07 May 2025, 10:11 PM IST

രോഹിത് ശർമ | Photo: AFP
ന്യൂഡല്‍ഹി: അടുത്ത മാസം നടക്കുന്ന ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കേയാണ് രോഹിത് ശർമ അപ്രതീക്ഷിതമായി വിരമിക്കൽ പ്രഖ്യാപിക്കുന്നത്. ഇംഗ്ലണ്ടിനെതിരേ പുതിയ നായകനെത്തുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അത് സാധൂകരിക്കുംവിധമാണ് രോഹിത്തിന്റെ വിരമിക്കൽ. രോഹിത് വിരമിച്ചതോടെ റെഡ്ബോൾ ക്രിക്കറ്റിൽ ഇന്ത്യക്ക് പുതിയ നായകനെ കണ്ടെത്തേണ്ടതുണ്ട്. യുവതാരം ശുഭ്മാന്‍ ഗിൽ ഇന്ത്യയുടെ ടെസ്റ്റ് നായകനേക്കുമെന്നാണ് റിപ്പോർട്ട്.
ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഒരു തലമുറ മാറ്റത്തിന് കൂടിയാണ് ബിസിസിഐ ഒരുങ്ങുന്നതെന്ന സൂചനകൾ നേരത്തേ തന്നെ പുറത്തുവന്നിരുന്നു. മുതിർന്ന താരങ്ങൾക്ക് പകരം യുവതാരങ്ങളെ ടീമിലെടുത്ത് അടിമുടി സ്ക്വാഡ് പുതുക്കിയെഴുതാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. അതിന്റെ തുടർച്ചയായാണ് ഗില്ലിന്റെ വരവ്. ഗിൽ ഇംഗണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നായകനായി വന്നേക്കും.നിലവില്‍ ഗില്‍ ഏകദിനത്തിലും ടി20 യിലും വൈസ് ക്യാപ്റ്റന്റെ ചുമതല വഹിക്കുന്നുണ്ട്. അടുത്തയാഴ്ചയാണ് ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നത്.
നേരത്തേ ടെസ്റ്റ് ക്യാപ്റ്റനാകാന്‍ ഒരു മുതിര്‍ന്ന താരം സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും മാനേജ്‌മെന്റ് നിരസിക്കുകയായിരുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ദീര്‍ഘകാലം ടെസ്റ്റ് ക്രിക്കറ്റിനെ നയിക്കാന്‍ സാധിക്കുന്ന കളിക്കാരനെയാണ് മാനേജ്‌മെന്റ് പരിഗണിക്കുന്നത്. നിലവിൽ എല്ലാ ഫോർമാറ്റിലും മികച്ച ഫോമിൽ കളിക്കുന്ന യുവതാരത്തിന് കൂടുതൽ സാധ്യത നൽകുന്നത്. ടെസ്റ്റില്‍ ബുംറയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് കൊണ്ടുവന്നെങ്കിലും താരത്തിന് നിരന്തരം ഏല്‍ക്കുന്ന പരിക്കാണ് തിരിച്ചടിയാകുന്നത്.
അടുത്തിടെ നടന്ന ടെസ്റ്റ് പരമ്പരകളിൽ ഇന്ത്യ തകർന്നടിഞ്ഞതോടെ തന്നെ രോഹിത്തിന്റെ നായകസ്ഥാനം ഭീഷണിയിലായിരുന്നു. ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും പിന്നാലെ ഓസ്‌ട്രേലിയക്കെതിരായ ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ പരമ്പര കൈവിട്ടതും ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാന്‍ സാധിക്കാതിരുന്നതുമാണ് രോഹിത്തിന് തിരിച്ചടിയായത്. എന്നാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി വിജയം ആശ്വാസം നൽകി. ടീമിനെ കിരീടത്തിലേക്കു നയിച്ചെങ്കിലും റെഡ് ബോൾ ഫോർമാറ്റിലുള്ള താരത്തിന്റെ പ്രകടനം അത്രമികച്ചതായിരുന്നില്ല. ഇംഗ്ലണ്ടിനെതിരേ ജൂണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ടീം പുതിയ നായകനുകീഴിലാണ് കളിക്കുകയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതിനിടെയാണ് അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം.
Content Highlights: rohit sharma status indias caller trial skipper gill reports








English (US) ·