AM IST

ശ്രേയസ്സ് അയ്യരും ഗൗതം ഗംഭീറും | PTI
മുംബൈ: ട്വന്റി-20 ഏഷ്യാകപ്പ് ക്രിക്കറ്റിനുള്ള ടീമിൽനിന്ന് ശ്രേയസ് അയ്യരെ ഒഴിവാക്കിയത് വിവാദങ്ങൾക്ക് വഴിവെച്ചതോടെ താരത്തെ ഏകദിന ടീമിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ദേശീയമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ആഭ്യന്തരക്രിക്കറ്റിൽ മിന്നുന്ന ഫോമിൽ കളിച്ചിട്ടും ടീമിൽ താരത്തിന് ഇടംനൽകാത്തത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
ഏകദിന ടീമിന്റെ ക്യാപ്റ്റൻസ്ഥാനസ്ഥാനത്തുനിന്ന് രോഹിത് ശർമയെ മാറ്റുമെന്നും പകരം ശുഭ്മാൻ ഗില്ലിനെ കൊണ്ടുവരുമെന്നുമാണ് നേരത്തേയുണ്ടായിരുന്ന വാർത്തകൾ. എന്നാൽ, പുതിയ വിവാദത്തിന്റെ പശ്ചാത്തലവും ഏകദിനത്തിലെ ശ്രേയസ് അയ്യരുടെ മികച്ച ട്രാക്ക് റെക്കോഡും പുതിയ നീക്കത്തിന് കാരണമാകുന്നുണ്ട്. ട്വന്റി-20 ടീമിൽ അയ്യരെ ഉൾപ്പെടുത്തിയില്ലെന്നുമാത്രമല്ല റിസർവ് പട്ടികയിൽനിന്നും ഒഴിവാക്കിയതാണ് വിവാദം കൊഴുപ്പിച്ചത്. മുൻതാരങ്ങളും ക്രിക്കറ്റ് പ്രേമികളുടെ ഇതിനെതിരേ രംഗത്തുവന്നു.
സാമൂഹികമാധ്യമങ്ങളിൽ സെലക്‌ഷൻ കമ്മിറ്റിക്കെതിരേ അതിരൂക്ഷവിമർശനമാണ് ഉയരുന്നത്. വിവാദവും വിമർശനങ്ങളും ശക്തമാകുന്നതിനിടയിലാണ് അയ്യരെ ഏകദിന ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നത്. ഏഷ്യാകപ്പ് ടീം സെലക്‌ഷനുശേഷം നടന്ന ബിസിസിഐ യോഗത്തിൽ ഏകദിനക്രിക്കറ്റ് ടീമിന്റെ ഭാവികാര്യങ്ങൾ ചർച്ചയായെന്നും ഇതിൽ പുതിയ ക്യാപ്റ്റനെ കുറിച്ചുള്ള ചർച്ച നടന്നെന്നുമാണ് ദേശീയമാധ്യമങ്ങൾ പുറത്തുവിട്ട വിവരം.
ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യ കിരീടം നേടിയപ്പോൾ അഞ്ച് കളിയിൽനിന്ന് 243 റൺസുമായി നിർണായക പങ്കുവഹിച്ച താരമാണ് ശ്രേയസ് അയ്യർ. 70 ഏകദിനമത്സരങ്ങളിൽനിന്ന് 2845 റൺസും നേടിയിട്ടുണ്ട്. കഴിഞ്ഞ ഐപിഎലിൽ പഞ്ചാബ് കിങ്‌സിനെ ഫൈനലിലേക്ക് നയിച്ച അയ്യർ 604 റൺസും നേടി. സയ്യിദ് മുഷ്താഖ് ട്രോഫിയിൽ 345 റൺസും താരം അടിച്ചെടുത്തിരുന്നു.
Content Highlights: Shreyas Iyer to regenerate Rohit Sharma arsenic Indias caller ODI skipper report








English (US) ·